തലയോട്ടിയില്‍ ദ്വാരവുമായി ജനിച്ച ശിശുവിന് പുനര്‍ജന്മം! അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയ വിജയം

Spread the love

മലപ്പുറം: മരണത്തിന്റെ നിഴല്‍ വീണ ആദ്യ നാളുകളെ അതിജീവിച്ച് മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് ജീവിതത്തിലേക്ക് തിരികെ പിച്ചവെച്ചു. തലയോട്ടിയിലെ അതീവ സങ്കീര്‍ണ്ണവും അപൂര്‍വവുമായ വൈകല്യത്തോടെ ജനിച്ച മുക്കം സ്വദേശികളായ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞിനാണ് അരീക്കോട് ആസ്റ്റര്‍ മിംസ് മദര്‍ ഹോസ്പിറ്റലിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ നല്‍കിയത്. ലോകത്താകെ ഇതുവരെ അഞ്ഞൂറോളം പേരില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള അപ്ലാസിയ ക്യൂട്ടിസ് കണ്‍ജനീറ്റ എന്ന അതീവ അപൂര്‍വ രോഗാവസ്ഥയായ മസ്തിഷ്‌കാവരണം പുറത്തുകാണുന്ന നിലയിലായിരുന്നു കുഞ്ഞ് ജനിച്ചത്.തലയില്‍ 7×4 സെന്റീമീറ്റര്‍ വലുപ്പമുള്ള ദ്വാരത്തിലൂടെ തലച്ചോറിലെ സുപ്രധാന ഭാഗമായ ഡ്യൂറ മാറ്റര്‍ പുറത്തുകാണുന്ന നിലയിലായിരുന്നു കുഞ്ഞിന്റെ ജനനം.

 

ചെറിയൊരു പരിക്കോ അണുബാധയോ പോലും ജീവന് ഉടനടി ഭീഷണിയായേക്കാവുന്ന ഈ സാഹചര്യത്തിലാണ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അത്യപൂര്‍വമായ ഒരു ജീവന്‍രക്ഷാ ദൗത്യത്തിനായി കൈകോര്‍ത്തത്. ഏര്‍ലി ലെഫ്റ്റ് ടെമ്പറല്‍ റൊട്ടേഷണല്‍ സ്‌കാല്‍പ് ഫ്‌ലാപ്പ് റീകണ്‍സ്ട്രക്ഷന്‍ എന്ന അതിനൂതന ശസ്ത്രക്രിയയിലൂടെയാണ് ന്യൂറോ സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, നിയോനറ്റോളജി, അനസ്‌തേഷ്യോളജി എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘം കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് നടത്തിയത്. കുട്ടിയുടെ തലച്ചോറിന് യാതൊരുവിധ ആഘാതവും സംഭവിക്കാതെ ഡ്യൂറ മാറ്റര്‍ സംരക്ഷിച്ചെടുക്കുക എന്ന ദുഷ്‌കരമായ ദൗത്യം ന്യൂറോ സര്‍ജറി വിഭാഗം വിജയകരമായി പൂര്‍ത്തിയാക്കി. തുടര്‍ന്ന് കുഞ്ഞിന്റെ തലയിലെ ചര്‍മ്മം തന്നെ ഉപയോഗിച്ച് വിടവ് നികത്തുന്ന ഫ്‌ലാപ്പ് റീകണ്‍സ്ട്രക്ഷന്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം നിര്‍വ്വഹിച്ചു. പരസ്പരമുള്ള മികച്ച ഏകോപനമാണ് ഈ ജീവന്‍രക്ഷാ ദൗത്യത്തിന് കരുത്തായതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ന്യൂറോ സര്‍ജന്‍ ഡോ. എം. ഷെയ്ഖ് മുഹമ്മദ് സമീര്‍ ഖാന്‍, പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. ജിന്റോ, നിയോനറ്റോളജിസ്റ്റുകളായ ഡോ. സുമയ്യ അബ്ദുള്ള, ഡോ. മുഹമ്മദ് അജ്മല്‍ എന്നിവര്‍ പറഞ്ഞു. കൂടാതെ അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. മുഹമ്മദ് ഷഹീനോടൊപ്പം ഡോ. റനീന, ഡോ. സബ്‌ല റഷീദ്.പി, ഡോ. ആതിര രാജു തുടങ്ങിയവര്‍ ശസ്ത്രക്രിയയില്‍ പങ്കാളിയായി.

 

ഒരു നവജാതശിശുവിന് അനസ്‌തേഷ്യ നല്‍കുക എന്നത് അതീവ അപകടസാധ്യതയുള്ള കാര്യമായിരുന്നിട്ടും കൃത്യമായ ആസൂത്രണത്തിലൂടെയും അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുമാണ് കുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കിയതെന്ന് നിയോനറ്റോളജി വിഭാഗം മേധാവി ഡോ. സുമയ്യ അബ്ദുള്ള വ്യക്തമാക്കി. മൂന്ന് കിലോഗ്രാം മാത്രം ഭാരമുള്ള കുഞ്ഞിന്റെ അവയവങ്ങളുടെ ഘടനയും പ്രതിരോധശേഷിയും പൂര്‍ണ്ണ വളര്‍ച്ചയെത്താത്തതിനാല്‍ ശസ്ത്രക്രിയ സമയത്ത് അനസ്‌തേഷ്യ നല്‍കുമ്പോള്‍ മരുന്നുകളുടെ അളവ് കൃത്യതയോടെ നല്‍കുക എന്നത് അനസ്‌തേഷ്യ വിഭാഗത്തിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു.

 

ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന്റെ പരിചരണത്തിലായിരുന്ന മാതാവിന് അപൂര്‍വ വൈകല്യത്തോടെ ജനിച്ച കുഞ്ഞിന് മെഡിക്കല്‍ സംഘം അടിയന്തരമായി വിദഗ്ദ്ധ പരിചരണം ഉറപ്പാക്കുകയായിരുന്നു. നഗരങ്ങളില്‍ മാത്രം ലഭ്യമാകുന്ന അത്യാധുനിക തീവ്രപരിചരണ സൗകര്യങ്ങള്‍ ഗ്രാമീണ മേഘലയിലെ ജനങ്ങള്‍ക്ക് നല്‍കാനായത് ആശുപത്രിയുടെ വലിയൊരു നേട്ടമാണ്. ഡോക്ടര്‍മാരുടെ പ്രാവീണ്യവും പരിചയസമ്പത്തും ആത്മാര്‍ഥതയും ഒന്നിച്ചപ്പോള്‍ ഒരു പിഞ്ചുകുഞ്ഞിന്റെ ജീവനാണ് രക്ഷിക്കാന്‍ സാധിച്ചതെന്ന് ആസ്റ്റര്‍ മിംസ് അസിസ്റ്റന്റ് ചീഫ് മെഡിക്കല്‍ സെര്‍വീസസ് ഡോ. നിഹ്മത്തുള്ള അഭിപ്രായപ്പെട്ടു. അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത കുഞ്ഞ് ആശുപത്രിയില്‍ നിന്ന് പത്താം നാള്‍ മാതാപിതാക്കളോടൊപ്പം വീട്ടിലേക്ക് പോയതായി അരീക്കോട് ആസ്റ്റര്‍ മിംസ് സി.ഓ.ഓ. റോബിന്‍ സി.വി, അസിസ്റ്റന്റ് സി.എം.എസ് ഡോ. നിഹ്മത്തുള്ള, ന്യൂറോ സര്‍ജന്‍ ഡോ. എം. ഷെയ്ഖ് മുഹമ്മദ് സമീര്‍ ഖാന്‍, നിയനാറ്റോളജിസ്‌റ് ഡോ. ഡോ. സുമയ്യ അബ്ദുള്ള, ഡോ. മുഹമ്മദ് അജ്മല്‍, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. മുഹമ്മദ് ഷഹീന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

  • Related Posts

    ‘മദ്യത്തിന്റെ ഉറവിടം കണ്ടെത്തണം’; ആന്റോ അഗസ്റ്റിന്‍ എക്‌സൈസ് കസ്റ്റഡിയില്‍, നാളെ ഉച്ചവരെ ചോദ്യം ചെയ്യും

    Spread the love

    Spread the loveകല്‍പ്പറ്റ: അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു. വീട്ടില്‍ മദ്യശേഖരം കണ്ടെത്തിയ കേസില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ നാളെ ഉച്ചയ്ക്ക് 12 മണി വരെയുള്ള 24 മണിക്കൂര്‍ നേരം…

    സ്വര്‍ണവില കുതിപ്പ് തുടരുന്നു; രണ്ടുദിവസത്തിനിടെ 2200 രൂപയുടെ വര്‍ധന

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1040 രൂപയാണ് വര്‍ധിച്ചത്. 1,14,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 1,160 രൂപയാണ് കൂടിയത്. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 14,285…

    Leave a Reply

    Your email address will not be published. Required fields are marked *