ന്യൂയോർക്ക്∙ യുഎസിൽ ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും നേപ്പാളി വംശജനായ ആൺസുഹൃത്തും കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ന്യൂയോർക്കിലെ ലോവർ മൻഹാറ്റനിലെ സ്റ്റേഷനിൽ ഞായറാഴ്ച രാവിലെയുണ്ടായ അപകടം അബദ്ധത്തിൽ സംഭവിച്ചതാവാമെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ വംശജ മലൈക ചിത്ര (24), സുഹൃത്ത് നേപ്പാൾ വംശജനായ നവം കൗളുമാണ് (24) അപകടത്തിൽ മരിച്ചത്. അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ വിശദമായ പരിശോധനയിൽ സുഹൃത്ത് ട്രാക്കിൽ വീണതിനെ തുടർന്ന് ചിത്ര രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് കരുതുന്നത്. ഞായറാഴ്ച പുലർച്ചെ 3.15 ഓടെ സ്റ്റേഷനിലെത്തിയ ചിത്രയും കൗളും പ്ലാറ്റ്‌ഫോമിൽ വച്ച് ആലിംഗനം ചെയ്തും ചുംബിച്ചും സ്നേഹം പ്രകടിപ്പിക്കുന്നതിനിടെ യുവാവ് ട്രാക്കിലേക്കു വീഴുകയായിരുന്നു. ചിത്ര യുവാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇതേ ട്രാക്കിലേക്ക് എത്തിയ ട്രെയിൻ ഇരുവരെയും ഇടിക്കുകയായിരുന്നു. രണ്ടുപേരുടെയും തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്.
അതേസമയം, രണ്ടുപേർ ട്രാക്കിൽ ഇരിക്കുന്നതാണ് കണ്ടതെന്ന് ട്രെയിൻ ഓപ്പറേറ്റർ മൊഴി നൽകിയിരുന്നു. തുടർന്ന് എമർജൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും അപകടം ഒഴിവാക്കാനായില്ല. ഇരുവരും മദ്യപിച്ചിട്ടില്ലായിരുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യാ സാധ്യതയിൽ അന്വേഷണം നടത്തിയെങ്കിലും തെളിവുകൾ ലഭിച്ചിട്ടില്ല. ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടില്ലെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയിൽ ഫാർമസ്യൂട്ടിക്കൽ ഓപ്പറേഷൻസ് സ്പെഷലിസ്റ്റായി ജോലി ചെയ്യുന്ന ചിത്രയും ഡേറ്റ അനലിസ്റ്റായ നവം കൗളും റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ പൂർവ വിദ്യാർഥികളായിരുന്നു. 2024 ലാണ് ഇരുവരും ഇവിടെ പഠിച്ചത്.







