കൊച്ചി ∙ സ്വകാര്യ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കടവന്ത്രയിൽ താമസിക്കുന്ന കോട്ടയം പെരുന്ന കരിപ്പമറ്റം അലക്സ് (20) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ട പാർട്ടിയിൽ മദ്യം വിളമ്പിയതും പൊലീസിന്റെ അന്വേഷണത്തിലുണ്ട്. മറ്റെന്തെങ്കിലും ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്നും പരിശോധിക്കും.
ഇക്കഴിഞ്ഞ ഒക്ടോബർ 31നായിരുന്നു ആലുവയിലുള്ള റിസോർട്ടിൽ ഹലോവീൻ പാർട്ടി സംഘടിപ്പിച്ചത്. എറണാകുളത്തെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളുമടക്കം 15 പേരാണ് പാർട്ടിയിൽ പങ്കെടുക്കാനെത്തിയത്. ഇതിൽ പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളും ഉൾപ്പെട്ടിരുന്നു. പെൺകുട്ടികൾ മാത്രമാണ് പോകുന്നതെന്നാണ് വീട്ടുകാരെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് സംശയം തോന്നി ഒരു കുട്ടിയുടെ പിതാവ് റിസോർട്ടിലെത്തിയപ്പോഴാണ് വിവരങ്ങൾ അറിയുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളടക്കം പങ്കെടുത്ത ഈ പാർട്ടിയിൽ മദ്യമടക്കം വിളമ്പിയതായി മനസ്സിലായ ഇദ്ദേഹം മറ്റു മാതാപിതാക്കളെ വിവരമറിയിച്ചു. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ സ്ഥലത്തെത്തി. പാർട്ടിക്കിടെ കുട്ടിക്കു നേരെ നേരെ ലൈംഗികാതിക്രമം ഉണ്ടായെന്ന പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്.
പ്രായപൂർത്തിയാകാത്ത കുട്ടികൾ പങ്കെടുത്ത ചടങ്ങിൽ മദ്യം വിളമ്പിയ സംഭവത്തിൽ റിസോർട്ട് ഉടമകളിൽ നിന്നും ജീവനക്കാരിൽ നിന്നും പൊലീസ് മൊഴിയെടുക്കും. റിസോർട്ട് മാനേജ്‌മെന്റിന്റെ അറിവോടെയാണോ ഇത് നടന്നതെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇത്തരം പാർട്ടികളുടെ മറവിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉൾപ്പെടുത്തി ലഹരി ഉപയോഗം നടക്കുന്നുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.





