തിരുവനന്തപുരം ∙ സ്വകാര്യ സ്‌കൂളിൽ കായികാധ്യാപകനായി ജോലി ചെയ്യുന്നതിനിടെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള എസ്എഫ്ഐ നേതാവിന്റെ ശ്രമം കേരള സർവകലാശാല തടഞ്ഞു. എസ്എഫ്ഐ നേതാവ് അൽ അമീന്റെ പ്രവേശനം റദ്ദാക്കാൻ വിസി മോഹനൻ കുന്നുമ്മൽ അധ്യക്ഷനായ അഡ്‌മിഷൻ മോണിറ്ററിങ് കമ്മിറ്റി കായംകുളം എംഎസ്‌എം കോളജ് പ്രിൻസിപ്പലിനു നിർദേശം നൽകി. 18നു നടക്കുന്ന കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനാർഥിയായി മത്സരിക്കാനാണ് അൽ അമീൻ പത്രിക നൽകിയത്.
സ്വകാര്യ സ്കൂളിൽ പൂർണസമയ കായികാധ്യാപകനായി പ്രവർത്തിക്കുന്ന കാര്യം മറച്ചുവച്ചാണ് സ്‌പോർട്സ് ക്വോട്ടയിൽ ഇയാൾ കോളജിൽ പ്രവേശനം തരപ്പെടുത്തിയത്. പ്രവേശനം നേടിയതിനുശേഷവും കായംകുളം എസ്എൻ ഇന്റർനാഷനൽ മോഡൽ സ്‌കൂളിലെ മുഴുവൻ സമയ കായികാധ്യാപകനായി ഇദ്ദേഹം തുടരുകയായിരുന്നു. ഇതു സംബന്ധിച്ച കത്ത് പ്രിൻസിപ്പൽ സർവകലാശാലയ്ക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണു പുറത്താക്കാനുള്ള നടപടി സ്വീകരിക്കാൻ വിസി ഉത്തരവിട്ടത്.
കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്, സുപ്രീംകോടതി അംഗീകരിച്ച ലിങ്ദോ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം 75% ഹാജർ നിർബന്ധമാണ്. അധ്യാപകനായ ഇദ്ദേഹത്തിന് എങ്ങനെ നിശ്ചിത ഹാജർ ലഭിച്ചുവെന്നു വ്യക്തമല്ല. ബികോം പാസായതായി റായ്‌പുർ കലിംഗ സർവകലാശാലയുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി എംഎസ്‌എം കോളജിൽ മുൻപ് എസ്എഫ്ഐ നേതാവ് എംകോം പ്രവേശനം നേടിയത് വിവാദമായിരുന്നു.





