ലണ്ടൻ∙ രഹസ്യ പ്രണയത്തിനൊടുവിൽ ബന്ധം അവസാനിപ്പിച്ചതിന്റെ പ്രതികാരമായി ചൈനീസ് യുവതിയെ ലണ്ടനിലെ താമസസ്ഥലത്ത് കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ യുവാവ് ദീപക് സന്ധുവിന് (24) ജീവപര്യന്തം തടവ്. കുറഞ്ഞത് 28 വർഷം ജയിലിൽ കഴിയണമെന്നാണ് ഓൾഡ് ബെയ്‌ലി കോടതി വിധിച്ചത്. 2025 ഡിസംബറിൽ നടന്ന കൊലപാതകക്കേസിലാണ് ഇപ്പോൾ കോടതി ശിക്ഷ വിധിച്ചത്. 2025 ഡിസംബർ 9ന് ലണ്ടനിലെ എർൾസ് കോർട്ടിലുള്ള താമസസ്ഥലത്താണ് ചൈനീസ് യുവതി ഷിയാവോചിങ് കെ (39) കൊല്ലപ്പെട്ടത്. നിരവധി കുത്തേറ്റ പരുക്കുകളോടെയാണ് പിറ്റേന്ന് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതിയുമായി ഹ്രസ്വകാല പ്രണയബന്ധത്തിലായിരുന്ന ദീപക് സന്ധു യുവതിയിൽനിന്ന് 500 പൗണ്ട് മോഷ്ടിച്ചതായും തന്റെ പശ്ചാത്തലത്തെക്കുറിച്ച് നിരവധി കള്ളങ്ങൾ പറഞ്ഞതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ യുവതി ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചു.
ബന്ധം അവസാനിപ്പിച്ചതിൽ പ്രകോപിതനായ സന്ധു യുവതിയോട് പ്രതികാരം ചെയ്യുന്നതിനെക്കുറിച്ച് സുഹൃത്തുക്കൾക്ക് സന്ദേശങ്ങൾ അയച്ചിരുന്നു. പിന്നീട് പണം തിരികെ നൽകാമെന്നും മറ്റ് സഹായങ്ങൾ ചെയ്യാമെന്നും പറഞ്ഞ് യുവതിയെ വീണ്ടും കാണാൻ സമ്മതിപ്പിച്ചു. തുടർന്ന് സൗത്താംപ്ടണിൽനിന്ന് കത്തിയുമായി ലണ്ടനിലെത്തി യുവതിയെ ആക്രമിക്കുകയായിരുന്നു.
കൊലപാതകത്തിനുശേഷം സന്ധു മുംബൈയിലേക്ക് പോകുന്നതിനായി വൺവേ വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. ഫോണിലെ സിം കാർഡ് മാറ്റുകയും സംഭവത്തെക്കുറിച്ച് സഹോദരിയോട് തെറ്റായ വിവരങ്ങൾ നൽകുകയും ചെയ്തു. എന്നാൽ 2025 ഡിസംബർ 12ന് ബർമിങ്ഹാം വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ കോച്ചിൽവച്ച് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
2024 സെപ്റ്റംബറിലാണ് സന്ധു സ്റ്റുഡന്റ് വീസയിൽ യുകെയിലെത്തിയത്. സൗത്താംപ്ടണിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠിച്ചിരുന്ന ഇയാളുടെ പഠനം മുടങ്ങിയതിനെ തുടർന്ന് 2025 മാർച്ചിൽ സ്റ്റുഡന്റ് വീസ റദ്ദാക്കിയിരുന്നു. കേസിന്റെ വിചാരണയ്ക്കിടെ കൊലപാതകം താനല്ല ചെയ്തതെന്ന് സന്ധു വാദിച്ചെങ്കിലും ഫോൺ വിവരങ്ങൾ, സിസിടിവി ദൃശ്യങ്ങൾ, ഡോർബെൽ ക്യാമറ ദൃശ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള തെളിവുകൾ പരിഗണിച്ച ജൂറി ഇയാളെ കുറ്റക്കാരനായി കണ്ടെത്തുകയായിരുന്നു. ഒക്ടോബർ 15ന് കുറ്റക്കാരനെന്ന് കണ്ടെത്തിയ സന്ധുവിന് കഴിഞ്ഞ ദിവസമാണ് കോടതി ശിക്ഷ വിധിച്ചത്.








