വാനനിരീക്ഷകരെയും ജ്യോതിശാസ്ത്ര പ്രേമികളെയും സംബന്ധിച്ചിടത്തോളം ഇന്ന് (ഒക്ടോബർ 4, 2026) അത്യപൂർവ്വമായൊരു രാത്രിയാണ്. സൗരയൂഥത്തിലെ ഏറ്റവും മനോഹരമായ ഗ്രഹമായ ശനി ഇന്ന് അതിന്റെ ‘പ്രതിപക്ഷ സ്ഥാനത്ത്’ (Saturn at Opposition) എത്തിയിരിക്കുകയാണ്. സൂര്യനും ശനിക്കും ഇടയിലൂടെ ഭൂമി കൃത്യമായി കടന്നുപോകുമ്പോൾ ശനി സൂര്യന് നേരെ എതിരായി വാനത്തിൽ നിലകൊള്ളുന്ന പ്രതിഭാസമാണിത്. ഈ വർഷം ശനിയെ ഏറ്റവും തിളക്കത്തോടെയും വലുപ്പത്തിലും കാണാൻ സാധിക്കുന്ന മികച്ച അവസരമാണിത്.
എന്താണ് ശനിയുടെ ‘പ്രതിപക്ഷ സ്ഥാനം’ ?
ഭൂമിയിൽ നിന്നുള്ള കാഴ്ചപ്പാടിൽ ശനി സൂര്യന് തൊട്ടുഎതിരായി വരുന്ന അവസ്ഥയാണിത്. ഈ പ്രത്യേക സ്ഥാനത്തിന്റെ ഫലമായി, സൂര്യൻ അസ്തമിക്കുന്നതോടെ കിഴക്കൻ ചക്രവാളത്തിൽ ശനി ഉദിച്ചുയരുകയും, സൂര്യോദയം വരെ രാത്രി മുഴുവൻ ആകാശത്ത് ഇത് ദൃശ്യമാവുകയും ചെയ്യും. ഈ വർഷം ശനിയെ നിരീക്ഷിക്കാൻ ഇതിലും മികച്ചൊരു ദിവസം വേറെയില്ല.
ഇന്ത്യയിൽ നിന്ന് കാണാൻ സാധിക്കുമോ?
ഇന്ത്യയിലുള്ള വാനനിരീക്ഷകർക്കും ജ്യോതിശാസ്ത്ര കുതുകികൾക്കും ഒക്ടോബർ 4, രാത്രി ശനിയെ വളരെ വ്യക്തമായി കാണാൻ സാധിക്കും. നഗ്നനേത്രങ്ങൾ കൊണ്ട് നോക്കിയാൽ പോലും ആകാശത്ത് തിളങ്ങുന്ന ശനിയെ തിരിച്ചറിയാൻ കഴിയും. എങ്കിലും, ഒരു ചെറിയ ടെലിസ്കോപ്പിന്റെ സഹായത്തോടെ നോക്കിയാൽ ശനിയുടെ വിസ്മയകരമായ രൂപവും വലുപ്പവും കൂടുതൽ വ്യക്തമായി ആസ്വദിക്കാൻ സാധിക്കും.
ശനിയെ എങ്ങനെയൊക്കെ തിരിച്ചറിയാം? പ്രത്യേകതകൾ എന്തെല്ലാം?
പ്രശസ്തമായ വളയങ്ങൾ: ശനിയെ മറ്റെല്ലാ ഗ്രഹങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതിന്റെ മനോഹരമായ വളയങ്ങളാണ്.ചെറിയ മണൽത്തരികൾ മുതൽ വലിയ പാറക്കഷണങ്ങൾ വരെയുള്ള കോടിക്കണക്കിന് ഐസ് കഷണങ്ങൾ ചേർന്നുണ്ടായതാണ്. ഈ വളയങ്ങൾക്ക് വിസ്തൃതി വളരെ കൂടുതലാണെങ്കിലും കട്ടി വളരെ കുറവാണ്.
ചന്ദ്രന്മാരുടെ സാമ്രാജ്യം: സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ ചന്ദ്രന്മാരുള്ള ഗ്രഹം ശനിയാണ്. നാസയുടെ കണക്കുപ്രകാരം 2026 ഓഗസ്റ്റ് വരെയുള്ള കണക്കുപ്രകാരം 293 സ്ഥിരീകരിച്ച ചന്ദ്രന്മാർ ശനിക്കുണ്ട്. ഇതിൽ ബുധനേക്കാൾ വലിപ്പമുള്ള ‘ടൈറ്റാൻ’, ഉപരിതലത്തിന് താഴെ സമുദ്രവും ബഹിരാകാശത്തേക്ക് നീരാവിയും ജലവും ചീറ്റുന്ന പ്ലൂമുകളുമുള്ള ‘എൻസെലാഡസ്’ തുടങ്ങിയവ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരുടെ പ്രത്യേക ശ്രദ്ധയാകർഷിച്ചവയാണ്.
ഈ ഒക്ടോബർ മാസം ആകാശത്തേക്ക് നോക്കാൻ വാനനിരീക്ഷകർക്ക് ലഭിച്ചിരിക്കുന്ന ഏറ്റവും മികച്ച കാരണങ്ങളിൽ ഒന്നാണിത്. ഇന്നത്തെ രാത്രിയിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ, ലളിതമായൊരു ടെലിസ്കോപ്പ് ഉപയോഗിച്ച് ശനിയുടെ വശ്യസുന്ദരമായ വളയങ്ങളെയും വലയ ചന്ദ്രന്മാരെയും നിങ്ങളുടെ കണ്ണുകൾക്ക് മുന്നിൽ നേരിട്ട് കാണാവുന്നതാണ്.







