തട്ടിപ്പിന്റെ ‘ഉദയം’ കൊല്ലത്തും; സ്റ്റേജ് അലങ്കാരങ്ങൾ ചെയ്തവർക്ക് പണം നൽകിയില്ല

Spread the love

കൊല്ലം∙ വിവാഹ ചടങ്ങുകൾക്കു ഭക്ഷണമെത്തിക്കാമെന്നു പറഞ്ഞ് മുൻകൂറായി പണം കൈപ്പറ്റിയശേഷം കോട്ടയത്ത് 2 കുടുംബങ്ങളെ കബളിപ്പിച്ച ഉദയം കേറ്ററിങ് ആൻഡ് ഇവന്റ്സിനെതിരെ കൊല്ലത്തും പരാതി. ഇരവിപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘റോയൽ ഈവ്‌ വെഡ്ഡിങ്സ് ആൻഡ് ഇവന്റ്‌സ്’ സ്ഥാപനമാണ് പരാതിക്കാർ. ഉദയം കേറ്ററിങ് ആവശ്യപ്പെട്ട പ്രകാരം വിവാഹത്തിനുള്ള സ്റ്റേജ് അലങ്കാരങ്ങളാണ് റോയൽ ചെയ്തത്. എന്നാൽ ഇതിന്റെ പണം നൽകാതെ ഉദയം ഉടമ വിഷ്ണു മോഹൻ മുങ്ങിയെന്നും പരാതി കൊടുത്തിട്ടും ഫലമുണ്ടായില്ലെന്നും റോയൽ ഈവ് വെഡ്ഡിങ്സ് ആൻഡ് ഇവന്റ്സിന്റെ ഉടമ വിഷ്ണു വിജയ്  പറഞ്ഞു.

 

‘‘മേയ് 10 ന് ഉദയം കേറ്റേഴ്സ് ഉടമ വിഷ്ണു, എന്റെ സുഹൃത്തും സിൽക്ക ഇവന്റ്സിന്റെ ഉടമയുമായ ശരണിനെ വിളിച്ച് അവരുടെ ഒരു കല്യാണ വർക്ക് ഏറ്റെടുത്ത് ചെയ്യാമോ എന്നു ചോദിച്ചു. തങ്ങളുടെ വാഹനം അപകടത്തിൽപ്പെട്ടെന്നും അതുകൊണ്ട് ഏറ്റെടുത്ത പരിപാടി ചെയ്യാൻ സാധിക്കില്ലെന്നുമായിരുന്നു വിശദീകരണം. സിൽക്ക ഇവന്റ്സിന് മറ്റൊരു പരിപാടി ചെയ്യാനുണ്ടായിരുന്നതിനാൽ ശരൺ അത് എന്നെ ഏൽപിച്ചു. ശക്തികുളങ്ങരയിലെ പള്ളിയുടെ ഹാളിലായിരുന്നു പരിപാടി. സ്റ്റേജിലെയും പള്ളിയിലെയും അലങ്കാരങ്ങളായിരുന്നു ചെയ്തുകൊടുക്കേണ്ടിയിരുന്നത്. വിഷ്ണുവുമായി സംസാരിച്ച് ഞങ്ങൾ കാര്യങ്ങൾ ഉറപ്പിച്ചു. അന്ന് അഡ്വാൻസ് ആവശ്യപ്പെട്ടെങ്കിലും തന്നില്ല. പിറ്റേന്നു വിളിച്ചിട്ടു പറ‍ഞ്ഞു, വണ്ടി അപകടത്തിൽപ്പെട്ട് ഉദയം കേറ്റേഴ്സിലെ ജീവനക്കാരെല്ലാം ആശുപത്രിയിൽ ആണെന്നും സാമ്പത്തിക ഞെരുക്കമുള്ളതിനാൽ മുഴുവൻ പൈസ പരിപാടി കഴിയുമ്പോൾ തരാമെന്നും പറ‍ഞ്ഞ് 10,000 രൂപ അഡ്വാൻസ് നൽകി. അത് സമ്മതിച്ച് ‍ഞങ്ങൾ അലങ്കാരങ്ങൾ ചെയ്തു. പരിപാടിക്കുശേഷം വിഷ്ണുവിനെ വിളിച്ചപ്പോഴും ഉടനെ തരാം, വണ്ടി പണയം വച്ച് പൈസ തരാം എന്നൊക്കെ പറഞ്ഞൊഴിഞ്ഞു.

 

പിന്നീട് ഒരു പതിനായിരം രൂപ അയച്ചെങ്കിലും ആശുപത്രിയിൽ ബിൽ അടയ്ക്കാനുള്ള തുകയാണെന്നും അയച്ച അക്കൗണ്ട് മാറിപ്പോയതാണെന്നും പറഞ്ഞു. തന്റെ കൂടെ അപകടത്തിൽപ്പെട്ട പയ്യൻ മരിക്കാറായി കിടക്കുവാണെന്നും പൈസ തിരികെ തരാമോ എന്നും ചോദിച്ചു. അയാളുടെ വാക്ക് വിശ്വസിച്ചു ഞാൻ ആ പൈസ തിരികെ കൊടുത്തു. പിന്നീട് അയാളെ വിളിച്ചിട്ടു ഫോൺ എടുത്തില്ല. ഞാനും ശരണും ഉൾപ്പെടെ എല്ലാവരും ചേർന്ന് അന്വേഷിച്ചപ്പോഴാണ് ഇത് അയാളുടെ സ്ഥിരം പരിപാടി ആണെന്നും പലരും പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും മനസ്സിലായത്. സംഭവം നടന്ന് ഒരു മാസം കഴിഞ്ഞപ്പോൾ ഞങ്ങൾ ശക്തികുളങ്ങര പൊലീസിൽ പരാതിപ്പെട്ടു. പൊലീസ് വിളിപ്പിച്ചിട്ടും വിഷ്ണു സ്റ്റേഷനിൽ ഹാജരായില്ല എഗ്രിമെന്റ് ഇല്ലാതെ നടത്തിയ ഇടപാട് ആയതിനാൽ ഇടപെടുന്നതിനു പരിമിതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. എങ്കിലും വിഷ്ണു ഞങ്ങളെ വർക്ക് ഏൽപ്പിച്ചിതിന്റെ ചാറ്റുകളും കോൾ റെക്കോർഡുകളുമൊക്കെ പൊലീസിനു കൈമാറിയിട്ടുണ്ട്.

 

‘‘വിശ്വാസത്തിന്റെ പുറത്താണ് എഗ്രിമെന്റ് വയ്ക്കാതെ ‍ഞങ്ങൾ ആ വർക്ക് ഉദയം കേറ്റേഴ്സിൽനിന്ന് ഏറ്റെടുത്തത്. എന്നിട്ട് അയാൾ വിശ്വാസവഞ്ചന കാണിച്ചു. ഉദയം കേറ്റേഴ്സുമായുള്ള ഇടപാടിൽ ഞങ്ങൾക്ക് 75,000 രൂപയാണ് ആകെ ചെലവായത്. അതിൽ 10,000 തിരികെ കിട്ടി. കോട്ടയത്തെ സംഭവങ്ങൾ വാർത്താമാധ്യമങ്ങളിലൂടെ അറിഞ്ഞതിനു പിന്നാലെയാണ് ‍ഞങ്ങൾക്കുണ്ടായ ദുരനുഭവം തുറന്നു പറയാൻ തീരുമാനിച്ചത്. ഇനിയാരെയും അയാൾ പറ്റിക്കാൻ പാടില്ല. ഇപ്പോൾ പ്രതി പിടിയിലായ സ്ഥിതിക്ക് കേസുമായി മുന്നോട്ടുപോകാനാണ് ഞങ്ങളുടെ തീരുമാനം’’– വിഷ്ണു വിജയൻ പറഞ്ഞു.

 

വിവാഹ ചടങ്ങിനു ഭക്ഷണം എത്തിക്കാതെ മുങ്ങിയ കേസിൽ കാഞ്ഞിരപ്പള്ളിയിൽ ഉദയം എന്ന പേരിൽ കേറ്ററിങ് ഏജൻസി നടത്തിയിരുന്ന കാളകെട്ടി മാഞ്ഞുക്കുളം ചക്കുംപറമ്പിൽ വിഷ്ണു മോഹൻ ഇന്നലെ കോട്ടയം ഈസ്റ്റ് പൊലീസിന്റെ പിടിയിലായി. ഈ മാസം 13 ന് ചോറ്റി, കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ നടന്ന വിവാഹ ചടങ്ങുകൾക്കാണ് ഇയാൾ പണം വാങ്ങിയ ശേഷം ഭക്ഷണം എത്തിക്കാതിരുന്നത്. കഞ്ഞിക്കുഴി സ്വദേശിയായ വധുവിന്റെ ബന്ധുക്കളുടെ പരാതിയിലാണ് വിഷ്ണു മോഹനെ കസ്റ്റഡിയിലെടുത്തത്. 250 ആളുകൾ പങ്കെടുക്കുന്ന ചടങ്ങിൽ ഭക്ഷണം, സ്റ്റേജ് തുടങ്ങിയ എല്ലാ കാര്യങ്ങൾക്കുമായി ഒരു ലക്ഷം രൂപയുടെ കരാറായിരുന്നു.

 

മുണ്ടക്കയം പനക്കച്ചിറ സ്വദേശിയായ വധുവിന്റെ ബന്ധുക്കൾ നൽകിയ പരാതിയിൽ ഇയാൾക്കെതിരെ മുണ്ടക്കയം പൊലീസും കേസ് റജിസ്റ്റർ ചെയ്തു. ക്ഷേത്രത്തിൽ വച്ച് നടത്തിയ വിവാഹത്തിൽ 400 ആളുകൾക്കുള്ള സദ്യയ്ക്ക് 1.4 ലക്ഷം രൂപയാണ് വിഷ്ണു മുൻകൂർ വാങ്ങിയത്.

  • Related Posts

    റോഡിൽ തള്ളിയത് ഓട്ടോറിക്ഷ ഡ്രൈവർ കണ്ടു; കുഞ്ഞുമോന്റെ മരണം കൊലപാതകം, സുഹൃത്തുക്കൾ അറസ്റ്റിൽ

    Spread the love

    Spread the loveകട്ടപ്പന ∙ കട്ടപ്പനയിൽ റോഡരികിൽ അവശ നിലയിൽ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ച ശേഷം മരിച്ച കുഞ്ഞുമോൻ (കുഞ്ചു) കൊല്ലപ്പെട്ടതെന്ന് പൊലീസ്. സംഭവത്തിൽ മൂന്നു പ്രതികൾ പിടിയിൽ. കട്ടപ്പന സെൻട്രൽ ജംക്‌ഷനിൽ ബാർബർഷോപ്പ് നടത്തുന്ന സുരേഷ്, സുഹൃത്തുക്കളായ റിനു, ബാബു…

    കോളിയാടി അപകടത്തിൽ മരണപ്പെട്ട വ്യക്തിയെ തിരിച്ചറിഞ്ഞു

    Spread the love

    Spread the love  ഇന്നലെ രാത്രിയിൽ ബത്തേരി- കോളിയാടിയിൽ വെച്ച് കാറപകടത്തിൽ പരിക്കേറ്റ് മരണപ്പെട്ട കാൽനടയാത്രക്കാരനെ തിരിച്ചറിഞ്ഞു. സുൽത്താൻ ബത്തേരി കിടങ്ങനാട് അംശം വള്ളുവാടി പണിയ ഉന്നതിയിലെ കരിയൻ മകൻ ശശി (53) ആണ് മരണപ്പെട്ടത്. സഹോദരൻ അനീഷ് ബത്തേരി ഹോസ്പിറ്റലിൽ…

    Leave a Reply

    Your email address will not be published. Required fields are marked *