കോഴിക്കോട് ∙ വഴിയോരങ്ങളിലും വൈദ്യുതി തൂണുകളിലും ഇത്തരമൊരു പരസ്യം കാണാം: ‘മൂന്നുനേരം വിഭവസമൃദ്ധമായ ഭക്ഷണം ദിവസം വെറും 100 രൂപയ്ക്ക്, നിങ്ങളുടെ ഓഫിസിലോ മുറിയിലോ എത്തിച്ചു നൽകും!’ എന്നാൽ, കുറഞ്ഞ ചെലവിൽ മികച്ച ആഹാരം പ്രതീക്ഷിച്ച് പലരും ചെന്നെത്തുന്നത് ആസൂത്രിതമായ വലിയൊരു തട്ടിപ്പിലാണ്. ബാച്ചിലേഴ്‌സും തനിച്ച് താമസിക്കുന്നവരുമാണ് ഈ പരസ്യത്തിന്റെ പ്രധാന ഇരകൾ. മാത്രമല്ല, നന്നായി ഈ സേവനം മുന്നോട്ടു കൊണ്ടു പോകുന്ന സംരംഭകരുടെ കഞ്ഞിയിൽ കൂടിയാണ് തട്ടിപ്പുകാർ മണ്ണുവാരി ഇടുന്നത്.
വൈദ്യുതത്തൂണുകളിൽ മൊബൈൽ നമ്പറുകൾ ഉൾപ്പെട്ട പരസ്യം പതിച്ചും വാട്സാപ് വഴിയും താൽപര്യമുള്ളവരെ കണ്ടെത്തുകയാണ് ഇവരുടെ രീതി. രാവിലെ പുട്ടും കടലക്കറിയും ഉച്ചയ്ക്ക് മീൻ വറുത്തതും ഊണും രാത്രി ചപ്പാത്തിയും കറിയും അടക്കം വിഭവസമൃദ്ധമായ മെനു വാട്സാപ്പിൽ അയച്ചുകൊടുത്താണ് വിശ്വാസം നേടുന്നത്. തുടക്കത്തിൽ വിശ്വാസ്യത വരുത്താൻ ഒന്നോ രണ്ടോ നേരം കൃത്യമായി ഭക്ഷണം എത്തിച്ചു നൽകും. സർവീസ് ബോധ്യപ്പെട്ടു കഴിഞ്ഞാൽ, ഒരു മാസത്തെ തുകയായ ഏകദേശം 3,000 രൂപ മുൻകൂറായി ആവശ്യപ്പെടും.
പണം അക്കൗണ്ടിൽ എത്തിയാൽ പിന്നീട് ഭക്ഷണം വരില്ല. അസുഖം, വണ്ടി കേടായി തുടങ്ങിയ ഒഴിവുകഴിവുകൾ പറഞ്ഞ് ഒന്നോ രണ്ടോ ദിവസം നീട്ടിക്കൊണ്ടുപോയ ശേഷം ഫോൺ സ്വിച്ച് ഓഫ് ആകും. ആരും പരാതിപ്പെടാൻ നിൽക്കില്ല എന്ന പഴുതാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്. എന്നാൽ, നൂറുകണക്കിന് ആളുകളിൽ നിന്നായി ലക്ഷക്കണക്കിന് രൂപയാണ് ഇത്തരക്കാർ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തട്ടിയെടുക്കുന്നതെന്നു പൊലീസ് പറയുന്നു.
വിവാഹ കേറ്ററിങ്: അവസാന നിമിഷത്തെ ചതി
വിപണി നിരക്കിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ ആഡംബര സദ്യയോ ബിരിയാണിയോ നൽകാമെന്ന് സമൂഹമാധ്യമങ്ങൾ വഴി വാഗ്ദാനം ചെയ്യുന്നു. കരാർ ഉറപ്പിക്കുന്നതോടെ പലചരക്ക് വാങ്ങാനും ഇറച്ചി മുൻകൂട്ടി ബുക്ക് ചെയ്യാനുമെന്ന വ്യാജേന ആകെ തുകയുടെ 50% മുതൽ 70% വരെ മുൻകൂറായി കൈപ്പറ്റുന്നു. ചടങ്ങിന്റെ തലേദിവസം രാത്രി വരെ വീട്ടുകാരുമായി ഫോണിൽ സംസാരിച്ച് എല്ലാം ഭദ്രമാണെന്ന് വരുത്തിത്തീർക്കുകയും തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കടന്നുകളയുകയും ചെയ്യുകയാണ് ഇവരുടെ രീതി. ചടങ്ങിന്റെ അന്ന് രാവിലെ ഭക്ഷണം എത്താതാകുമ്പോഴാണ് വീട്ടുകാർ തട്ടിപ്പ് തിരിച്ചറിയുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വഴിയോരങ്ങളിലെ വൈദ്യുതത്തൂണുകളിൽ കാണുന്ന പരസ്യങ്ങളെയോ കൃത്യമായ മേൽവിലാസമില്ലാത്ത സമൂഹമാധ്യമ പേജുകളെയോ അന്ധമായി വിശ്വസിക്കരുത്.
പണം നൽകുന്നതിനു മുൻപ് സ്ഥാപനം നേരിട്ട് പരിശോധിക്കുക: കേറ്ററിങ് യൂണിറ്റോ ഓഫിസോ നേരിട്ട് സന്ദർശിക്കുക. ലൈസൻസോ തദ്ദേശസ്ഥാപനങ്ങളുടെ റജിസ്ട്രേഷനോ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
മുഴുവൻ തുക മുൻകൂറായി നൽകരുത്. ദിവസ ഭക്ഷണത്തിനു തുടക്കത്തിൽ ഒരു മാസത്തെ തുക ഒന്നിച്ചു നൽകാതിരിക്കുക. വിവാഹ കേറ്ററിങ്ങിനു കൃത്യമായ കരാർ തയാറാക്കുകയും ബാക്കി തുക ചടങ്ങിന് ഭക്ഷണം എത്തിയ ശേഷം മാത്രം കൈമാറുകയും ചെയ്യുക.





