തിരുവനന്തപുരം∙ രാജ്യാന്തര ലഹരിക്കടത്ത് കേസിൽ വിദേശത്ത് അറസ്റ്റിലായ എട്ടാം പ്രതി ഷോൺ സുനിൽ ബെർട്ടിനെ ദുബായിൽനിന്ന് ഇന്ത്യയിലെത്തിച്ച് എക്‌സൈസ്. ഇന്നു പുലർച്ചെയാണ് ഇയാളെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. അബുദാബിയിലെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുമായി നടത്തിയ ഏകോപനത്തിലൂടെയാണ് പ്രതിയെ ഇന്ത്യയിലെത്തിച്ചത്. 2023 ൽ തിരുവനന്തപുരത്ത് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ ലഹരിവേട്ടയിൽ പ്രതിയായിരുന്ന ഷോൺ പിടികൊടുക്കാതെ വിദേശത്തേക്കു കടക്കുകയായിരുന്നു. ഇന്റർപോളിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചിരിക്കുന്നത്. എക്‌സൈസ് വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് വിദേശത്തു പോയി ഒരു പ്രതിയെ അറസ്റ്റ് ചെയ്തുകൊണ്ടുവരുന്നത്.
2023 ജൂലൈ 9ന് രാത്രി ആറ്റിങ്ങൽ വില്ലേജിൽ പുളിമാത്ത് ഭാഗത്തുള്ള നെറ്റ് ജംക്‌ഷനിൽ നടത്തിയ പരിശോധനയിൽ 155.480 കിലോഗ്രാം കഞ്ചാവും 70.71 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിരുന്നു. നാലു പേരെ സംഭവസമയത്തും മൂന്നു പ്രതികളെ പിന്നീടും പിടികൂടിയിരുന്നു. എന്നാൽ ആറ്റിപ്ര സ്വദേശിയായ ഷോൺ എക്‌സൈസിനെ വെട്ടിച്ചു വിദേശത്തേക്കു കടന്നു. തുടർന്ന് ഇയാളെ കണ്ടെത്താൻ രാജ്യാന്തര ഏജൻസികളുടെ സഹായം തേടി. ഇന്റർപോൾ മുഖേന 2024 ജൂൺ 21-ന് റെഡ് നോട്ടിസ് പുറപ്പെടുവിച്ചു. വിദേശത്ത് അറസ്റ്റിലായ പ്രതിയെ ഇന്ത്യയിലേക്ക് കൈമാറുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ, ഇന്റർപോൾ എന്നിവയുമായി ബന്ധപ്പെട്ടാണ് തുടർനടപടികൾ സ്വീകരിച്ചത്.
പ്രതി എവിടെയുണ്ടെന്ന് വളരെ വിശദമായി പരിശോധിച്ചുറപ്പിച്ച ശേഷം അബുദാബിയിലെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയ്ക്കു വിവരങ്ങൾ കൈമാറുകയായിരുന്നുവെന്ന് എക്‌സൈസ് കമ്മിഷണർ ശ്രീറാം സാംബശിവ റാവു പറഞ്ഞു. എക്‌സൈസ് പിന്നാലെയുണ്ടെന്ന് അറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഷോൺ വലയിലാകുകയായിരുന്നു. തുടർന്നാണ് ഇവിടെനിന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അബുദാബിയിൽ നേരിട്ടെത്തി ഷോണിനെ അറസ്റ്റ് ചെയ്തത്. രാജ്യാന്തര ലഹരിക്കടത്തു സംഘങ്ങളെ തകർക്കാനുള്ള നിർണായക നീക്കത്തിന്റെ ഭാഗമാണിതെന്നും എക്‌സൈസ് കമ്മിഷണർ പറഞ്ഞു.






