ഫരീദാബാദ് ∙ അയൽവാസികൾ തമ്മിൽ കാലങ്ങളായി നിലനിന്നിരുന്ന തർക്കമാണ് ഫരീദാബാദിൽ അരുംകൊലയിൽ കലാശിച്ചത്. പരംജിത്തിന്റെ വീട്ടുകാരും മോനുവിന്റെ കുടുംബവും തമ്മിൽ പാർക്കിങ്ങിന്റെ പേരിലും പാർക്കിങ് സ്ഥലത്ത് നായ വിസർജിക്കുന്നതിന്റെ പേരിലും പലപ്പോഴും തർക്കമുണ്ടായിരുന്നു. ഇതിന്റെ പേരിൽ മോനു ശർമ പരംജിത്തിന്റെ കുടുംബത്തെ നിരവധി തവണ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുൻപ് ‘‘ഇന്ന് രാത്രിയോടെ നിന്റെ കഥ കഴിക്കും’’ എന്നുപറഞ്ഞ് മോനു ശർമ പരംജിത്തിനെ ഭീഷണിപ്പെടുത്തിയിരുന്നു.
തങ്ങളുടെ ഗേറ്റിനുണ്ടായ കേടുപാടുകളെക്കുറിച്ച് സംസാരിക്കാനും അത് നന്നാക്കിക്കൊടുക്കണമെന്ന് ആവശ്യപ്പെടാനും പരംജിത്തിന്റെ മകൻ ശർമയെ സമീപിച്ചിരുന്നു. എന്നാൽ ‘‘പട്ടിക്കുട്ടികളോടൊന്നും എനിക്ക് സംസാരിക്കാനില്ല. നിന്റെ അച്ഛനെ പറഞ്ഞയക്ക്’’ എന്നായിരുന്നു ശർമയുടെ മറുപടി. സിംഗപ്പൂരിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ മകനോട് അപമര്യാദയായി പെരുമാറിയ ശർമയ്ക്കെതിരെ കേസ് നൽകാനായി പരംജിത് പൊലീസ് സ്റ്റേഷനിലെത്തി. തുടർന്ന് പൊലീസ് ശർമയെ വിളിപ്പിച്ചു. അപ്പോൾ ഉദ്യോഗസ്ഥരുടെ മുന്നിൽ വച്ച്, അന്നുരാത്രി തന്നെ പരംജിത്തിനെ വകവരുത്തുമെന്ന് ശർമ പരസ്യമായി ഭീഷണി മുഴക്കിയിരുന്നു. എന്നാൽ പൊലീസ് ഇത് കാര്യമാക്കാതെ ഇരുകൂട്ടരേയും പറഞ്ഞുവിടുകയായിരുന്നു.
പിന്നാലെ വെള്ളിയാഴ്ച രാത്രി സംസാരിക്കാനെന്ന വ്യാജേന ശർമ പരംജിതിനെ പാർക്കിങ് ഏരിയയിലേക്ക് വിളിച്ചു വരുത്തി. അവിടെവെച്ച് ഇയാൾ പരംജിത്തിനെ വീണ്ടും ഭീഷണിപ്പെടുത്തി. ‘‘വിധവ എങ്ങനെയാണെന്ന് നീ കണ്ടിട്ടുണ്ടോ? നിനക്ക് ദൈവത്തിൽ വലിയ വിശ്വാസമല്ലേ, എന്നാൽ ദൈവത്തിനടുത്തേക്ക് തന്നെ നിന്നെ അയക്കാം’’ എന്നു പറഞ്ഞ് ശർമ ഭീഷണിപ്പെടുത്തി. തൊട്ടുപിന്നാലെയാണ് വെടിവയ്പ്പുണ്ടായത്.
പരംജിതിനും മകൻ ശൗര്യയ്ക്കും നേരെ പ്രതി തുരുതുരെ നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒൻപത് വെടിയുണ്ടകളേറ്റ പരംജിത് തൽക്ഷണം മരിച്ചു. മകൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവത്തിന് ശേഷം കുടുംബത്തോടൊപ്പം രക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പരംജിത്തിന്റെ മകൻ ശൗര്യ നൽകിയ പരാതിയിൽ മോനു ശർമ എന്ന മോഹൻ, ഭാര്യ ദിവ്യ, മകൻ മായങ്ക്, മകൾ നൈന, സഹോദരൻ ഹേത്‌റാം എന്നിവർക്കെതിരെയാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
പൊലീസ് സ്റ്റേഷനിൽ വച്ച് ഭീഷണി മുഴക്കിയപ്പോൾത്തന്നെ ശർമയെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിൽ ഈ കൊലപാതകം ഒഴിവാക്കാമായിരുന്നുവെന്ന് പരംജിത്തിന്റെ സുഹൃത്തുക്കൾ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി ഫരീദാബാദിലെ സെക്ടർ 21 സിയിൽ വച്ചാണ് വാഹനം പാർക്ക് ചെയ്യുന്നതിന്റെ പേരിലുണ്ടായ തർക്കത്തെത്തുടർന്നാണ് ഐടി കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥനായ പരംജിത് ധൻഖറിനെ (42) അയൽക്കാരൻ വെടിവച്ചുകൊന്നത്. മുൻനിര ഐടി കമ്പനി ടെക് മഹീന്ദ്രയുടെ ഏഷ്യയിലെ പ്രവർത്തനങ്ങൾക്ക് മുൻപ് നേതൃത്വം വഹിച്ചിരുന്നയാളാണ് പരംജിത്. നിലവിൽ വിയറ്റ്നാം ആസ്ഥാനമായുള്ള ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന പരംജിത് ധൻഖർ സിംഗപ്പൂരിലാണ് താമസം. ദീപാവലി ആഘോഷത്തിനും ഈ മാസം 24ന് നടക്കുന്ന ബന്ധുവിന്റെ വിവാഹത്തിനുമായി കഴിഞ്ഞ 5ന് ആണ് അദ്ദേഹം ഫരീദാബാദിൽ എത്തിയത്.







