കൊച്ചി ∙ ആലുവയിൽ ഇന്നലെ നടന്ന രാത്രികാല പരിശോധനയിൽ പതിനാറോളം കേസുകളിൽ ഉൾപ്പെട്ടയാളും, മാനിന്റെ കൊമ്പും എല്ലുകളും ആയി ഇതര സംസ്ഥാന തൊഴിലാളിയും പൊലീസ് പിടിയിൽ. ആലുവ റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് നടത്തറ വെള്ളറ അക്ഷയ് (21) നെ പോലീസ് കസ്റ്റഡിയിലെടുത്തത്. വധശ്രമ കേസുകൾ ഉൾപ്പെടെ പതിനാറോളം കേസുകളിലെ പ്രതിയാണ് ഇയാൾ. നരഹത്യാശ്രമം നടത്തിയ കേസിൽ ഒളിവിലായിരുന്നു അക്ഷയ്. ചോദ്യം ചെയ്യലിനുശേഷം ഒല്ലൂർ പോലീസിനു കൈമാറി.
റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ജാർഖണ്ഡ് സ്വദേശി ചോട്ടു കുമാറിൽ നിന്ന് മാനിന്റെ കൊമ്പുകളും എല്ലുകളും പിടികൂടിയത്. അതിരപ്പള്ളിയിൽ നിന്നാണ് ഇയാൾക്ക് ഇത് ലഭിച്ചതെന്ന് പൊലീസിനു മൊഴി നൽകി. ചോട്ടുകുമാറിനെ വനം വകുപ്പിനു കൈമാറി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനകത്ത് കഞ്ചാവ് വലിച്ചവരും പൊലീസിന്റെ പിടിയിലായി. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടവരെ വിശദമായി പോലീസ് ചോദ്യം ചെയ്തു.
മാർക്കറ്റ് പരിസരം, റെയിൽവേ സ്റ്റേഷൻ പരിസരം, ഇടവഴികൾ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, ഓവർ ബ്രിഡ്ജ്, മെട്രോ സ്റ്റേഷൻ, ബാങ്ക് ജംക്ഷൻ, പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നീ സ്ഥലങ്ങളിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടക്കുമെന്ന് ഡിവൈഎസ്പി ബൈജു പൗലോസ് പറഞ്ഞു.





