മീനങ്ങാടിയിൽ യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസിൽ രണ്ട് പേർ കൂടി പൊലീസ് കസ്റ്റഡിയിൽ. കണ്ണൂർ എടത്തൊട്ടിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന കണ്ണൂര്‍ പുനിയാനം സ്വദേശിയായ ഉറക്കുന്ന് പറമ്പില്‍ കനകരാജ് കെ. (28), പേരാവൂര്‍ മണത്തണമേലെ മുരിങ്ങോടി സ്വദേശിയായ പുതുപ്പറമ്പില്‍ പ്രണവ് പി. (24)എന്നിവരാണ് മീനങ്ങാടി പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ സെപ്തംബർ 30 ന് മീനങ്ങാടി എഫ് സി ഐ ഗോഡൗണിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ബേഗൂരിൽ നിന്ന് കൊടുവള്ളിയിലേക്ക് പോവുകയായിരുന്ന യാത്രക്കാരനെ പിന്തുടർ തടഞ്ഞ് നിർത്തി. തുടർന്ന് മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് കാറും 21000 രൂപയും കവർന്നെടുക്കുകയായിരുന്നു. കണ്ണൂർ മുഴക്കുന്ന് പുനിയാനം സ്വദേശി ഉറക്കുന്ന് പറമ്പിൽ കനകരാജ് കെ , പേരാവൂർ മണത്തലമേലെ മുരിങ്ങോടി സ്വദേശി പുതുപ്പറമ്പിൽ പ്രണവ് എന്നിവരെയാണ് പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. അമ്പലവയൽ സർക്കിൾ ഇൻസ്പെക്ടർ ബിജു ആൻ്റണിയുടെ നേതൃത്വത്തിലുള്ള സംഘവും ജില്ലാ പൊലീസ് മോധാവിയുടെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കേസിൽ രണ്ട് പേരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഇനി എട്ട് പേരെ കൂടി കണ്ടെത്താനുണ്ടെന്ന് പൊലീസ് അറിയിച്ചു. പിടിയിലായ പ്രണവിനെതിരെ ഒരു കേസും കനകരാജിനെതിരെ വിവിധ സ്‌റ്റേഷനുകളിലായി നിരവധി കേസുകളുമുണ്ടെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.








