മഞ്ചേരി ∙ മഞ്ചേരിയിൽ വൻ രാസലഹരി വേട്ട; വിപണിയിൽ 15 ലക്ഷം രൂപ വില വരുന്ന 356.5 ഗ്രാം എംഡിഎംഎയുമായി ആറുപേർ പിടിയിൽ. മഞ്ചേരി, മൊറയൂർ, പൂക്കോട്ടൂർ, മലപ്പുറം, കോഡൂർ, കോട്ടക്കൽ,ചട്ടിപ്പറമ്പ് എന്നീ ടൗണുകൾ കേന്ദ്രീകരിച്ച് സിന്തറ്റിക് ലഹരിവിൽപന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയുൾപ്പെടെ ആറുപേരെയാണ് മലപ്പുറം ഡാൻസാഫ് ടീമും മഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശിശിര ശശികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേർന്ന് പിടികൂടിയത്.
മലപ്പുറം കോഡൂർ സ്വദേശി കാട്ടുമുണ്ട വീട്ടിൽ മനോജ് (46), മൊറയൂർ സ്വദേശി മഞ്ചേരി പറമ്പൻ വീട്ടിൽ മുഹമ്മദ് സ്വാലിഹ് (38), വള്ളുവമ്പ്രം അറവങ്കര സ്വദേശി മന്നേതൊടി വീട്ടിൽ അബ്ദുറഹിമാൻ (44), 4) പൂക്കോട്ടൂർ സ്വദേശി പനമ്പുഴ വീട്ടിൽ നവാസ് (27) മലപ്പുറം ചെമ്മങ്കടവ് കോഡൂർ സ്വദേശി എറിയാട് വെള്ളങ്ങര വീട്ടിൽ ഇ.വി. നജീം (41), മലപ്പുറം കോഡൂർ ഒറ്റത്തറ സ്വദേശി പാറമ്മൽ വീട്ടിൽ ഫൈസൽ (33) എന്നിവരെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൂക്കോട്ടൂർ അറവങ്കരയിൽ സ്വകാര്യ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്.
പ്രതികളിൽ നിന്ന് എംഡിഎംഎ വിൽപ്പന നടത്തി ലഭിച്ച 15000 രൂപയും ലഹരിമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും എംഡിഎംഎ ചെറു പാക്കറ്റിൽ ആക്കുന്നതിനായി കൊണ്ടുവന്ന ചെറിയ സിപ് ലോക്ക് കവറുകളുടെ പാക്കറ്റും 6 ഗ്ലാസ് ഫ്യൂമുകളും ഗ്യാസ് ലൈറ്ററും പോലീസ് കണ്ടെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ മലപ്പുറം ഡിവൈഎസ്പി ബി. അനിൽ, നാർകോട്ടിക് സെൽ ഡിവൈഎസ്പി എൻ. സുനിൽകുമാർ, മഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ ടി.ജി. ദിലീപ് എന്നിവരും റെയ്ഡ് നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു.





