കുട്ടികളുടെ ആവർത്തിച്ചുള്ള നിലവിളികളും ബാൽ ഖഡ്ക (44) വകവച്ചില്ല. ക്രൂരതയുടെ പാരമ്യത്തിലായിരുന്നു അമേരിക്കയിലെ വെർമോണ്ട് സംസ്ഥാനത്തുള്ള ബർലിങ്ടനിൽ ഈ മാസം പത്തിന് ബാൽ അഴിഞ്ഞാടിയത്. വലിയൊരു ടോർച്ച് കൊണ്ട് തലയ്ക്കടിച്ച് ഭാര്യയെ ബാൽ ഖഡ്ക കൊലപ്പെടുത്താൻ ശ്രമിക്കുന്നത് കണ്ടാണ് കുട്ടികൾ നിലവിളിച്ചത്. ഭൂട്ടാനീസ്-നേപ്പാളി കുടിയേറ്റ പശ്ചാത്തലമുള്ള ഏഷ്യൻ വംശജനാണ് പ്രതി അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ ഭാര്യ ലീല ദർജി ഖഡ്കയാണ് കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്.
10 വയസ്സിന് താഴെയുള്ള മൂന്ന് കുട്ടികളുടെയും ഒരു കുട്ടിയുടെ സുഹൃത്തിന്റെയും മുന്നിൽ വച്ചായിരുന്നു ക്രൂരമായ ആക്രമണം. അപ്പാർട്മെന്റിൽ വച്ച് ലഹരിയിലായിരുന്ന പ്രതി ‘അയ്യോ, അച്ഛാ, ചെയ്യരുത്’ എന്ന കുട്ടികളുടെ തുടർച്ചയായ നിലവിളി അവഗണിച്ചിരുന്നു. ഇതിന്റെ ശബ്ദസന്ദേശം കുട്ടികളിലൊരാൾ ഫോണിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്. ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒക്ടോബർ 11ന് ലീല മരണത്തിന് കീഴടങ്ങി. മുൻപും ഇയാൾക്കെതിരെ ഗാർഹിക പീഡനത്തിന് കേസുകൾ ഉണ്ടായിരുന്നതായി പൊലീസ് രേഖകൾ വ്യക്തമാക്കുന്നു.
ചിറ്റെൻഡൻ സുപ്പീരിയർ കോടതിയിൽ ഹാജരാക്കിയ പ്രതിക്കെതിരെ കൊലപാതകം, കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിച്ചതിന് ചൈൽഡ് ക്രൂവൽറ്റി എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. നിലവിൽ ജാമ്യമില്ലാതെ റിമാൻഡിൽ കഴിയുന്ന പ്രതിക്കെതിരെയുള്ള വിചാരണ നടപടികൾ പുരോഗമിക്കുകയാണ്.








