ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

Spread the love

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ദമ്പതികളിൽ നിന്നായി ഒരു കോടി രൂപ തട്ടിയെടുത്ത ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിൽ നിർണ്ണായക വഴിത്തിരിവ്. കേസിൽ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന പ്രധാന പ്രതിയെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് പിടികൂടി. ഇതിന് പിന്നാലെ ഇയാളിൽ നിന്ന് കസ്റ്റംസ് അധികൃതർ 1.4 കിലോഗ്രാം സ്വർണ്ണവും പിടിച്ചെടുത്തു. കാസർകോട് കുമ്പള സ്വദേശിയായ അബ്ദുൽ റൻഷീദാണ് പിടിയിലായത്. അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘങ്ങളുമായും സ്വർണ്ണക്കടത്ത് ശൃംഖലയുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ടോയെന്നാണ് പൊലീസും കസ്റ്റംസും ഇപ്പോൾ സംയുക്തമായി പരിശോധിക്കുന്നത്.

 

കോഴിക്കോട് സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത കേസിലാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രതികൾ ഉപയോഗിച്ച വാട്സാപ്പ് നമ്പറുകൾ, ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച കെവൈസി രേഖകൾ, അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ, ഐപി ലോഗിൻ വിവരങ്ങൾ, ഡിജിറ്റൽ ഇടപാടുകളുടെ വഴികൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രതിയെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ലഭിച്ചത്.

 

പരാതിക്കാരന്റെയും ഭാര്യയുടെയും അക്കൗണ്ടുകളിൽ നിന്ന് തട്ടിയെടുത്ത തുകയിൽ 6.4 ലക്ഷം രൂപ അബ്ദുൽ റൻഷീദിന്റെ കാനറ ബാങ്ക് അക്കൗണ്ടിലേക്കാണ് കൈമാറിയതെന്ന് പൊലീസ് കണ്ടെത്തി. ഇതിൽ 2.5 ലക്ഷം രൂപ ബാങ്ക് ചെക്ക് വഴിയും, ഒരു ലക്ഷം രൂപ എടിഎം വഴിയും പിൻവലിച്ച് ഉപയോഗിച്ചതായും വ്യക്തമായി. തുടർന്നാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ വഴി ഇയാൾക്കെതിരെ വിമാനത്താവളങ്ങളിൽ അടിയന്തര ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചത്.

 

വിമാനത്താവളത്തിലെ നാടകീയമായ അറസ്റ്റ്

 

കഴിഞ്ഞ ശനിയാഴ്ച വിദേശത്തുനിന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ പ്രതിയെ ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർഎം വി ശ്രീദാസൻ, സബ് ഇൻസ്പെക്ടർ നൗഷാദ് ടി, ഉദ്യോഗസ്ഥരായ ബിജു വി, മുജീബ് റഹ്മാൻ എ സി എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം തുടർനടപടികൾക്കായി കണ്ണൂരിലേക്ക് തിരിച്ചു.

 

എന്നാൽ, ഇതിനിടയിൽ വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതർ നടത്തിയ പരിശോധനയിലാണ് പ്രതിയുടെ പക്കൽ നിന്നും ഏകദേശം 1.4 കിലോ ഗ്രാം സ്വർണ്ണം കണ്ടെടുത്തത്. ഇത് നിയമവിരുദ്ധമായി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചതാണെന്ന് വ്യക്തമായതോടെ കസ്റ്റംസ് ഇയാൾക്കെതിരെ പ്രത്യേകമായി കേസെടുക്കുകയായിരുന്നു. ഡിജിറ്റൽ തെളിവുകളും ബാങ്കിംഗ് രേഖകളും പരിശോധിക്കുമ്പോൾ, സംഘടിതമായ ഒരു സൈബർ സാമ്പത്തിക തട്ടിപ്പ് ശൃംഖലയിലെ പ്രധാന കണ്ണിയാണ് അബ്ദുൽ റൻഷീദെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. വ്യാജ ഓൺലൈൻ തട്ടിപ്പുകളിലൂടെ ഉണ്ടാക്കുന്ന പണം വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി വെളുപ്പിക്കാൻ ഇയാൾ സഹായിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്.

 

ഓൺലൈൻ തട്ടിപ്പിലൂടെ സമ്പാദിക്കുന്ന വലിയ തുകകൾ അന്താരാഷ്ട്ര സ്വർണ്ണക്കടത്ത് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടോ എന്നാണ് ഇപ്പോൾ ഉദ്യോഗസ്ഥർ അന്വേഷിക്കുന്നത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ മെറിൻ ജോസഫ്, ഡെപ്യൂട്ടി കമ്മീഷണർ പദം സിംഗ്, സൈബർ ക്രൈം അസിസ്റ്റന്റ് കമ്മീഷണർ പ്രദീപ് കുമാർ എസ്.എം എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.

  • Related Posts

    സമൂഹമാധ്യമങ്ങളിലെ അമ്പിളി, പ്രണയ റീലുകൾ; പോക്സോ കേസിൽ യുവാവ് റിമാൻഡിൽ

    Spread the love

    Spread the loveവടക്കാഞ്ചേരി ∙ പോക്സോ കേസിൽ യുവാവ് റിമാൻഡിൽ. കുമ്പളങ്ങാട് പള്ളിയത്തുപറമ്പിൽ വിഘ്നേശ് കൃഷ്ണയാണു (24) പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായത്. സമൂഹമാധ്യമങ്ങളിൽ അമ്പിളി എന്ന പേരിൽ പ്രണയ റീലുകൾ പോസ്റ്റ് ചെയ്യുന്നയാളായിരുന്നു വിഘ്നേശ്.   പീഡനത്തിന് ഇരയായ…

    വ്യവസായിയുടെ കൊലപാതകം: മരുമകൾക്കു പുറമെ മകനും പങ്ക്? കൊലയാളി ഫോണിൽ വിളിച്ചത് 6 തവണ

    Spread the love

    Spread the loveലക്നൗ∙ ഉത്തർ പ്രദേശിലെ കാൺപുരിൽ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകനും പങ്കെന്ന് സൂചന. ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ വിനീത് മനോച്ച (63) കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. സെപ്റ്റംബർ 5ന് നടന്ന കൊലപാതകത്തിൽ വിനീതിന്റെ മരുമകൾ ഷാലുവിനെയും കൊല…

    Leave a Reply

    Your email address will not be published. Required fields are marked *