യൂട്ടാ∙ ഭാര്യയുടെ ശരീരത്തെ പരിഹസിക്കുന്ന റിയാലിറ്റി ടെലിവിഷൻ താരം സാക് അഫ്ലെക്കിന്റെ (30) വിഡിയോ പുറത്തുവിട്ട് റിയാലിറ്റി ടെലിവിഷൻ താരവും ഭാര്യയുമായ ജെൻ അഫ്ലെക്ക് (27) രംഗത്ത്. ഈ മാസം മൂന്നിന് വിവാഹമോചനത്തിന് അപേക്ഷ നൽകിയതിന് പിന്നാലെ ജെൻ വിഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത് ശ്രദ്ധേയമായി. ഏഴ് വർഷത്തെ ദാമ്പത്യജീവിതത്തിൽ പല തവണ സാക്കിൽ നിന്ന് മോശം അനുഭവങ്ങളുണ്ടായെന്ന് ജെൻ അവകാശപ്പെടുന്നു.
പ്രസവം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ട സമയത്ത് ചിത്രീകരിച്ചതെന്ന് ജെൻ അവകാശപ്പെടുന്ന വിഡിയോയിൽ, അടുക്കളയിലെ പതിവ് ജോലികൾ ചെയ്യുന്നതിനിടെ സാക് ശരീരത്തെ പരിഹസിക്കുന്നത് വ്യക്തമായി കേൾക്കാം. വിഡിയോ പുറത്തുവന്നതിനു പിന്നാലെ സംഭവത്തിൽ സമൂഹമാധ്യമത്തിലൂടെ സാക് മാപ്പ് പറഞ്ഞു. മോശമായ വാക്കുകളാണ് ഉപയോഗിച്ചത്. അങ്ങനെ താൻ പറയാൻ പാടില്ലായിരുന്നെന്നും അദ്ദേഹം സമ്മതിച്ചു. 2022ൽ ചിത്രീകരിച്ച ദൃശ്യങ്ങളാണിതെന്നും വിഡിയോ കണ്ടപ്പോൾ അത്തരമൊരു കാര്യം താൻ പറഞ്ഞിരുന്നുവെന്നത് ഞെട്ടിച്ചെന്നും അദ്ദേഹം പ്രതികരിച്ചു. മോശമായതും വേദനിപ്പിക്കുന്നതുമായ പല കാര്യങ്ങളും പറഞ്ഞിട്ടുണ്ടെന്നും എന്നാൽ അതിൽനിന്ന് പഠിച്ച് മാറാൻ ശ്രമിച്ചിട്ടുണ്ടെന്നും സാക് കൂട്ടിച്ചേർത്തു.
ഇതിനു പുറമെ മറ്റൊരു വിഡിയോയും ജെൻ പങ്കുവച്ചിട്ടുണ്ട്. ഇരുവരും ബാത്ത്റൂമിൽ വച്ച് തർക്കിക്കുന്ന ദൃശ്യങ്ങളാണ് ജെൻ പങ്കുവച്ചത്. തോർത്ത് നിലത്ത് ഇടരുതെന്ന് സാക് ആവശ്യപ്പെടുമ്പോൾ അത് വൃത്തികെട്ടതാണെന്ന് ജെൻ മറുപടി നൽകുന്നു. വീട്ടിലെ എല്ലാ വസ്ത്രങ്ങളും താനാണ് അലക്കുന്നതെന്നും കൂടുതൽ സഹായം ലഭിച്ചിരുന്നെങ്കിൽ നന്നായിരുന്നെന്നും ജെൻ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
നവംബർ അഞ്ചിന് സാക് ടിക് ടോക്കിലൂടെ വിവാഹമോചനത്തെക്കുറിച്ച് വിശദീകരിച്ചിരുന്നു. 2025ന്റെ അവസാനത്തിൽ ‘ഡാൻസിങ് വിത്ത് ദ സ്റ്റാർസ്’ പരിപാടിയിൽ പങ്കെടുത്ത ശേഷം ജെൻ അസന്തുഷ്ടയാണെന്നും വിവാഹമോചനം ആഗ്രഹിക്കുന്നുവെന്നും തന്നോട് പറഞ്ഞതായി സാക് അവകാശപ്പെട്ടു. ബന്ധം നിലനിർത്താൻ താൻ ഏറെ ശ്രമിച്ചെങ്കിലും ഒടുവിൽ അത് സാധിച്ചില്ലെന്നും ജെനിനെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മക്കളുടെ സംരക്ഷണവും ഒരുമിച്ചുള്ള മാതാപിതൃത്വവുമാണ് തന്റെ പ്രധാന പരിഗണനയെന്നും വ്യക്തമാക്കി.
2018ൽ മോർമൺ ഡേറ്റിങ് ആപ്പായ മ്യൂച്വലിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. 2019ന്റെ തുടക്കത്തിൽ വിവാഹനിശ്ചയം നടത്തിയ ഇവർ അതേ വർഷം വിവാഹിതരായി. നോറ (5), ലൂക്ക (3), പെനലോപ്പ് (1) എന്നിവരാണ് മക്കൾ.
റിയാലിറ്റി ഷോയുടെ അഞ്ച് സീസണുകളിലായി ഇരുവരുടെയും ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ പലതവണ പ്രേക്ഷകർ കണ്ടിരുന്നു. ചൂതാട്ടം, ലാസ് വേഗസിലെ ചിപ്പൻഡെയ്ൽസ് ഷോയിൽ പങ്കെടുക്കാനുള്ള ജെന്നിന്റെ താൽപര്യം, അഭിനയമോഹം, മോഡലിങ് അവസരങ്ങൾ തുടങ്ങിയ വിഷയങ്ങളിലായിരുന്നു പ്രധാനമായും തർക്കങ്ങൾ.
അഞ്ചാം സീസണിൽ അഭിനയവേഷം സ്വീകരിച്ചാൽ വിവാഹമോചനം നേടുമെന്ന് സാക് ഭീഷണിപ്പെടുത്തിയതായി ജെൻ ആരോപിച്ചിരുന്നു. സ്പോർട്സ് ഇല്ലസ്ട്രേറ്റഡ് മാഗസിനുവേണ്ടി ഫോട്ടോഷൂട്ടിൽ പങ്കെടുക്കാനുള്ള ജെന്നിന്റെ ആഗ്രഹത്തെയും സാക് വിമർശിച്ചിരുന്നു. എന്നാൽ ഇപ്പോൾ വിവാഹമോചന നടപടികൾ ആരംഭിച്ചതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തിലെ പ്രശ്നങ്ങൾ വീണ്ടും പരസ്യമായിരിക്കുകയാണ്.






