അഞ്ച് രൂപ നഷ്ടത്തിന് അമ്പത് പൈസ പരിഹാരം; വി ഡി സതീശന്റെ ബജറ്റ് പ്രഖ്യാപനം കടുത്ത നിരാശയെന്ന് സ്വകാര്യ ബസ് ഉടമകൾ

Spread the love

പാലക്കാട്: സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുമായി കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി മൂലം പ്രതിദിനം ആയിരക്കണക്കിന് രൂപയുടെ നഷ്ടം നേരിടുന്ന സ്വകാര്യ ബസ് മേഖലയ്ക്ക്, മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം കടുത്ത നിരാശയാണ് സമ്മാനിച്ചതെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ . സ്റ്റേജ് കാരിയേജ് ബസുകൾക്ക് ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് അനുവദിക്കുമെന്ന ബജറ്റിലെ പ്രഖ്യാപനം നിലവിലെ പ്രതിസന്ധിയുടെ ഗൗരവത്തിന് ഒട്ടും യോജിച്ചതല്ലെന്ന് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഹംസ എരിക്കുന്നൻ പ്രതികരിച്ചു.

 

“നിലവിൽ 46 സീറ്റുകളുള്ള ഒരു സ്വകാര്യ ബസിന്റെ ഉടമ ₹24,410 രൂപയാണ് ത്രൈമാസ റോഡ് നികുതിയായി പൊതുഖജനാവിലേക്ക് അടയ്ക്കുന്നത്. ഇതിൽ ബജറ്റ് പ്രകാരം 50 ശതമാനം ഇളവ് നൽകിയാൽ പോലും ഒരു ദിവസം ഉടമയ്ക്ക് ലഭിക്കുന്ന ആശ്വാസം ശരാശരി 136 രൂപ മാത്രമാണ്. എന്നാൽ പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതോടെ കെഎസ്ആർടിസിയുടെ സൗജന്യ സർവീസുകൾ ഓടുന്ന റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് പ്രതിദിനം 1,000 രൂപ മുതൽ 7,000 രൂപ വരെയാണ് കളക്ഷനിൽ നഷ്ടമുണ്ടാകുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഇപ്പോൾ പ്രഖ്യാപിച്ച പാക്കേജ് മേഖലയെ യാതൊരു വിധത്തിലും സഹായിക്കുന്നതല്ല, മറിച്ച് പൂർണ്ണമായ നിരാശയാണ് സമ്മാനിച്ചത്,” ഹംസ പറഞ്ഞു.

 

പദ്ധതി സ്വകാര്യ ബസുകളിലേക്കും വ്യാപിപ്പിക്കണം

 

പ്രിയദർശിനി പദ്ധതി വെറും കെ.എസ്.ആർ.ടി.സി ബസുകളിൽ മാത്രം ഒതുക്കി നിർത്താതെ സംസ്ഥാനത്തെ സ്വകാര്യ ബസുകളിലേക്കും അടിയന്തരമായി വ്യാപിപ്പിക്കണമെന്ന ആവശ്യം ഫെഡറേഷൻ വീണ്ടും ശക്തമായി ഉന്നയിച്ചു.

 

നിലവിൽ സംസ്ഥാനത്താകെ ഏകദേശം 2,500 കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രമാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അതുകൊണ്ട് തന്നെ ഇത് സംസ്ഥാനത്തെ മുഴുവൻ വനിതാ യാത്രക്കാരിലേക്കും പൂർണ്ണമായി എത്തുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ യുഡിഎഫ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം എല്ലാ വനിതകൾക്കും സൗജന്യ യാത്രയെന്നതായിരുന്നു. അതിനാൽ സർക്കാർ, സ്വകാര്യ ബസുകളെക്കൂടി ഈ പദ്ധതിയുടെ ഭാഗമാക്കാൻ തയ്യാറാകണം. പദ്ധതി മൂലമുണ്ടാകുന്ന വരുമാന നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് സബ്‌സിഡി രൂപത്തിൽ സാമ്പത്തിക സഹായം നൽകുന്നതുപോലെ സ്വകാര്യ ബസ് മേഖലയ്ക്കും പ്രത്യേക ധനസഹായ പാക്കേജ് പ്രഖ്യാപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

 

അടുത്ത ആഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച; ജി-ഫോം നൽകാൻ ഉടമകൾ

 

തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ വീണ്ടും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി അടുത്ത ആഴ്ച വിഡി സതീശനുമായി നേരിട്ട് കൂടിക്കാഴ്ച നടത്താൻ ഫെഡറേഷൻ നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമേ ശക്തമായ സമരപരിപാടികൾ അടക്കമുള്ള തുടർനടപടികളെക്കുറിച്ച് അന്തിമ തീരുമാനമെടുക്കുകയുള്ളൂ എന്നും നേതാക്കൾ അറിയിച്ചു.

 

അതേസമയം, കനത്ത നഷ്ടം സഹിക്കാനാകാത്ത സാഹചര്യമുണ്ടായതോടെ സ്വകാര്യ ബസ് ഉടമകൾ പ്രത്യേകിച്ച് തെക്കൻ കേരളത്തിലുള്ള ഉടമകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സ്വമേധയാ സർവീസ് അവസാനിപ്പിക്കാൻ നിർബന്ധിതരായിരിക്കുകയാണെന്നും ഹംസ വെളിപ്പെടുത്തി. നിരവധി ഉടമകൾ ഈ മാസം അവസാനത്തോടെ ആർടിഒ ഓഫീസുകളിൽ ‘ജി-ഫോം’ സമർപ്പിക്കാൻ ഒരുങ്ങുകയാണ്. അടുത്ത ത്രൈമാസത്തേക്കുള്ള റോഡ് നികുതി അടയ്ക്കാതെ വാഹനങ്ങൾ സർവീസിൽ നിന്നും പൂർണ്ണമായി പിൻവലിക്കുന്ന കടുത്ത നിലപാടാണ് അവർ സ്വീകരിക്കുന്നത്. സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ സംസ്ഥാനത്തെ പൊതുഗതാഗത മേഖലയിൽ വരും ദിവസങ്ങളിൽ വലിയ പ്രതിസന്ധി ഉടലെടുക്കുമെന്നും ഫെഡറേഷൻ മുന്നറിയിപ്പ് നൽകി.

  • Related Posts

    അധ്യാപികയായ യുവതി ആത്മഹത്യ ചെയ്ത സംഭവം: കാമുകൻ ഒളിവിൽ‌

    Spread the love

    Spread the loveകണ്ണൂർ ∙ അധ്യാപികയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകൻ ഒളിവിൽ. കണ്ണൂർ മനേക്കര സ്വദേശിയായ യുവാവിനെതിരെയാണ് പൊലീസ് കേസെടുത്തത്. ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന മൊകേരി വള്ളങ്ങാട് സ്വദേശിയായ ആദിത്യ (28) മരിച്ച സംഭവത്തിലാണ് യുവാവിനെതിരെ കേസ്. കണ്ണൂർ…

    ഭാര്യയെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി, പിന്നാലെ 3 പേരെ കുത്തി പരുക്കേൽപ്പിച്ചു; ലഹരിക്ക് അടിമയായ യുവാവ് പിടിയിൽ

    Spread the love

    Spread the loveകണ്ണൂർ ∙ പിലാത്തറ ഏഴിലോട് ഫാറൂക് ജുമാ മസ്ജിദിൽ ലഹരിക്കടിമയായ യുവാവ് മൂന്ന് പേരെ കുത്തി പരുക്കേൽപ്പിച്ചു. പള്ളി മുഅദ്ദിനെയും കമ്മിറ്റി ഭാരവാഹികളെയുമാണ് യുവാവ് ആക്രമിച്ചത്. കുത്തേറ്റ മുഅദ്ദീൻ, മഞ്ചേരി സ്വദേശി മുഹമ്മദ് ആഷിക് (24), പള്ളി കമ്മിറ്റി…

    Leave a Reply

    Your email address will not be published. Required fields are marked *