വാതിൽ തുറന്നിട്ട് അനാശാസ്യം; പേരിൽ മാത്രം തെറപ്പിസ്റ്റ്; വഴി രോഗത്തിലേക്ക്

Spread the love

മുൻപ് ഗോവയിലും മൈസൂരുവിലും മംഗളൂരുവിലും ഗുണ്ടൽപേട്ടിലും ‘ഉഴിച്ചിലിനു’ പോയിരുന്നവർ ഇപ്പോൾ നാട്ടിൽത്തന്നെയുള്ള സ്പാകളിലാണ് പോകുന്നത്. അവിടെ ‘കിട്ടുന്നതെല്ലാം’ ഇവിടെയും കിട്ടും. വൈദ്യുതി, ടെലിഫോൺ പോസ്റ്റുകളിലും നാലാൾ കൂടുന്നിടത്തുമെല്ലാം ‘യൂണിസെക്സ് സ്പാ’ എന്നെഴുതിയതിനടിയിൽ ഫോൺ നമ്പർ രേഖപ്പെടുത്തിയ പോസ്റ്ററുകൾ കാണാം. ഇതിൽ വിളിച്ചാൽ എത്തേണ്ട കേന്ദ്രം പറഞ്ഞുതരും. ഓർക്കുക, ഇതു സ്വർഗത്തിലേക്കുള്ള വഴിയായിരിക്കില്ല. ചിലപ്പോൾ രോഗവുമായി തിരികെവരാം. അതുമല്ലെങ്കിൽ, തല്ലും വാങ്ങി കയ്യിലുള്ളതു കൊടുത്തിട്ടു മടങ്ങാം. നിയമാനുസൃതം നടത്തുന്ന സ്പാകൾക്കു പേരുദോഷവുമായി അനധികൃത സ്പാകൾ പെരുകുകയാണ്. സംസ്ഥാനത്ത് മൂവായിരത്തോളം അനധികൃത സ്പാകൾ ഉണ്ടെന്നാണ് കണക്ക്.

 

ഇല്ല, അറിവോ സർട്ടിഫിക്കറ്റോ

 

മണിക്കൂറിന് 1,500 മുതൽ 2,000 രൂപവരെ വാങ്ങുന്ന സ്പായിൽ തെറപ്പിസ്റ്റെന്ന പേരിൽ വരുന്ന മിക്കവരും മസാജിങ്ങുമായി ബന്ധപ്പെട്ട ഒരംഗീകൃത കോഴ്സും പാസാകാത്തവരാണ്. ശരീരത്തിൽ പൗഡർ, ഓയിൽ, ക്രീം എന്നിവ തേച്ച് അശാസ്ത്രീയമായി തിരുമ്മുക മാത്രമാണു പലരും ചെയ്യുന്നത്. ആലപ്പുഴയിൽ നടന്ന പരിശോധനയിൽ 3 സ്പാകളിൽ നിന്നായി 13 സ്ത്രീകളെ പൊലീസ് പിടികൂടിയതിൽ ഒരാൾക്കുപോലും മസാജ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. എല്ലാവരും മലയാളികൾ. ആയുർവേദ വെൽനെസ് സെന്ററെന്നാണ് പല സ്പാകളുടെയും ബോർഡിൽ ഉള്ളതെങ്കിലും ആയുർവേദവുമായി ബന്ധപ്പെട്ട കോഴ്സ് പൂർത്തിയാക്കിയവർ ഉണ്ടാകാറില്ല. കാർഡിൽ വിവിധ മസാജുകളുടെ പേരുണ്ടാവുമെങ്കിലും ഇതൊന്നും ചെയ്യാൻ പലയിടത്തെയും ജീവനക്കാർക്ക് അറിയില്ലെന്നതാണ് യാഥാർഥ്യം. അടച്ചിട്ട മുറിയിൽ നടക്കുന്നതിനാൽ പല കള്ളക്കളികളും കണ്ടെത്താൻ അധികൃതർക്കു കഴിയാറുമില്ല.

 

ആലപ്പുഴയിൽ കഴിഞ്ഞദിവസം പൊലീസ് പരിശോധന നടത്തിയ സ്പായിൽ ജീവനക്കാരിയോടു യോഗ്യത ചോദിച്ചപ്പോൾ മൊബൈൽ ഫോണിൽ ഒരു സർട്ടിഫിക്കറ്റ് കാണിച്ചു. എന്നാൽ, ആ സ്ഥാപനം എവിടെയാണെന്നുപോലും അവർക്കറിയില്ലായിരുന്നു. ലൈസൻസിനുവേണ്ടി ഹാജരാക്കുന്ന സർട്ടിഫിക്കറ്റ് വ്യാജമാണോയെന്നു തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥർ പരിശോധിക്കാറില്ല. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടല്ലോ എന്നാകും ന്യായം. എന്നാൽ, ലൈസൻസിന് അപേക്ഷിക്കുന്നയാളുടെ പേരിൽ നിലവിൽ കേസുകളൊന്നും ഇല്ല എന്നു മാത്രമേ ക്ലിയറൻസ് സർട്ടിഫിക്കറ്റുകൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ എന്നു പൊലീസ് പറയുന്നു. സർട്ടിഫിക്കറ്റുള്ള ജീവനക്കാരുടെ രേഖകൾ സമർപ്പിച്ചാണ് ലൈസൻസും പൊലീസ് ക്ലിയറൻസും ചിലർ നേടുന്നത്. പിന്നീട് സർട്ടിഫിക്കറ്റൊന്നുമില്ലാത്ത കൂടുതൽ സ്ത്രീകളെ നിയമിക്കും. പരിശോധനകളില്ലാത്തതിനാൽ പിടിക്കപ്പെടാറുമില്ല.

 

പെർഫോമൻസിന് ബോണസ്

 

താമസത്തിനും ഭക്ഷണത്തിനും പുറമേ 15,000– 30,000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് സ്പാകളിലേക്കു വനിതാ തെറപ്പിസ്റ്റുകൾക്കായുള്ള പരസ്യം സമൂഹമാധ്യമങ്ങൾവഴി പ്രചരിക്കുന്നത്. തായ്, ബാലിനീസ്, അരോമ തെറപ്പി എന്നിവയിൽ പ്രാവീണ്യമുള്ളവർക്കും ആയുർവേദ തിരുമ്മൽ കേന്ദ്രങ്ങളിൽ സഹായികളായി നിന്നവർക്കും കൂടുതൽ തുക വാഗ്ദാനം ചെയ്യും. പെർഫോമൻസ് ബോണസാണ് പലയിടത്തെയും ആകർഷണം. ക്രോസ് മസാജിന് (ഫീമെയിൽ ടു മെയിൽ, മെയിൽ ടു ഫീമെയിൽ) സമ്മതമുള്ളവർ, ഇംഗ്ലിഷ് പ്രാവീണ്യമുള്ളവർ, പേരു മാറ്റിപ്പറഞ്ഞ് സ്വകാര്യത സ്വയം സംരക്ഷിക്കുന്നവർ, കസ്റ്റമേഴ്സിനെ ആകർഷിച്ച് കൂടുതൽ സർവീസുകൾ എടുപ്പിക്കുന്നവർ തുടങ്ങിയവരാണ് ഗുഡ് പെർഫോമേഴ്സ്. ഇതര സംസ്ഥാനക്കാരല്ല, തദ്ദേശീയരോ ഇംഗ്ലിഷ് സംസാരിക്കുന്നവരോ ആണ് തെറപ്പിസ്റ്റുകളെന്നു പ്രത്യേകം പരസ്യം ചെയ്യുന്നവരുമുണ്ട്.

 

ശരിക്കുണ്ട്, സിലബസ്

 

കേന്ദ്ര തൊഴിൽ വകുപ്പിന്റെ സ്കിൽ ഡവലപ്മെന്റ് ഇനിഷ്യേറ്റീവ് സ്കീമിന് (എസ്ഡിഐഎസ്) കീഴിൽ സ്പാ ആൻഡ് വെൽനെസ് സെക്ടറിലെ പഠനത്തിനുവേണ്ട സിലബസ് പ്രതിപാദിക്കുന്നുണ്ട്. ഫസ്റ്റ് ലവൽ സ്പാ തെറപ്പിസ്റ്റ് ശരീരത്തിലെ മുറിവുകൾ തിരിച്ചറിയാനും ശുശ്രൂഷിക്കാനുമുള്ള ഫസ്റ്റ് എയ്ഡ്, ഹൗസ് കീപ്പിങ് ആൻഡ് ഹൈജീൻ, ശ്വസന ടെക്നിക്കുകൾ, സ്ട്രെസ് മാനേജ്മെന്റ് എക്സർസൈസുകൾ, യോഗ, ഡയറ്റ് എന്നിവ പഠിക്കണം. സ്പാ കരിയർ ഓപ്ഷനുകൾ, അതിലെ സ്റ്റാർട്ടപ് സാധ്യതകൾ തുടങ്ങിയവ അടുത്ത ലെവലിൽ പറയുന്നുണ്ട്. സ്വീഡിഷ് മസാജ്, അഭ്യംഗം, ശിരോധാര, പിഴിച്ചിൽ, പഴ്സനൽ ഗ്രൂമിങ്, അനാട്ടമി ആൻഡ് ഫിസിയോളജി, ഇൻട്രൊഡക്‌ഷൻ ടു സ്പാ, സ്പാ പ്രോഡക്ട് നോളജ്, മസാജ് എന്നിവയും പഠിപ്പിക്കുന്നു. ഇത്തരത്തിൽ പഠിച്ചവരായിരിക്കണം ആയുർവേദ സ്പാകളിലെ തെറപ്പിസ്റ്റുകളെന്നാണ് വയ്പ്. മേൽനോട്ടത്തിന് ആയുർവേദ ഡോക്ടറും വേണം.

 

പരിശീലനം, പണം വാങ്ങി

 

ഫൂട് പൾസ് റിഫ്ലക്സോളജിയിൽ (വിവിധ അവയവങ്ങളിൽ പ്രതിഫലിക്കുന്ന തരത്തിൽ കാൽപാദത്തിന്റെ വിവിധ ഭാഗങ്ങളിൽ മസാജ് ചെയ്യുന്ന രീതി) പരിശീലനം നൽകി ജോലി ഏർപ്പാടാക്കാമെന്നു വാഗ്ദാനം ചെയ്ത് പെൺകുട്ടികളിൽനിന്നു പണം വാങ്ങി പരിശീലനമെന്ന വ്യാജേന ജോലി ചെയ്യിക്കുന്നവരുണ്ട്. താമസവും ഭക്ഷണവും സൗജന്യമെന്നും ശമ്പളം ടിപ് ബേസ്ഡ് ആയിരിക്കുമെന്നും പറഞ്ഞ് വനിതകളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങളുമുണ്ട്. റിഫ്ലക്സോളജി പഠിപ്പിക്കാമെന്ന് അവകാശപ്പെടുന്നവർ 3 ദിവസത്തെ കോഴ്സും അതിന്റെ സർട്ടിഫിക്കറ്റുമാണ് വാഗ്ദാനം ചെയ്യുന്നത്. ബിഎസ്എസ്, ഐഎസ്എ സർട്ടിഫൈഡ് കോഴ്സുകൾ അനാട്ടമി, ഫിസിയോളജി, തായ് മസാജ്, ബാലിനീസ് മസാജ് എന്നിവയാണ് പാഠ്യക്രമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചില സ്പാകൾ ജീവനക്കാരെ ഇത്തരം കോഴ്സുകൾ പഠിപ്പിക്കും. മിക്കവരും ഇവിടെനിന്നു പഠിച്ചെന്നു പറയുന്നവരെയാണ് പുതുമുഖങ്ങളെ പഠിപ്പിക്കാൻ ഉപയോഗിക്കുന്നത്.

 

ഒരു സ്ഥലത്തു വിളിച്ചുചോദിച്ചപ്പോൾ കോയമ്പത്തൂരിൽനിന്ന് ‘യോഗ യോഗി മസാജി’ന്റെ കോഴ്സ് പാസായിട്ടുണ്ടെന്നാണ് തെറപ്പിസ്റ്റ് അവകാശപ്പെട്ടത്. ‘എക്സ്ട്രാ സർവീസ്’ വേണ്ടവർക്കു വേറെ ബുക്കിങ് ആണെന്നും പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ ചില ഗ്രൂപ്പുകളിൽ‍ ഹോം വിസിറ്റുകളും ഹോട്ടൽ മസാജുകളും വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങളും കാണാം.

 

രഹസ്യമല്ല, പരസ്യം

 

ആലപ്പുഴ മണ്ണഞ്ചേരിയിൽ മസാജിങ്ങിന്റെ മറവിൽ അനാശാസ്യം നടക്കുന്നുണ്ടെന്നു കണ്ടെത്തി പൊലീസ് പൂട്ടിച്ച സ്പായെക്കുറിച്ച് സമീപവാസികൾക്കു ചെറിയ സംശയം പോലുമില്ലായിരുന്നു. ദേശീയപാതയിൽനിന്ന് 100 മീറ്റർ മാത്രം അകലെ റോഡരികിലെ രണ്ടുനില വീട്ടിലായിരുന്നു സ്പാ. ‘വീടിന്റെ ഗേറ്റ് എപ്പോഴും തുറന്നിട്ടിരിക്കും. മുൻവശത്തെ വാതിലും തുറന്നുകിടക്കും. പിന്നെ സംശയിക്കാൻ എന്താണ്’ എന്നാണ് പരിശോധനയ്ക്കു നേതൃത്വം നൽകിയ സിഐയോട് പഞ്ചായത്തംഗവും നാട്ടുകാരും ചോദിച്ചത്. ഇവിടെനിന്നാണ് ഇടപാടുകാരനെ ഉൾപ്പെടെ അറസ്റ്റ് ചെയ്തത്. കായംകുളത്തിനടുത്ത കരീലക്കുളങ്ങരയിൽ അനാശാസ്യം പിടികൂടിയ സ്പാ പ്രവർത്തിച്ചിരുന്നതു ദേശീയപാതയോരത്തെ രണ്ടുനിലക്കെട്ടിടത്തിന്റെ മുകൾനിലയിലായിരുന്നു. ദുരൂഹത സംശയിക്കുന്ന ഒന്നും ഇവയുടെ പ്രവർത്തനത്തിൽ ഇല്ലായിരുന്നു.

 

നിയമം ഇങ്ങനെ

നിയമാനുസൃതമായി സ്പാ സെന്റർ നടത്താൻ ലൈസൻസിനു തദ്ദേശ സ്ഥാപനത്തെ സമീപിക്കുകയാണ് ആദ്യഘട്ടം. സ്പാ മസാജ് സെന്ററിനു വെൽനെസ് സെന്റർ എന്ന നിലയിൽ ലൈസൻസ് ലഭിക്കും. എന്നാൽ, വേറെയും നിബന്ധനകളുണ്ട്.

∙ തെറപ്പിസ്റ്റ് നിശ്ചിത യോഗ്യത നേടിയ ആളായിരിക്കണം.

∙ പകർച്ചവ്യാധി ഇല്ലെന്നതുൾപ്പെടെ സർട്ടിഫിക്കറ്റ് വേണം.

∙ ആയുഷ് വകുപ്പ് അംഗീകരിച്ച കോഴ്സുകൾ പാസായിരിക്കണം.

∙ വാണിജ്യ കെട്ടിടത്തിലാകണം സെന്റർ.

∙ മാലിന്യനിർമാർജന സംവിധാനം വേണം.

∙ മസാജ് കേന്ദ്രങ്ങളിലെ തെറപ്പി ആയുർവേദപ്രകാരമാണ്. കോഴ്സുകളും ആയുഷ് വകുപ്പിനു കീഴിലാണ്.

  • Related Posts

    ‘കരഞ്ഞതിന് ക്രൂരമർദ്ദനം’, നാലു വയസ്സുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; അച്ഛനും അമ്മയും അറസ്റ്റില്‍

    Spread the love

    Spread the loveകോഴിക്കോട്: കോഴിക്കോട് പെരുവയലില്‍ നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. മദ്യലഹരിയില്‍ അച്ഛന്‍ കുഞ്ഞിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ കുറ്റിക്കാട്ടൂര്‍ സ്വദേശി ഷിജിന്‍, അമ്മ അഞ്ജന എന്നിവര്‍ അറസ്റ്റിലായി.   2025…

    വയോധികയെ സഹായിക്കാനെന്ന വ്യാജേന അക്കൗണ്ടിൽ നിന്ന് 1.70 ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

    Spread the love

    Spread the loveബാങ്കിലെത്തിയ വയോധികയെ സഹായിക്കാനെന്ന വ്യാജേന പരിചയപ്പെട്ട്, ഫോമുകളിൽ ഒപ്പിടുവിച്ച് അക്കൗണ്ടിൽനിന്ന് 1.70 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. കൂട്ടിക്കൽ ചപ്പാത്ത് സ്വദേശിനി ജ്യോതി കൃഷ്ണ (36)യെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.   മുറികല്ലുംപുറം പ്ലാമൂട്ടിൽ…

    Leave a Reply

    Your email address will not be published. Required fields are marked *