മീനങ്ങാടി: ദേശീയപാതയിൽ യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസിൽ ഒരാളെ കൂടി പോലീസ് പിടികൂടി. കണ്ണൂർ ചൊക്ലി സ്വദേശി നിതുൽ കുമാറാണ് പിടിയിലായത്.
കഴിഞ്ഞ സെപ്റ്റംബർ 30ന് മീനങ്ങാടി എഫ്‌സിഐ ഗോഡൗണിന് സമീപത്തായിരുന്നു കേസിനാസ്പദമായ സംഭവം. ദേവൂരിൽ നിന്ന് കൊടുവള്ളിയിലേക്ക് പോവുകയായിരുന്ന യാത്രക്കാരനെ പിന്തുടർന്ന് തടഞ്ഞുനിർത്തിയ സംഘം മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചശേഷം കാറും പണവും കവർന്നെടുക്കുകയായിരുന്നു. അമ്പലവയൽ സർക്കിൾ ഇൻസ്പെക്ടർ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘവും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് പ്രതികളെ പിടികൂടാനായുള്ള അന്വേഷണം നടത്തിയത്. ഈ കേസിൽ ഇതിനുമുമ്പ് മറ്റു പ്രതികളും പിടിയിലായിട്ടുണ്ട്.







