‘അസഭ്യം പറഞ്ഞ് ഓടി, അങ്ങനെ വിടാൻ പറ്റുമോ?’: തള്ളിയിട്ട് പരുക്കേറ്റിട്ടും അക്രമിയെ ഓടിപ്പിടിച്ചു; വീണയുടേത് സിനിമാസ്റ്റൈൽ ചേസിങ്

Spread the love

കട്ടപ്പന ∙ ‘‘ഒരു പെൺകുട്ടിയോട് അസഭ്യം പറഞ്ഞിട്ട് കടന്നുകളയാനുള്ള ധൈര്യം അയാൾക്കിനി ഉണ്ടാകരുത്.’’ ശല്യപ്പെടുത്തിയ യുവാവിനെ ഓടിച്ചിട്ട് പിടികൂടി പൊലീസിന് കൈമാറാൻ തോന്നിപ്പിച്ചതെന്താണെന്ന ചോദ്യത്തിന് വട്ടുകുന്നേൽപടി പുത്തൻപറമ്പിൽ വീണാ സജിക്ക് മറ്റൊരുത്തരമില്ല. മാതാപിതാക്കൾക്കൊപ്പം മാർക്കറ്റിൽ എത്തിയപ്പോൾ മോശമായി പെരുമാറാൻ ശ്രമിച്ച യുവാവിനെ അരക്കിലോമീറ്ററിലധികം പിന്തുടർന്നാണ് വീണ (17) പിടികൂടിയത്. ഇതിനിടെ ഇയാൾ തള്ളി വീഴ്ത്തിയപ്പോൾ കാൽമുട്ടിനു പരുക്കേറ്റെങ്കിലും വീണ ‍ഓട്ടം നിർത്തിയില്ല. ഒടുവിൽ ബസ് സ്റ്റാൻഡിൽ വച്ച് ഇയാളെ പിടികൂടി പൊലീസിനു കൈമാറി. 21നു വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം.

 

‘‘അച്ഛൻ സജിക്കും അമ്മ ബിന്ദുവിനും ഒപ്പമാണ് സാധനങ്ങൾ വാങ്ങാനായി നഗരത്തിലെ മാർക്കറ്റിൽ എത്തിയത്. മാർക്കറ്റിലേക്കു കയറിയപ്പോൾത്തന്നെ, സമീപത്തു നിന്നിരുന്ന ഇയാൾ മോശമായി സംസാരിച്ചു. മാതാപിതാക്കൾ പറഞ്ഞതുകൊണ്ട് പ്രതികരിക്കാതെ മുന്നോട്ടുപോയി. പക്ഷേ ഇയാൾ പിന്നാലെയുണ്ടായിരുന്നു. സാധനങ്ങൾ വാങ്ങി തിരികെപ്പോകാൻ തുടങ്ങിയപ്പോൾ അയാൾ വീണ്ടും മോശമായി സംസാരിച്ചു. പ്രതികരിച്ചപ്പോൾ അയാൾ ഓടി ഒരു ഓട്ടോറിക്ഷയിൽ കയറി.

 

അങ്ങനെ വിടാൻ പറ്റുമോ? ഞാൻ ഓടിച്ചെന്ന് ഓട്ടോറിക്ഷയ്ക്കു മുൻപിൽ നിന്നിട്ട് അയാളെ ഇറക്കിവിടാൻ ആവശ്യപ്പെട്ടു. ഓട്ടോയിൽനിന്ന് ഇറങ്ങിവന്ന അയാൾ എന്റെ അമ്മയോട് അസഭ്യം പറഞ്ഞു. അതിനുശേഷം ഒന്നും സംഭവിക്കാത്തതുപോലെ നിസ്സാരമായി കടന്നുകളയുന്നതുകണ്ടതോടെയാണ് പിന്നാലെ ഓടാൻ തീരുമാനിച്ചത്. മാർക്കറ്റ് ഭാഗത്തുനിന്ന് ഇടശേരി ജംക്‌ഷൻ വഴി പുതിയ ബസ് സ്റ്റാൻഡ് ലക്ഷ്യമാക്കിയാണ് അയാൾ ഓടിയത്. സ്റ്റാൻഡിലേക്കുള്ള പ്രവേശനകവാടം പിന്നിട്ട് ഓടുന്നതിനിടെ അയാളെ പിടികൂടിയെങ്കിലും എന്നെ തള്ളിവീഴ്ത്തിയശേഷം അയാൾ വീണ്ടും ഓടി. വീണ് കാൽമുട്ടിനു പരുക്കേറ്റെങ്കിലും അയാളെ പിടികൂടിയേ തീരൂ എന്ന് ഞാൻ ഉറപ്പിച്ചിരുന്നു.

 

എഴുന്നേറ്റ് വീണ്ടും ഓടി. സ്റ്റാൻഡിലെത്തിയപ്പോൾ വീണ്ടും പിടികൂടാനായി. അതോടെ, സ്റ്റാൻഡിൽ ഉണ്ടായിരുന്നവരും സമീപത്തെ വ്യാപാരികളുമെല്ലാം ചേർന്ന് അയാളെ തടഞ്ഞുവച്ചു. വിവരമറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.’’ വീണ പറയുന്നു.

 

സ്വകാര്യ കോളജിൽ പ്ലസ്ടു വിദ്യാർഥിയായ വീണയ്ക്ക് ആർമിയിൽ ചേരണമെന്നാണ് ആഗ്രഹം. ഒരു അക്കാദമിയിൽ ആറുമാസമായി പരിശീലനം നടത്തിവരികയാണ്. പൊൻകുന്നത്തുനിന്ന് ഒരുവർഷം മുൻപാണു കുടുംബം ചപ്പാത്തിലേക്കു താമസം മാറിയത്.

  • Related Posts

    മലബാര്‍ ഗോള്‍ഡിന്റെ ആഭരണപ്പെട്ടികള്‍ നിര്‍മ്മിക്കുന്നിടത്ത് വന്‍ തീപിടുത്തം

    Spread the love

    Spread the loveകോഴിക്കോട്: ഉള്ളിയേരി മുണ്ടോത്ത് പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡിന്റെ ആഭരണപ്പെട്ടി നിർമ്മാണ കേന്ദ്രത്തിൽ അഗ്നിബാധ. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. വിവരമറിഞ്ഞയുടന്‍ പേരാമ്പ്ര, നരിക്കുനി, കൊയിലാണ്ടി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘമെത്തി തീയണച്ചു.   മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് തീ…

    സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; നിരക്ക് വർധന ഉൾപ്പെടെ ആവശ്യങ്ങളുമായി 27 മുതൽ ബസുടമകളുടെ അനിശ്ചിതകാല നിരാഹാര സമരം

    Spread the love

    Spread the love  തൃശൂർ: സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ബസുടമകൾ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് (Kerala Private Bus Strike). ഒക്ടോബർ 27 മുതൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലാണ് സമരം…

    Leave a Reply

    Your email address will not be published. Required fields are marked *