ലക്നൗ ∙ ഉത്തർപ്രദേശിലെ കോട്‌വാലി നഗറിൽ പടക്കവുമായി പോയ ബൈക്ക് പൊട്ടിത്തെറിച്ച് നാല് പേർക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി ഇരുചക്രവാഹനത്തിൽ രണ്ടു പേർ പടക്കവുമായി പോയപ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് പേർക്കും സ്ഫോടനമുണ്ടായ സ്ഥലത്തുണ്ടായിരുന്ന രണ്ട് പേർക്കും പരുക്കേറ്റു. പരുക്കേറ്റ സഖിയാപുര സ്വദേശി നിമേഷ് ശ്രീവാസ്തവയുടെ നില ഗുരുതരമാണ്, ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം പരുക്കേറ്റ അമൻ, അഭിഷേക്, അമിത് പാണ്ഡെ എന്നിവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.
ഉഗ്രശബ്ദത്തോടെയാണ് ബൈക്കിൽ വച്ച് പടക്കങ്ങൾ പൊട്ടിത്തെറിച്ചത്. അപകടസ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് കോട്‌വാലി സിറ്റി എസ്എച്ച്ഒ ബ്രിജേന്ദ്ര മിശ്ര പറഞ്ഞു.






