വഴിത്തിരിവായി ആ ഒറ്റ ഫോട്ടോ; പൊലീസിനെ വട്ടംകറക്കിയ ‘മാസ്റ്റർ പ്ലാൻ’: 3 വിദ്യാർഥികളും ടെന്റടിച്ച് കഴിഞ്ഞത് വന്യമൃഗങ്ങളിറങ്ങുന്ന മേഖലയിൽ

Spread the love

വടുവൻചാൽ ∙ താമരശ്ശേരിയിൽ നിന്നു ദുരൂഹ സാഹചര്യത്തിൽ കാണാതായ 15 വയസ്സുകാരി അടക്കമുള്ള 3 വിദ്യാർഥികളെയും കണ്ടെത്തി. നാടിനെയൊന്നാകെ മുൾമുനയിലാക്കിയ നാടകീയ രംഗങ്ങൾക്കു വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് വിരാമമായത്. താമരശ്ശേരിക്കു സമീപത്തെ പൊതു വിദ്യാലയത്തിൽ പ്ലസ്‌ടുവിന് പഠിക്കുന്ന ആൺകുട്ടിയെയും സുഹൃത്തായ പതിനഞ്ചുകാരനെയും എസ്എസ്എൽസി വിദ്യാർഥിനിയെയുമാണ് വ്യാഴാഴ്ച രാവിലെ മുതൽ കാണാതായത്. ഇവരിൽ 15 വയസ്സുകാരനെ വെള്ളിയാഴ്ച രാത്രി എട്ടോടെ നാട്ടുകാർ കണ്ടെത്തിയിരുന്നു. മറ്റുള്ളവരെ രാത്രി പതിനൊന്നരയോടെ വടുവൻചാലിന് സമീപം പാടിവയലിൽ വച്ച് നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിനെ ഏൽപിക്കുകയായിരുന്നു.

 

തുടക്കം ഇങ്ങനെ

വ്യാഴാഴ്ച രാവിലെ പതിവുപോലെ സ്കൂളിലേക്കെന്ന് പറഞ്ഞാണ് പത്താം ക്ലാസുകാരി വീട്ടിൽ നിന്നിറങ്ങിയത്. ക്ലാസ് തുടങ്ങിയിട്ടും കുട്ടിയെ കാണാതായതോടെ അധ്യാപിക വീട്ടിൽ വിളിച്ച് അന്വേഷിച്ചതോടെയാണു കുട്ടി സ്കൂളിൽ എത്തിയിട്ടില്ലെന്ന വിവരം വീട്ടുകാരും അറിയുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ സ്കൂളിന് സമീപത്തെ റബർ തോട്ടത്തിൽ നിന്നു പെൺകുട്ടിയുടെ യൂണിഫോം കണ്ടെത്തി. ഇതിനിടയിലാണ് അതേ സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ പതിനേഴുകാരനെയും അവന്റെ ഉറ്റസുഹൃത്തായ പ്ലസ് വൺ വിദ്യാർഥിയെയും കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്.

 

വഴിത്തിരിവായി ആ ഒറ്റ ഫോട്ടോ

സ്കൂളിന് സമീപത്തെ പറമ്പിൽ അസ്വാഭാവിക സാഹചര്യത്തിൽ 3 കുട്ടികളെ കണ്ട റബർ ടാപ്പിങ് തൊഴിലാളിക്ക് തോന്നിയ സംശയമാണ് അന്വേഷണത്തിൽ നിർണായകമായത്. അദ്ദേഹം പകർത്തിയ ഇവരുടെ ചിത്രം സ്കൂൾ അധികൃതർക്ക് കൈമാറിയതോടെയാണ് മൂവരും ഒന്നിച്ചാണ് പോയതെന്ന് സ്ഥിരീകരിച്ചത്. 17 വയസ്സുകാരനും 15 വയസ്സുകാരിയും ഒരു ബൈക്കിലും സുഹൃത്ത് മറ്റൊരു സ്കൂട്ടറിലുമായാണ് യാത്രതിരിച്ചത്. ഹെൽമറ്റ് ധരിക്കാതെ സഞ്ചരിച്ചതിന് ട്രാഫിക് ക്യാമറയിൽ വൈത്തിരി ഭാഗത്തുവച്ച് പതിഞ്ഞ ഇവരുടെ ദൃശ്യവും പിഴ ചെലാനും ഇവർ വയനാട്ടിലേക്കാണ് പോയതെന്ന് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വടുവൻചാൽ ഭാഗത്താണ് ഇവരുള്ളതെന്ന് സൂചന ലഭിച്ചത്.

 

പൊലീസിനെ വട്ടംകറക്കിയ ‘മാസ്റ്റർ പ്ലാൻ’

യാത്രയ്ക്ക് പണം കണ്ടെത്താനായി കൂട്ടത്തിൽ ഒരാളുടെ 18,000 രൂപ വിലവരുന്ന സ്മാർട് ഫോൺ താമരശ്ശേരിയിലെ ഒരു കടയിൽ 10,000 രൂപയ്ക്ക് വിറ്റു. മറ്റു 2 സ്മാർട് ഫോണുകളും സ്വിച്ച് ഓഫ് ചെയ്തു. കാട്ടിൽ തമ്പടിക്കാനായി ടാർപോളിൻ അടക്കമുള്ളവയും ഭക്ഷ്യസാധനങ്ങളും കരുതിയിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെ ചിത്രഗിരിയിലെ സ്വകാര്യ എസ്റ്റേറ്റിലെത്തിയ മൂവരും സ്ഥലത്ത് ചെറിയ ഷെഡ് നിർമിച്ച് കിടന്നുറങ്ങി. ഇതിനിടയിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ്, വനംവകുപ്പ്, നാട്ടുകാർ എന്നിവർ ചേർന്ന് ഇവർക്കായി തിരച്ചിൽ ഉൗർജിതമാക്കിരുന്നു. തിരച്ചിലിനിടെ വെള്ളിയാഴ്ച വൈകിട്ടോടെയാണു ഇവരെ ചിത്രഗിരിയിലെ എസ്റ്റേറ്റിൽ നിന്നു കണ്ടെത്തുന്നത്.

 

നാട്ടുകാരെ കണ്ടു മൂവരും കടന്നുകളയാൻ ശ്രമിച്ചെങ്കിലും 15 വയസ്സുകാരനെ നാട്ടുകാർ പിടികൂടി തടഞ്ഞുവച്ചു. ഇതിനിടയിൽ മറ്റു 2 പേരും സ്കൂട്ടറിൽ കടന്നുകളയുകയായിരുന്നു. വന്യമൃഗശല്യം രൂക്ഷമായ മേഖലയായതിനാൽ ആശങ്ക വർധിപ്പിച്ചു. കുട്ടികൾക്കായി നാടെങ്ങും തിരച്ചിൽ ശക്തമാക്കിയിരുന്നു. ഇതിനിടെ, രാത്രി പതിനൊന്നോടെ ഇരുവരും മേപ്പാടി–വടുവൻചാൽ റോഡിലെ പാടിവയലിലൂടെ സഞ്ചരിക്കുന്നതായി നാട്ടുകാർ കണ്ടു. തുടർന്ന് നാട്ടുകാർ ഇവരെ വാഹനങ്ങളിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

 

കൗൺസലിങ്ങിനു ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടു

3 വിദ്യാർഥികളെയും പൊലീസ് ഇന്നലെ കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ ഹാജരാക്കി. സിഡബ്ല്യുസി കൗൺസലിങ്ങിനു ശേഷം ഇവരെ പിന്നീട് രക്ഷിതാക്കളുടെ കൂടെ വിട്ടു.

  • Related Posts

    സ്വര്‍ണവില കുതിപ്പ് തുടരുന്നു; രണ്ടുദിവസത്തിനിടെ 2200 രൂപയുടെ വര്‍ധന

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1040 രൂപയാണ് വര്‍ധിച്ചത്. 1,14,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 1,160 രൂപയാണ് കൂടിയത്. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 14,285…

    8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: 8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്. മിനിമം മാര്‍ക്ക് ഒഴിവാക്കിയതോടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന പഠന പിന്തുണാ ക്ലാസുകളും ഇല്ലാതാകും.   വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനായി എല്‍ഡിഎഫ് സര്‍ക്കാരാണ്…

    Leave a Reply

    Your email address will not be published. Required fields are marked *