കൊല്ലം∙ പത്താം ക്ലാസ് വിദ്യാർഥിയും ബന്ധുവായ യുവാവും ട്രെയിൻ തട്ടി മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ് നിഗമനം. ഇരുവരും അടുപ്പത്തിൽ ആയിരുന്നുവെന്നാണ് വിവരം. ആകോലിൽ തൊടിയഴികം വീട്ടിൽ സുനിൽകുമാർ–നിഷ ദമ്പതികളുടെ മകൾ വിസ്മയ (15), നെടുമ്പന പള്ളിമണ്‍ തട്ടാരഴികം വീട്ടിൽ അനിൽകുമാറിന്റെയും പരേതയായ സുനിതയുടെയും മകൻ അഭിലാഷ് (21) എന്നിവരാണ് മരിച്ചത്. മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ് വിസ്മയ.
ഇന്നലെ രാവിലെ മാതാപിതാക്കൾ ജോലിക്കു പോയതിനു പിന്നാലെയാണ് വിസ്മയ സ്കൂളിലേക്കെന്ന പേരിൽ വീട്ടിൽ നിന്നും ഇറങ്ങിയത്. യൂണിഫോം ഒഴിവാക്കി സാധാരണ വേഷമാണ് ധരിച്ചത്. വിദ്യാർഥികളുടെ മാതാപിതാക്കളും അധ്യാപകരും ഉൾപ്പെടുന്ന സ്കൂൾ വാട്സാപ് ഗ്രൂപ്പ് പരിശോധിച്ചപ്പോൾ വിസ്മയ സ്കൂളിൽ എത്തിയിട്ടില്ലെന്ന് അധികൃതർക്കു മനസ്സിലായി. ഗ്രൂപ്പിൽ നിന്നും വിസ്മയയുടെ അമ്മയുടെ ഫോൺ നമ്പർ ‘എക്സിറ്റ്’ അടിച്ചിരിക്കുന്നതായി കണ്ടു. തുടർന്ന് സംശയം തോന്നി മാതാപിതാക്കളെ വിളിച്ചു വരുത്തുകയായിരുന്നു. ഗ്രൂപ്പിൽ നിന്നും എക്സിറ്റ് ആക്കിയ വിവരം അധ്യാപകർ പറഞ്ഞപ്പോഴാണ് രക്ഷിതാക്കൾ അറിയുന്നത്. രാവിലെ അമ്മ ജോലിക്കു പോകുന്നതിനു മുൻപ് വിസ്മയ തന്നെ ഗ്രൂപ്പിൽ നിന്നും ആ നമ്പർ ഒഴിവാക്കിയത് ആയിരിക്കാമെന്നാണ് നിഗമനം.
പെൺകുട്ടിയെ കാണാതായതോടെ സ്കൂൾ അധികൃതരും മാതാപിതാക്കളും ചേർന്ന് ഇരവിപുരം പൊലീസിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെയാണ് അടുത്ത ബന്ധുവായ അഭിലാഷിനെയും കാണാനില്ലെന്നറിയുന്നത്. പഠന ശേഷം കാറ്ററിങ്ങിനും മറ്റു ജോലികൾക്കും പോകുന്ന ഇയാൾ മുത്തശ്ശിക്കും മുത്തശ്ശനുമൊപ്പം പള്ളിമണ്ണിലാണ് താമസം. അനിൽ കുമാറും ഭാര്യയും ഇരവിപുരത്തും. മാതാപിതാക്കളെ കാണാൻ അഭിലാഷ് ഇരവിപുരത്ത് എത്തുന്നത് പതിവായിരുന്നു. അങ്ങനെയാണ് സമീപത്ത് താമസിക്കുന്ന ബന്ധുവായ വിസ്മയയുമായി അടുപ്പത്തിലാകുന്നത്.
വെള്ളിയാഴ്ച സ്കൂളിലേക്കെന്നു പറഞ്ഞിറങ്ങിയ വിസ്മയ അഭിലാഷിനൊപ്പമാണ് അങ്കമാലിയിൽ എത്തിയതെന്നാണു വിവരം. ഇരുവരുടെയും കൈവശം മൊബൈൽ ഫോൺ ഇല്ലായിരുന്നു. കാണാതായെന്ന പരാതി ലഭിച്ചതിനു പിന്നാലെ ഇരുവർക്കുമായി ഇരവിപുരം പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഇന്ന് പുലർച്ചെയാണ് അങ്കമാലിക്കു സമീപമുള്ള റെയിൽവേ ട്രാക്കിൽ വിസ്മയയുടെയും അഭിലാഷിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. അഭിലാഷിന്റെ വസ്ത്രത്തിന്റെ കീശയിൽ നിന്നും ലഭിച്ച തിരിച്ചറിയൽ രേഖയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അങ്കമാലി പൊലീസ് ഇരവിപുരം പൊലീസിനെ ബന്ധപ്പെടുകയായിരുന്നു.




