ഭക്ഷണം കേടാകാതെ സൂക്ഷിക്കാനാണ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത്. എന്നാൽ ചില വീടുകളിൽ ഫ്രിഡ്ജിൽ വച്ച ഭക്ഷണം പെട്ടെന്ന് ചീത്തയാകുന്നത് കാണാറുണ്ട്. മാത്രമല്ല, രുചിയിലും ഘടനയിലും മാറ്റം വരാം. ഫ്രിഡ്ജിൽ തണുപ്പുണ്ടെങ്കിലും ഭക്ഷണം പെട്ടെന്ന് കേടാകുന്നതിന് പല കാരണങ്ങളുണ്ടാകാം.
ഫ്രിഡ്ജിലെ താപനില ശരിയല്ല
ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഫ്രിഡ്ജിന്റെ താപനില. ഫ്രിഡ്ജ് ആവശ്യത്തിന് തണുപ്പിക്കുന്നില്ലെങ്കിൽ ഭക്ഷണത്തിലെ ബാക്ടീരിയകൾ വേഗത്തിൽ വളരാം. സാധാരണയായി ഫ്രിഡ്ജിന്റെ താപനില 4°C അല്ലെങ്കിൽ അതിൽ താഴെ ആയിരിക്കണമെന്നാണ് ഭക്ഷ്യസുരക്ഷാ മാർഗനിർദേശങ്ങൾ പറയുന്നത്. ഫ്രിഡ്ജിന്റെ വാതിൽ ഇടയ്ക്കിടെ തുറക്കുന്നതും താപനിലയിൽ മാറ്റമുണ്ടാക്കാം.
ഫ്രിഡ്ജിലെ താപനില ശരിയല്ല
ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഫ്രിഡ്ജിന്റെ താപനില. ഫ്രിഡ്ജ് ആവശ്യത്തിന് തണുപ്പിക്കുന്നില്ലെങ്കിൽ ഭക്ഷണത്തിലെ ബാക്ടീരിയകൾ വേഗത്തിൽ വളരാം. സാധാരണയായി ഫ്രിഡ്ജിന്റെ താപനില 4°C അല്ലെങ്കിൽ അതിൽ താഴെ ആയിരിക്കണമെന്നാണ് ഭക്ഷ്യസുരക്ഷാ മാർഗനിർദേശങ്ങൾ പറയുന്നത്. ഫ്രിഡ്ജിന്റെ വാതിൽ ഇടയ്ക്കിടെ തുറക്കുന്നതും താപനിലയിൽ മാറ്റമുണ്ടാക്കാം.
ഫ്രിഡ്ജിൽ സാധനങ്ങൾ കുത്തിനിറയ്ക്കരുത്
ഫ്രിഡ്ജിൽ ആവശ്യത്തിലധികം ഭക്ഷണവും പാത്രങ്ങളും കുത്തിനിറച്ചാൽ തണുത്ത വായു സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയാതെ വരും. ഇതോടെ ചില ഭാഗങ്ങളിൽ ആവശ്യത്തിന് തണുപ്പ് ലഭിക്കില്ല. പ്രത്യേകിച്ച് പിന്നിലെ എയർ വെന്റുകൾ മൂടാതിരിക്കാൻ ശ്രദ്ധിക്കണം.
ചൂടുള്ള ഭക്ഷണം നേരിട്ട് ഫ്രിഡ്ജിൽ വയ്ക്കുന്നത്
വളരെ ചൂടുള്ള ഭക്ഷണം വലിയ പാത്രത്തിൽ തന്നെ ഫ്രിഡ്ജിൽ വയ്ക്കുന്നത് ഫ്രിഡ്ജിന്റെ ഉള്ളിലെ താപനില ഉയർത്താം. അതുവഴി സമീപത്തുള്ള മറ്റ് ഭക്ഷണങ്ങളും കൂടുതൽ നേരം സുരക്ഷിതമല്ലാത്ത താപനിലയിൽ തുടരാൻ സാധ്യതയുണ്ട്.
എന്നാൽ ഭക്ഷണം മണിക്കൂറുകളോളം പുറത്തുവച്ച് പൂർണമായി തണുപ്പിച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുന്നതും ശരിയായ രീതിയല്ല. പാകം ചെയ്ത ഭക്ഷണം ചെറിയ, ആഴം കുറഞ്ഞ പാത്രങ്ങളിലാക്കി വേഗത്തിൽ തണുപ്പിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്.
ഫ്രിഡ്ജ് വൃത്തിയാക്കാത്തത്
പാൽ, പഴകിയ പച്ചക്കറി, പഴയ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ എന്നിവ ഫ്രിഡ്ജിനുള്ളിൽ തന്നെ കിടക്കുന്നത് മറ്റുഭക്ഷണങ്ങളിലേക്കും ദുർഗന്ധവും മലിനീകരണവും പകരാൻ കാരണമാകും. ഫ്രിഡ്ജിലെ ഷെൽഫുകളും ഡ്രോയറുകളും ഇടയ്ക്കിടെ വൃത്തിയാക്കണം. പഴകിയ ഭക്ഷണം കണ്ടാൽ ഉടൻ നീക്കം ചെയ്യുന്നതും പ്രധാനമാണ്.
ഭക്ഷണം തുറന്നുവയ്ക്കുന്നത്
പാകം ചെയ്ത ഭക്ഷണം തുറന്ന പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കുന്നത് ഒഴിവാക്കുക. തുറന്നുവച്ച ഭക്ഷണം ഫ്രിഡ്ജിലെ മറ്റ് ഭക്ഷണങ്ങളുടെ മണം ആഗിരണം ചെയ്യുന്നതിനൊപ്പം മലിനീകരണത്തിനും സാധ്യതയുണ്ട്. ഭക്ഷണം മൂടിയ പാത്രത്തിലോ എയർടൈറ്റ് കണ്ടെയ്നറിലോ സൂക്ഷിക്കുന്നത് കൂടുതൽ സുരക്ഷിതമാണ്.
ഫ്രിഡ്ജിന്റെ വാതിൽ ഭാഗത്ത് എല്ലാം സൂക്ഷിക്കരുത്
ഫ്രിഡ്ജിന്റെ വാതിലിൻ്റെ ഭാഗത്ത് താപനില സാധാരണയായി അകത്തെ ഷെൽഫുകളേക്കാൾ സ്ഥിരത കുറവായിരിക്കാം. അതുകൊണ്ട് പാൽ പോലുള്ള എളുപ്പത്തിൽ കേടാകുന്ന ഭക്ഷണങ്ങൾ ഡോറിൽ സൂക്ഷിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഡോർ ഷെൽഫുകൾ സോസ്, അച്ചാർ, ജാം തുടങ്ങിയവയ്ക്കായി ഉപയോഗിക്കാം.
ഫ്രിഡ്ജിൽ വയ്ക്കുന്നതിന് മുമ്പ് ഭക്ഷണം മോശമായിരുന്നോ?
ഫ്രിഡ്ജിൽ വച്ചതു കൊണ്ട് മാത്രം, ഭക്ഷണം ഫ്രഷ് ആയിരിക്കണമെന്നില്ല. ഇതിനോടകം തന്നെ ഏറെ നേരം പുറത്തുവച്ച ഭക്ഷണമോ മോശമാകാൻ തുടങ്ങിയ ഭക്ഷണമോ ആണ് ഫ്രിഡ്ജിൽ വയ്ക്കുന്നതെങ്കിൽ പ്രയോജനമുണ്ടാകില്ല.
പ്രത്യേകിച്ച് പാകം ചെയ്ത ഭക്ഷണം, മാംസം, മീൻ, പാൽ ഉൽപ്പന്നങ്ങൾ തുടങ്ങിയവ ഏറെ നേരം മുറിയിലെ താപനിലയിൽ വച്ച ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം.
ഫ്രിഡ്ജിന്റെ താപനില ശരിയാക്കിയിട്ടും ഭക്ഷണം പതിവിലും വേഗത്തിൽ കേടാകുന്നുണ്ടെങ്കിൽ കൂളിങ് സിസ്റ്റം, തെർമോസ്റ്റാറ്റ്, വാതിൽ സീൽ, എയർ വെന്റ് തുടങ്ങിയവ പരിശോധിക്കേണ്ടി വരാം. അസാധാരണമായ ശബ്ദം, അമിതമായ ഐസ് അടിഞ്ഞുകൂടൽ, വെള്ളം ചോരൽ തുടങ്ങിയ പ്രശ്നങ്ങളും ശ്രദ്ധിക്കുക.







