കോഴിക്കോട് ∙ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ കേസിൽ നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്ത് കേസ് റജിസ്റ്റർ ചെയ്ത ശേഷം വിട്ടയച്ച യുട്യൂബർ അശ്വന്ത് കോക്കിനെതിരെ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനും നടപടി ഉണ്ടാകും. 2005 ഫെബ്രുവരി 17 ന് പേരാമ്പ്ര സബ് ആർടി ഓഫിസിൽ നിന്ന് അനുവദിച്ച ലൈസൻസിന് 2025 ഫെബ്രുവരി 16 വരെ മാത്രമാണ് കാലാവധി ഉണ്ടായിരുന്നത്.
കഴിഞ്ഞയാഴ്ച കോഴിക്കോട് നടക്കാവിനു സമീപമാണ് അശ്വന്തിന്റെ വാഹനം കാറിലും ഇരുചക്ര വാഹനത്തിലും മറ്റും ഇടിച്ച് അപകടം ഉണ്ടായത്. അപകടം ഉണ്ടാക്കിയ ശേഷം വാഹനം നിർത്താതെ ഓടിച്ചുപോകാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ തടഞ്ഞുവച്ച ശേഷം ട്രാഫിക് പൊലീസിന്റെ സഹായത്തോടെ നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
അപകടത്തിനു പിന്നാലെ കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധന നടത്തി കേസ് റജിസ്റ്റർ ചെയ്ത ശേഷം അശ്വന്തിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. അശ്വന്ത് ഓടിച്ച വാഹനം തട്ടി തകരാർ സംഭവിച്ച വാഹനങ്ങളുടെ ഉടമകൾ നൽകിയ പരാതിയിൽ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നത്.
സംഭവദിവസം ലൈസൻസ് കയ്യിൽ ഇല്ലെന്നാണ് അശ്വന്ത് പൊലീസിനെ അറിയിച്ചത്. ലൈസൻസ് സ്റ്റേഷനിൽ ഹാജരാക്കണം എന്നു നിർദേശിച്ചതു പ്രകാരം സമർപ്പിച്ച ഡ്രൈവിങ് ലൈസൻസിൽ ആണ് കാലാവധി തീർന്ന വിവരം പുറത്തുവന്നത്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനു അശ്വന്തിന് എതിരെ കേസ് റജിസ്റ്റർ ചെയ്യുമെന്ന് നടക്കാവ് പൊലീസ് അറിയിച്ചു. ലൈസൻസില്ലാതെ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിന് 5 വർഷത്തേക്ക് അശ്വന്തിന്റെ ലൈസൻസ് പുതുക്കി നൽകില്ലെന്ന് മോട്ടർ വാഹന വകുപ്പും വ്യക്തമാക്കി.
അശ്വന്ത് ഓടിച്ച വാഹനത്തിൽനിന്ന് രണ്ടു മദ്യക്കുപ്പിയും എയർ ഗണ്ണും പെല്ലറ്റുകളും കണ്ടെത്തിയിരുന്നു. ഇനി ഒരിക്കലും മദ്യപിച്ച് വാഹനം ഓടിക്കില്ലെന്നും ചെയ്തത് തെറ്റാണെന്നത് അംഗീകരിക്കുന്നതായും കഴിഞ്ഞ ദിവസം തന്റെ യുട്യൂബ് ചാനലിൽ ഒരു ചലച്ചിത്രത്തിന്റെ റിവ്യുവിനിടെ അശ്വന്ത് തുറന്നുപറഞ്ഞിരുന്നു. ജീവിതത്തിൽ നിയമവിരുദ്ധമായി ചെയ്ത ഏക കാര്യം ഇതാണെന്നും അശ്വന്ത് വ്യക്തമാക്കിയിരുന്നു.
‘‘എന്റെ വിഡിയോ ഇനി കാണേണ്ട, ഞാൻ ഭയങ്കര മോശക്കാരൻ ആണെന്ന് പലരും പറയുന്നു. ഞാനത് അംഗീകരിക്കുന്നു. തെറ്റുകൾ സംഭവിക്കും. മനുഷ്യന് തെറ്റുകൾ പറ്റും. പെൻസിലിന്റെ പുറകിൽ എന്തിനാണ് ഇറേസർ എന്ന് പണ്ട് ജോൺ ഡൺ ചോദിച്ചിട്ടുണ്ട്. പെൻസിലിന്റെ പുറകിൽ ഇറേസർ വെക്കുന്നത് എഴുതുമ്പോൾ തെറ്റും എന്ന് ഉറപ്പുള്ളതു കൊണ്ടാണ്.’’ – റിവ്യൂവിനിടെ അശ്വന്ത് പറഞ്ഞതിങ്ങനെ. കേരളത്തിലെ റോഡുകളിൽ ആളുകളുടെ ഡ്രൈവിങ് മോശമെന്ന നേരത്തെ അശ്വന്ത് കോക്ക് നടത്തിയ പരാമർശം അപകടത്തിന് ശേഷം വൈറലായിരുന്നു. ഹയർസെക്കൻഡറി സ്കൂളിലെ ഇംഗ്ലിഷ് അധ്യാപകനായിരുന്ന കോക്ക് നിലവിൽ അവധിയിലാണ്.






