ആര്യനാട് ∙ ഗ്രാമീണ മേഖലകളിൽ മത്സ്യം കഴിച്ച നിരവധി പേർ ചികിത്സ തേടി. പഴകിയ മത്സ്യമാണോ വിപണിയിൽ എന്ന് പരിശോധന പോലും ഇല്ലെന്ന ആക്ഷേപവും ഉയരുന്നു. തിരുവനന്തപുരം ആര്യനാട് ഉഴമലയ്ക്കൽ പഞ്ചായത്തുകളിലായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 25ൽ അധികം പേരാണ് മത്സ്യം കഴിച്ച് ഭക്ഷ്യ വിഷ ബാധയേറ്റ് ചികിത്സയിലുള്ളത്. ഇതിന് പിന്നാലെയാണ് ഇക്കഴിഞ്ഞ ദിവസം ഉഴമലയ്ക്കൽ ചാരും മൂട്ടിൽ മത്സ്യം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷ ബാധയേറ്റ് ഒരു കുടുംബത്തിലെ അഞ്ച് പേർ ആശുപത്രിയിൽ ചികിത്സ തേടിയ സംഭവം പ്രദേശത്ത് ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇതിൽ പത്ത് വയസിന് താഴെയുള്ള കുട്ടികളും ചികിത്സയിലാണ്. എന്നാൽ ഭക്ഷ്യ വിഷ ബാധയേറ്റവരുടെ കണക്ക് ഇതിലും ഉയരും. പലരും എന്താണ് സംഭവിച്ചതെന്ന് അറിയാതെ ചികിത്സ തേടിയവരും ഉണ്ട്.
ശരീരത്തിൽ കടുത്ത ചൊറിച്ചിൽ, ഛർദ്ദി, വയറിളക്കം, കാലുകളിൽ നീര് എന്നിവ അനുഭവപ്പെട്ടതോടെ ആശുപത്രികളിൽ ചികിത്സ തേടിയവരാണ് അധികവും. മുതിർന്നവർ മെഡിക്കൽ കോളജ് ആശുപത്രിയിലും കുട്ടികൾ എസ്.എ.ടി ആശുപത്രിയിലും ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ആര്യനാട് മത്സ്യ മാർക്കറ്റിലൂടെ എത്തുന്ന മത്സ്യങ്ങളുടെ ഗുണനിലവാരത്തെ കുറിച്ചുള്ള ആശങ്കകളും ഉയരുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് മത്സ്യം വിതരണം ചെയ്യുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ആര്യനാട് മത്സ്യ മാർക്കറ്റ്. ദിവസേന നൂറിലേറെ കണ്ടെയ്നർ ലോറികളിലാണ് മത്സ്യം ഇവിടെ എത്തുന്നത്. ഇവിടെ നിന്നും നൂറുകണക്കിന് ചെറിയ ഗുഡ്സ് ഓട്ടോകളിലാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മത്സ്യം എത്തിക്കുന്നത്. ഇങ്ങനെ എത്തുന്ന മത്സ്യങ്ങളുടെ ഉറവിടം, സംഭരണ രീതി, യാത്രാ സമയം എന്നിവ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ പലപ്പോഴും ലഭ്യമാകുന്നില്ല എന്നാണ് വ്യാപാരികളും നാട്ടുകാരും പറയുന്നത്.
ദിവസങ്ങളുടെ പഴക്കമുള്ള മത്സ്യങ്ങൾ പോലും ഐസും മറ്റ് രാസവസ്തുക്കളും ഉപയോഗിച്ച് പുതുമ ഉള്ളതു പോലെ വിപണിയിൽ എത്തിക്കുന്നതായി വ്യാപക പരാതി ഉയരുന്നുണ്ട്. മത്സ്യം പിടിച്ച ശേഷം ഉപഭോക്താവിന്റെ കൈകളിൽ എത്തുന്നതുവരെ പാലിക്കേണ്ട ശീതീകരണ സംവിധാനങ്ങളിൽ ഉണ്ടാകുന്ന വീഴ്ചകൾ ഭക്ഷ്യ വിഷ ബാധയ്ക്ക് കാരണം ആകാമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആവശ്യമായ താപനിലയിൽ സൂക്ഷിക്കാത്തതോ ദീർഘദൂരം വാഹനങ്ങളിൽ എത്തിക്കുന്നതിനിടെ ശീതീകരണം നഷ്ടപ്പെടുന്നതോ മത്സ്യത്തിൽ ബാക്ടീരിയ വളരുന്നതിനും വിഷാംശങ്ങൾ രൂപ പെടുന്നതിനും ഇടയാക്കും. പ്രത്യേകിച്ച് പഴകിയ മത്സ്യങ്ങളിൽ പല തരത്തിലുള്ള രാസ സംയുക്തങ്ങളുടെ അളവ് വർധിക്കാനുള്ള സാധ്യതയും കൂടുതലാണ്.
ഇത്തരം മത്സ്യങ്ങൾ ഭക്ഷിക്കുന്നവരിൽ ഛർദ്ദി, വയറിളക്കം, ശരീരത്തിൽ ചൊറിച്ചിൽ, തലചുറ്റൽ, പനി, അലർജി പ്രതികരണങ്ങൾ എന്നിവ ഉണ്ടാകാം. ആര്യനാട് മത്സ്യ മാർക്കറ്റിലേക്ക് എത്തുന്ന മത്സ്യങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനും സംഭരണ-വിതരണ സംവിധാനങ്ങൾ കർശനമായി നിരീക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷാ വകുപ്പ് അടിയന്തര പരിശോധന നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. കൂടുതൽ പേർ ആശുപത്രിയിൽ ആയതോടെ ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ അന്വേഷണം ആരംഭിച്ചു. മത്സ്യം വാങ്ങുമ്പോൾ ഗുണനിലവാരം ഉറപ്പാക്കണമെന്നും അസ്വാഭാവിക ഗന്ധമോ നിറ വ്യത്യാസമോ ഉള്ള മത്സ്യങ്ങൾ വാങ്ങരുതെന്നും ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.






