മഞ്ചേരി (മലപ്പുറം) ∙ മഞ്ചേരി നഗരസഭയിലെ ശുചീകരണത്തൊഴിലാളിയായ പൂക്കോട്ടൂർ പുളിക്കത്തൊടി കൃഷ്ണൻകുട്ടി തനിത്തങ്കമാണ്; വീണുകിട്ടിയ 25 പവൻ സ്വർണാഭരണം ഉടമയെ തിരിച്ചേൽപിച്ച അദ്ദേഹത്തിന് ഇതിലും നല്ല വിശേഷണമില്ല.
ഇന്നലെ രാവിലെ ജോലിക്കിടെ റോഡിൽ നിന്നു കിട്ടിയ പൊതിയിൽ 5 മാല, 3 പാദസരം, 3 കൈ ചെയിൻ, 4 ലോക്കറ്റ്, മോതിരം, 4 വള, 2 കമ്മൽ എന്നിവ കണ്ടതോടെ കൃഷ്ണൻകുട്ടി നഗരസഭ ആരോഗ്യ വിഭാഗം ഓഫിസിൽ ഏൽപിക്കുകയായിരുന്നു.
കിഴിശേരി തൗഫീഖ് ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയുടെ സ്വർണമാണ് ജീവനക്കാരന്റെ കയ്യിൽ നിന്നു നഷ്ടമായത്. കവറിലാക്കി പാന്റ്സിന്റെ പോക്കറ്റിലിട്ട് സ്കൂട്ടറിൽ പോകുമ്പോൾ കവർ താഴെ വീഴുകയായിരുന്നു. നഗരസഭാ അംഗങ്ങൾ, ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിൽ ജ്വല്ലറി മാനേജിങ് ഡയറക്ടർ എം.കെ.അബൂബക്കറിനു സ്വർണം കൈമാറി.






