‘കൈക്കൂലി തന്നില്ലെങ്കിൽ ഡിവൈഎഫ്ഐക്കാരെ കൊണ്ട് കൊടികുത്തിക്കും’: 10 ലക്ഷം ആവശ്യപ്പെട്ട് കൗൺസിലർ, വിഡിയോ പകർത്തി പരാതിക്കാരൻ

Spread the love

തിരുവനന്തപുരം∙ കോര്‍പറേഷന്‍ കൗണ്‍സിലര്‍ കൈക്കൂലി ചോദിക്കുന്നത് ഒളിക്യാമറയില്‍ പകര്‍ത്തി പരാതിക്കാരന്‍. തിരുവനന്തപുരം കോർപറേഷനിലെ തൃക്കണ്ണാപുരം വാര്‍ഡിലെ സിപിഎം കൗണ്‍സിലറായ അജിന്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് പരാതി. പേയാട് സ്വദേശി സഞ്ജുവിന്റെ 19 സെന്റ് ഭൂമിയുമായി ബന്ധപ്പെട്ട കാര്യത്തിനാണ് ഇയാള്‍ കൈക്കൂലി ചോദിച്ചത്. തൃക്കണ്ണാപുരം വാര്‍ഡിലെ എംഎല്‍എ റോഡിനോട് ചേര്‍ന്ന് സഞ്ജു 19 സെന്റ് വാങ്ങിയിരുന്നു. ഇവിടെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴാണ് കൗണ്‍സിലര്‍ അജിന്‍ ഇടപെട്ടതെന്നു പരാതിക്കാരന്‍ പറയുന്നു.

 

10 ലക്ഷം രൂപ കൈക്കൂലി നല്‍കിയാല്‍ സ്ഥലത്തിനു സമീപത്തുള്ള പുറമ്പോക്ക് ഭൂമി കൂടി റജിസ്റ്റര്‍ ചെയ്തു നല്‍കാമെന്ന് അജിന്‍ പറഞ്ഞതായി പരാതിക്കാരനായ സഞ്ജു പറഞ്ഞു. പണം നല്‍കാനാവില്ലെന്നു മറുപടി നല്‍കി. പണം നല്‍കിയില്ലെങ്കില്‍ ഡിവൈഎഫ്ഐക്കാരെ കൊണ്ട് വസ്തുവില്‍ കൊടികുത്തിക്കും എന്നായിരുന്നു ഭീഷണി. തര്‍ക്കിക്കാന്‍ നിന്നാല്‍ പ്രശ്നം രൂക്ഷമാകുമെന്നും റോഡിന്റെ രേഖകളിലെ പുറമ്പോക്ക് ഭൂമിയിലൂടെയുള്ള തോടും ഓടയും ചൂണ്ടിക്കാട്ടി നിര്‍മാണ പ്രവൃത്തികള്‍ തടയുമെന്നു കൗണ്‍സിലര്‍ ഫോണില്‍ ഭീഷണിപ്പെടുത്തിയതായും സഞ്ജു വ്യക്തമാക്കുന്നു. അതിനു ശേഷം പ്രാദേശിക നേതാക്കള്‍ എത്തി അജിനെ പിണക്കുന്നത് ദോഷം ചെയ്യുമെന്നും അഞ്ചു ലക്ഷം രൂപ നല്‍കി പ്രശ്‌നം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് രാത്രി വരാന്‍ പറഞ്ഞതു പ്രകാരം അജിനെ കാണാനെത്തി.

ഫോണ്‍ വിഡിയോ ഓണ്‍ ചെയ്ത ശേഷമാണ് അജിനുമായി സംസാരിച്ചതെന്നും സഞ്ജു പറഞ്ഞു. അത്രയും പണം നല്‍കാന്‍ കഴിയില്ലെന്ന് പറയുകയും ചെയ്തു. പത്തു ലക്ഷം രൂപ ഉപയോഗിച്ച് ആ സ്ഥലത്തു വീടു പണിയാന്‍ കഴിയുമെന്നും കൈക്കൂലി വിഷയത്തില്‍ ആഭ്യന്തരമന്ത്രിക്കും മേയര്‍ക്കും പരാതി നല്‍കിയെന്നും സഞ്ജു പറഞ്ഞു. ആകെ 5 ലക്ഷം രൂപ തന്നാല്‍ മതിയെന്ന് പറയുന്നത് ദൃശ്യങ്ങളിലുണ്ട്. രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ 3 ലക്ഷം രൂപയും ബാക്കി ഇടപാടുകള്‍ക്കു ശേഷവും നല്‍കണമെന്നാണ് ദൃശ്യത്തില്‍ പറയുന്നത്. വസ്തു വിറ്റു നല്‍കണമെങ്കില്‍ കമ്മിഷന്‍ വേറെ കൊടുക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തന്റെ പക്കലുണ്ടെന്നും സഞ്ജു പറയുന്നു. കൈക്കൂലി ആവശ്യവും ഭീഷണിയും സഹിക്കവയ്യാതായതോടെയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും സഞ്ജു വ്യക്തമാക്കി.

 

അതേസമയം, പരാതിക്കാരുമായി യാതൊരു ഇടപാടുമില്ലെന്ന് കൗണ്‍സിലര്‍ അജിന്‍ പ്രതികരിച്ചു. പുറമ്പോക്ക് സ്ഥലം കൈയേറിയതിന് എതിരെ വില്ലേജ് ഓഫിസര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. 9 സെന്റ് സ്ഥലം കൂടുതലായി എടുത്തിട്ടുണ്ട്. അതിനെതിരെ നിലപാട് എടുത്തതിനാണ് 6 മാസം മുന്‍പുള്ള വിഡിയോ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. എന്നെ കുടുക്കാനുള്ള മണ്ണു മാഫിയയുടെ ശ്രമമാണിത്. വിഡിയോ എഡിറ്റ് ചെയ്തിട്ടാണ് പണം ആവശ്യപ്പെടുന്ന രംഗം ചിത്രീകരിച്ചിരിക്കുന്നതെന്നും അജിന്‍ പറഞ്ഞു. പരിസ്ഥിതിക്ക് കോട്ടം വരുന്ന ഒരു കാര്യവുമായി ഇതുവരെ സഹകരിച്ചിട്ടില്ല. അതിന്റെ ഭാഗമായി പല ഭീഷണികളും നേരിടേണ്ടിവന്നിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷം ബിജെപി കൗണ്‍സിലര്‍മാരാണ് വാര്‍ഡിലുണ്ടായിരുന്നത്. ആ സമയത്തു തന്നെ മണ്ണ് മാഫിയയും വസ്തു വാങ്ങി വില്‍ക്കുന്ന സംഘവും അവിടെ പിടിമുറുക്കി. കൗണ്‍സിലര്‍മാരു സഹായത്തോടെ പലയിടങ്ങളും മണ്ണിട്ടു നികത്തി. ഇപ്പോള്‍ പറയുന്ന വസ്തുവിലും സര്‍ക്കാര്‍ പുറമ്പോക്കുണ്ട്. റോഡും ഓടയും അടച്ച് വിറ്റു പൈസയാക്കുന്ന നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. അവിടെയുള്ള വഴി കെട്ടിയടച്ച് ബിജെപി നേതാവിന് നല്‍കി. സഞ്ജു ആര്‍എസ്എസ് നേതാവാണ്. അതെല്ലാം അറിഞ്ഞുകൊണ്ടാണ് വിഷയത്തില്‍ ഇടപെട്ടതെന്നും അജിന്‍ പറഞ്ഞു.

  • Related Posts

    ‘നിന്റെ അച്ഛൻ എവിടെയെടാ?’: 3 പേർ മരിച്ച അപകടമുണ്ടാക്കിയ കാർ ഡ്രൈവർക്കു മർദനം

    Spread the love

    Spread the loveനെടുമ്പാശേരി ∙ നെടുമ്പാശേരി അത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേർ മരിച്ച സംഭവത്തിൽ, കാർ ഓടിച്ച സുഹൈൽ സജീവിനു മർദനം. പൊലീസ് കസ്റ്റഡിയിൽ വൈദ്യപരിശോധനയ്ക്ക് അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ…

    ഇന്ദ്രാമേനോനായി പീഡനക്കേസിലെ പ്രതി; യുവാവിന്റെ 35 ലക്ഷം തട്ടിയെടുത്ത ലത നായർ പിടിയിൽ

    Spread the love

    Spread the loveകൊച്ചി ∙ കിളിരൂർ, കവിയൂർ പീഡനക്കേസിലെ പ്രതി ലത നായർ തട്ടിപ്പുകേസിൽ തൃക്കാക്കര പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം സ്വദേശിയിൽനിന്നും 35 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. കാക്കനാട് സെസിലെ കമ്പനിയിൽ നിക്ഷേപിച്ചാൽ നാലിരട്ടിയായി തുക തിരിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്തതാണ് രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *