സൂറിക്∙ ഡൽഹിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് ആൽക്കഹോൾ ടെസ്റ്റിൽ പിടിക്കപ്പെട്ട സംഭവത്തിൽ, സൂറിക് സ്റ്റേറ്റ് പ്രോസിക്യുട്ടറിൽ നിന്നും അന്വേഷണം സ്വിസ് ഫെഡറൽ പ്രോസിക്യൂട്ടർ ഓഫിസ് ഏറ്റെടുത്തു. സ്വിസ് വ്യോമയാന നിയമവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്താനുള്ള അധികാരം ഫെഡറൽ അധികാരികൾക്കാണ്. അതിനാലാണ് സൂറിക് കാന്റണൽ പരിധിയിൽ നിന്നും കേസ് മാറ്റിയത്.
വിമാന ജീവനക്കാരൻ ഡ്യൂട്ടിക്ക് അനുയോജ്യമല്ലാത്ത അവസ്ഥയിലായിരുന്നോ എന്നതാണ് അന്വേഷണത്തിലെ പ്രധാന വിഷയം. സ്വിസ് വ്യോമയാന നിയമപ്രകാരം മദ്യപിച്ചോ മറ്റ് കാരണങ്ങളാലോ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായി വിമാനം പറത്താൻ ശ്രമിക്കുന്നത് ശിക്ഷാർഹമാണ്. കുറ്റം തെളിഞ്ഞാൽ പിഴയ്‌ക്കൊപ്പം മൂന്ന് വർഷം വരെ തടവാണ് നിയമത്തിലുള്ളത്. പൈലറ്റിന്റെ ആരോഗ്യസ്ഥിതിയോ വ്യക്തിപരമായ കാര്യങ്ങളോ അന്വേഷണപരിധിയിൽ വരുന്നില്ല.
സെപ്റ്റംബർ ഏഴിന് രാത്രി സൂറിക്ക് എയർപോർട്ടിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം സർവീസിന് തൊട്ട് മുൻപാണ് സംഭവം. പൈലറ്റിൽ നിന്നും മദ്യത്തിന്റെ ഗന്ധം ജീവനക്കാർക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് സൂറിക്ക് കാന്റണൽ പൊലീസ് നടത്തിയ പരിശോധന, മദ്യപിച്ചതായി തെളിഞ്ഞതിനെ തുടർന്ന് പൈലറ്റിനെ ഡ്യൂട്ടിയിൽ നിന്നും വിലക്കി. പൈലറ്റിനെ മാറ്റിയതോടെ AI 151വിമാനം റദ്ദാക്കേണ്ടിവന്നു. യാത്രക്കാരെ പിന്നീട് മറ്റ് വിമാനങ്ങളിലാണ് അയച്ചത്.








