ജിദ്ദ വിമാനത്താവളത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി നഴ്സ് ഫിലോമിന (32) മോചിതയായി. അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ വച്ച് രാജ്യത്ത് നിയന്ത്രണമുള്ള മരുന്ന് കൈവശമുണ്ടായതിനെ തുടർന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിനു കൈമാറിയിരുന്നു. തുടർന്നുള്ള വിശദമായ അന്വേഷണത്തിൽ അസ്വാഭാവികതയൊന്നുമില്ലെന്നും നിരപരാധിയാണെന്നും തെളിഞ്ഞതിനെത്തുടർന്നാണ് അധികൃതർ വിട്ടയച്ചത്.
വയനാട്, സുൽത്താൻ ബത്തേരി, അയ്യങ്കൊല്ലി സ്വദേശിയായ ഫിലോമിന, നാട്ടിൽ നിന്നും അവധി കഴിഞ്ഞ് ഒക്ടോബർ 10ന് ബെംഗളൂരുവിൽ നിന്നും ജിദ്ദ വഴി റിയാദിലേക്ക് യാത്ര തിരിച്ചത്. ജിദ്ദയിൽ വിമാനമിറങ്ങി റിയാദിലേക്കുള്ള വിമാനത്തിൽ മാറിക്കയറാനിരിക്കെ പിതാവ് രവിക്കും ഭർത്താവ് ജോണിനും അയച്ച ശബ്ദസന്ദേശത്തിൽ, ജിദ്ദ വിമാനത്താവളത്തിൽ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയതായും ഫോൺ ആവശ്യപ്പെട്ടതായും പറഞ്ഞിരുന്നു. പിന്നീട് ഫിലോമിനയെ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ കുടുംബം വലിയ ആശങ്കയിലായതോടെ റിയാദിലെ ആശുപത്രി അധികൃതരുമായും സഹപ്രവർത്തകരുമായും അന്വേഷണം നടത്തിയെങ്കിലും അവിടെ എത്തിയിട്ടില്ലെന്ന് വ്യക്തമാവുകയായിരുന്നു. അതോടെ കേരളത്തിൽ മാധ്യമങ്ങളിലൂടെ പരാതിപ്പെടുകയും നിയമസഹായം തേടി ഇന്ത്യൻ എംബസിയുൾപ്പെടെ സമീപിക്കുകയായിരുന്നു.
തുടർന്ന് റിയാദ് ഇന്ത്യൻ എംബസിയുടെയും ജിദ്ദ കോൺസുലേറ്റിന്റെയും സാമൂഹ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഫിലോമിന ജിദ്ദയിൽ പൊലീസിന്റെ കസ്റ്റഡിയിലാണെന്ന വിവരം പുറത്തുവന്നത്. പരിശോധനയിൽ കസ്റ്റഡിയിലായ ഇവർക്കെതിരെയുള്ള സംശയങ്ങൾ ദുരീകരിക്കപ്പെടുകയും നിരപരാധിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തതോടെയാണ് ഫിലോമിന മോചിതയായത്. കഴിഞ്ഞ മൂന്ന് വർഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയാണ്.







