എന്തുകൊണ്ട് ഗേൾസ് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ ഒളിച്ചോടുന്നു?

Spread the love

തലശ്ശേരി ∙ എരഞ്ഞോളിയിലെ ഗേൾസ് ചിൽഡ്രൻസ് ഹോമിൽനിന്നു കുട്ടികളെ കാണാതാകുന്നതു പതിവാകുന്നു. കഴിഞ്ഞദിവസം പുലർച്ചെ കാണാതായ 4 കുട്ടികളെ എറണാകുളത്തുനിന്നു കണ്ടെത്തിയെങ്കിലും സംഭവങ്ങൾ അടിക്കടി ആവർത്തിക്കുന്നതു നടത്തിപ്പിന്റെ പാളിച്ചയായി ചൂണ്ടിക്കാണിക്കുന്നു. വീടുവിട്ടിറങ്ങുന്ന പെൺകുട്ടികൾ, ജോലിസ്ഥലത്തുനിന്നു രക്ഷപ്പെട്ട് അലയുന്നവർ, മാതാപിതാക്കളോ ബന്ധുക്കളോ സംരക്ഷിക്കാനില്ലാത്ത പെൺകുട്ടികൾ എന്നിവരെ 18 വയസ്സുവരെ സംരക്ഷിക്കുന്ന സർക്കാർ സ്ഥാപനമാണു തലശ്ശേരി എരഞ്ഞോളിപ്പാലത്തിനടുത്തുള്ള ഗവ.ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ്. ഇത്തരത്തിലുള്ള ജില്ലയിലെ ഏക സ്ഥാപനമാണിത്. 2016ൽ തുടങ്ങിയ സ്ഥാപനത്തിൽ 25 കുട്ടികളാണുള്ളത്. ജില്ലാ ശിശുവികസന സമിതി ഓഫിസിനു കീഴിലാണു പ്രവർ‍ത്തനം.

 

വീട്ടിൽ സംരക്ഷണമില്ലാത്തവർ, ബാലവേലയിൽനിന്നു രക്ഷപ്പെടുന്നവർ, മാതാപിതാക്കളില്ലാത്തവർ, വീട്ടിൽ സുരക്ഷിതത്വമില്ലാത്തവർ, മേൽവിലാസമോ മറ്റുകാര്യങ്ങളോ ഇല്ലാത്തവർ എന്നിങ്ങനെയുള്ള പെൺകുട്ടികളാണു കേന്ദ്രത്തിലെത്തുന്നത്. നിരാലംബരായ കുട്ടികളെ ശ്രദ്ധയിൽപെട്ടാൽ പൊലീസ്, പഞ്ചായത്തംഗങ്ങൾ, ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നിങ്ങനെയുള്ള സംഘടനകളോ ആളുകളോ ആണ് ഇത്തരത്തിലുള്ള കുട്ടികളെ കേന്ദ്രത്തിലെത്തിക്കുന്നത്.

 

വീട്ടിലെ അന്തരീക്ഷം മോശമായ സാഹചര്യത്തിലാണു കുട്ടികൾ അധികവും വീടുവിട്ടിറങ്ങുന്നത്. പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടിവരുമ്പോൾ കുട്ടികൾ വീടുവിട്ടിറങ്ങി എവിടെയെങ്കിലുമെത്തും. അത്തരം സാഹചര്യത്തിൽ കാണുന്നവരെ പൊലീസ്, ശിശുക്ഷേമ സമിതി അംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ എന്നിവർ ഉത്തരവാദപ്പെട്ടവരുമായി ബന്ധപ്പെട്ട് ഈ കേന്ദ്രത്തിലെത്തിക്കുന്നു.

 

ഇങ്ങനെ എത്തിപ്പെടുന്ന കുട്ടികൾക്കു ചിൽഡ്രൻസ് ഹോം അധികൃതർ മതിയായ കാര്യങ്ങൾചെയ്തു കൊടുക്കുന്നുണ്ട്. ഈ കേന്ദ്രത്തിൽനിന്നു സമീപത്തുള്ള വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുണ്ട്. അവർക്കു സ്കൂളിൽ പോകാൻ വാഹനസൗകര്യങ്ങളും ഏർപ്പാടാക്കിയിട്ടുണ്ട്. പ്ലസ്ടു പഠിക്കുന്ന കുട്ടികൾക്കു വാഹനസൗകര്യമില്ല. മുതിർന്നവരായതിനാൽ അവർ സ്വകാര്യ ബസിൽ സ്കൂളിലേക്കു പോകും.

 

രാവിലെ 5.30ന് ഇവിടെയുള്ള കുട്ടികളുടെ ദിനം ആരംഭിക്കും. പ്രാർഥന, യോഗ, കൗൺസലിങ്, വിനോദത്തിനും വിജ്ഞാനത്തിനും മാനസിക ഉല്ലാസത്തിനും ഉതകുന്ന കാര്യങ്ങൾ, നല്ല ഭക്ഷണം എന്നിവയെല്ലാം ചിൽഡ്രൻ ഹോമിൽ നൽ‍കുന്നുണ്ട്. ചുരുക്കത്തിൽ അനാഥത്വമൊഴികെ കുട്ടികൾക്ക് ഒന്നിനും ഒരു ബുദ്ധിമുട്ടില്ലെന്നു പറയാം. ചിൽഡ്രൻ ഹോമിൽ 4 സ്ഥിരം വനിതാ ജീവനക്കാരും കരാർ അടിസ്ഥാനത്തിലുള്ള ഒരു കെയർടേക്കറുമടക്കം 5 പേരുണ്ട്. ഇതിൽ‍ മുഴുവൻ സമയ വാച്ച്‌വിമനുമുണ്ട്.

 

18 വയസ്സുവരെയാണ് ഇവിടെ താമസിപ്പിക്കുന്നത്. അതിനിടെ കുട്ടികളുടെ ബന്ധുക്കൾ വന്നെങ്കിൽ മതിയായ രേഖകളുടെ അടിസ്ഥാനത്തിൽ വിട്ടുകൊടുക്കും. അങ്ങനെ ഇതരസംസ്ഥാനത്തുള്ള കുട്ടിയെ തേടി മാതാപിതാക്കൾ വരികയും കൊണ്ടുപോയ സംഭവങ്ങളുമുണ്ട്. 18 കഴിഞ്ഞാൽ കുട്ടികളെ കോഴിക്കോടുള്ള ആഫ്റ്റർ കെയർഹോമിൽ പ്രവേശിപ്പിക്കുകയാണു പതിവ്.

 

പ്രത്യക്ഷത്തിൽ ഒരുബുദ്ധിമുട്ടും കുട്ടികൾ അനുഭവിക്കുന്നില്ലെങ്കിലും ഇവിടെനിന്നു ‘രക്ഷപ്പെട്ടു’ ചാടിപ്പോകുന്നവരുമുണ്ട്. ഇത്തരത്തിൽ ചാടിപ്പോയ കുട്ടികൾ തിരികെയെത്തിയ സംഭവവുമുണ്ട്. മറ്റു കുട്ടികളെപ്പോലെയുള്ള അവസ്ഥയില്ലാത്തതും ‘സ്വാതന്ത്ര്യമില്ലായ്മ’യുമായിരിക്കാം കുട്ടികൾ ഇവിടെനിന്നു ചാടിപ്പോകാൻ കാരണമെന്നു പൊലീസ് പറയുന്നു.

 

കാണാതായ 4 കുട്ടികളെ എറണാകുളത്തു കണ്ടെത്തി

തലശ്ശേരി ∙ എരഞ്ഞോളിയിലെ ഗേൾസ് ചിൽഡ്രൻസ് ഹോമിൽനിന്നു കാണാതായ 4 കുട്ടികളെ എറണാകുളത്തു കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇവരെ വൈകിട്ട് എറണാകുളത്തെ മാളിൽനിന്നു കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ 1.30ന് ആണ് ഇവരെ കാണാതായതെന്ന് ഹോം സൂപ്രണ്ട് ഉഷ തലശ്ശേരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സ്റ്റാഫിന്റെ താക്കോൽ കൈവശപ്പെടുത്തി ഗ്രിൽസ് തുറന്നു പുറത്തേക്കുപോവുകയായിരുന്നു. തലേന്നുരാത്രി 12.30 വരെ എല്ലാവരുമുണ്ടായിരുന്നെന്നും വെളുപ്പിനെ കുട്ടികളെ ഉണർത്താൻ വിളിച്ചപ്പോഴാണ് 4പേർ പോയതറിഞ്ഞതെന്നും അധികൃതർ പറഞ്ഞു.

 

പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ 1.30നു ഗേറ്റ് തുറന്നു കുട്ടികൾ പോകുന്നതുകണ്ടു. സംഘത്തിലെ ഒരാളെ ഇതിനുമുൻപു രണ്ടുതവണ കാണാതായിരുന്നു. ഒരാൾ രണ്ടുദിവസം മുൻപാണ് ഇവിടെയെത്തിയത്.

  • Related Posts

    കുട്ടിസഖാവായി ‘മാഷ് ’! അധ്യാപകനാണെന്ന കാര്യം മറച്ചുവച്ചു; കോളജ് പ്രവേശനം നേടി എസ്എഫ്ഐ നേതാവ്

    Spread the love

    Spread the loveതിരുവനന്തപുരം ∙ സ്വകാര്യ സ്‌കൂളിൽ കായികാധ്യാപകനായി ജോലി ചെയ്യുന്നതിനിടെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള എസ്എഫ്ഐ നേതാവിന്റെ ശ്രമം കേരള സർവകലാശാല തടഞ്ഞു. എസ്എഫ്ഐ നേതാവ് അൽ അമീന്റെ പ്രവേശനം റദ്ദാക്കാൻ വിസി മോഹനൻ കുന്നുമ്മൽ അധ്യക്ഷനായ അഡ്‌മിഷൻ…

    അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ, പിടിച്ചെടുത്തത് 67 ലിറ്റർ മദ്യം

    Spread the love

    Spread the loveകൊച്ചി: വീട്ടിൽ നിന്ന് അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം റിപ്പോർട്ടർ ടി വി എം ഡി ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തു. മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ പൊലീസ് നടത്തിയ തിരച്ചലിൽ ആണ്…

    Leave a Reply

    Your email address will not be published. Required fields are marked *