കൊച്ചി ∙ ഗൾഫിൽ നിന്നെത്തിയ സുഹൃത്ത് ഫോൺ എടുക്കാതിരുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. പിറവം കക്കാട് സ്വദേശി അരുൺ പ്രകാശിനാണ് (31) ഗുരുതരമായി പൊള്ളലേറ്റത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ അരുണിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അരുണിന്റെ സുഹൃത്തുക്കളായ ജിഷ്ണു, ചന്ദനു, സൽബറിൻ, ചാക്ക്നൂൽ എന്നറിയപ്പെടുന്ന മറ്റൊരു യുവാവ് എന്നിവർക്കെതിരെ പിറവം പൊലീസ് വധശ്രമത്തിനു കേസെടുത്തു.
ഇന്നു പുലർച്ചെ 12.15നും 1.30നും ഇടയിൽ പിറവം സ്നേഹഭവൻ റോഡിലെ കൊച്ചുപള്ളി ഗ്രൗണ്ടിനു സമീപമാണ് സംഭവമെന്ന് എഫ്ഐആറിൽ പറയുന്നു. മറ്റ് സുഹൃത്തുക്കളോട് സംസാരിച്ചുനിൽക്കുകയായിരുന്ന അരുണിനെ ജിഷ്ണു ഫോണിൽ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ കൈയിൽ കരുതിയിരുന്ന പ്ലാസ്റ്റിക് കുപ്പിയിലെ പെട്രോൾ ജിഷ്ണു അരുണിന്റെ ശരീരത്തിലേക്ക് ഒഴിക്കുകയും ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയുമായിരുന്നു. ആക്രമണത്തിനിടെ ജിഷ്ണുവിന്റെ കൈകൾക്കും പൊള്ളലേറ്റു. ഇയാൾ പൊലീസ് നിരീക്ഷണത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഗൾഫിൽ നിന്ന് അടുത്തിടെ എത്തിയ ജിഷ്ണു സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുന്നതിനിടെ അരുൺ തുടർച്ചയായി ഫോണിൽ വിളിച്ചിരുന്നു. ഫോൺ എടുക്കാതിരുന്നതിനെത്തുടർന്ന് അരുൺ വീണ്ടും വിളിച്ചപ്പോൾ ജിഷ്ണുവിന്റെ രണ്ടാനമ്മയാണ് ഫോൺ എടുത്തത്. എന്നാൽ ജിഷ്ണുവാണെന്ന് തെറ്റിദ്ധരിച്ച് അരുൺ ഫോണിലൂടെ തെറിവിളിച്ചു. ഇതാണ് പിന്നീട് പെട്രോളൊഴിച്ചുള്ള ആക്രമണത്തിൽ കലാശിച്ചത് എന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. സ്കൂട്ടറിൽ ഒഴിക്കാനാണെന്ന വ്യാജേനയാണ് ഇവർ പെട്രോൾ വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
നാലു പേരും അരുണുമായി വാക്കേറ്റം നടത്തുന്നതിനിടെ ജിഷ്ണു കയ്യിൽ കരുതിയിരുന്ന പ്ലാസ്റ്റിക് കുപ്പി തുറന്ന്, ‘നീ എന്റെ വീട്ടിലുള്ളവരെ ഫോൺ വിളിച്ച് തെറി പറയുമോടാ, നിന്നെ ഞാൻ ഇന്ന് കത്തിക്കുമെടാ’ എന്ന് അസഭ്യം ചേർത്ത് വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. അതിനുശേഷം കുപ്പിയിലുണ്ടായിരുന്ന പെട്രോൾ അരുണിന്റെ ശരീരത്തേക്ക് ഒഴിച്ചപ്പോൾ മറ്റു മൂന്നു പേരും ‘ആ അവനെ കത്തിച്ചു കൊല്ലെടാ, അവനെ വച്ചേക്കരുത്’ എന്നു പറഞ്ഞെന്നും എഫ്ഐആറിൽ പറയുന്നു. ഇതിനു പിന്നാലെ ജിഷ്ണു ലൈറ്റർ കത്തിച്ച് അരുണിന്റെ ശരീരത്തിലേക്ക് ഇടുകയായിരുന്നു. ഇതിനിടെയാണ് ജിഷ്ണുവിന്റെ കൈയ്ക്കും പൊള്ളലേറ്റത്.
അരുണും പ്രതികളും മുൻപും ലഹരിമരുന്ന് ഉപയോഗം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ പങ്കാളികളായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പ്രതികളിൽ ഒരാൾ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ള സ്ഥിരം കുറ്റവാളിയാണ്. നാലു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിഎൻഎസ് നിയമപ്രകാരം വധശ്രമം, ഗുരുതരമായി പരുക്കേൽപ്പിക്കൽ, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.





