വിമാന സർവീസുകൾ മുടങ്ങി: മൃതദേഹങ്ങൾ ദിവസങ്ങളോളം മോർച്ചറികളിൽ, നാട്ടിലെത്താനാകാതെ പ്രവാസികളും; എന്ന് തീരും ഈ ദുരിതം?

Spread the love

റിയാദ്∙ റിയാദ് വിമാനത്താവളത്തിലെ സർവീസുകൾ പൊടുന്നനെ നിലച്ചതോടെ, അടിയന്തരമായി നാട്ടിലെത്തേണ്ട പ്രവാസികളുടെയും അവധി കഴിഞ്ഞ് മടങ്ങേണ്ടവരുടെയും ജീവിതം വഴിയാധാരമായിരിക്കുകയാണ്. ഇതിലും ദാരുണമാണ് മരണപ്പെട്ട പ്രിയപ്പെട്ടവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ദിവസങ്ങൾ കാത്തിരിക്കേണ്ടിവരുന്ന കുടുംബങ്ങളുടെ അവസ്ഥ.

 

വീസ കാലാവധിയും തൊഴിൽ നഷ്ട ഭീതിയും നടുക്കവും ചേർന്ന് റിയാദിൽ ഒരു വലിയ മാനുഷിക പ്രതിസന്ധി രൂപപ്പെടുമ്പോൾ, അടിയന്തര ബദൽ കാർഗോ-യാത്രാ സംവിധാനങ്ങളൊരുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഇന്ത്യൻ എംബസിയും ഉണർന്നു പ്രവർത്തിക്കണമെന്ന മുറവിളി ശക്തമാക്കുകയാണ് തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം പോലെയുള്ള സംഘടനകൾ.

 

സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് റിയാദ് വിമാനത്താവളത്തിൽ യാത്രാ-കാർഗോ വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ നൂറുകണക്കിന് മലയാളി പ്രവാസികളാണ് കടുത്ത പ്രതിസന്ധിയിലായിരിക്കുന്നത്. ഇന്ത്യൻ വിമാനക്കമ്പനികൾ ഉൾപ്പെടെയുള്ളവ സർവീസുകൾ റദ്ദാക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്തതോടെ നാട്ടിലേക്ക് വരാനിരുന്നവരും മടങ്ങേണ്ടവരുമായ യാത്രക്കാർ വഴിയാധാരമാകുകയും മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് അനിശ്ചിതത്വത്തിലാകുകയും ചെയ്തിരിക്കുകയാണ്.

 

എന്നാൽ സാധാരണ യാത്രക്കാരുടെ ബുദ്ധിമുട്ടുകളേക്കാൾ അടിയന്തര പരിഗണന അർഹിക്കുന്ന വിഷയമാണ് റിയാദിൽ മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിൽ നേരിടുന്ന പ്രതിസന്ധി. റിയാദിൽ നിന്ന് ആവശ്യമായ കാർഗോ വിമാന സൗകര്യം ലഭ്യമല്ലാത്ത സാഹചര്യത്തിൽ മൃതദേഹങ്ങൾ ദിവസങ്ങളോളം മോർച്ചറികളിൽ സൂക്ഷിക്കേണ്ടിവരുന്ന അവസ്ഥയുണ്ട്.

 

നിലവിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ദമാം അല്ലെങ്കിൽ ജിദ്ദ വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണ്. ദമാം വഴി സൗകര്യം ലഭിക്കാത്ത പക്ഷം റിയാദിൽ നിന്ന് ജിദ്ദയിലേക്ക് റോഡ് മാർഗം പത്ത് മണിക്കൂറിലധികം യാത്ര ചെയ്ത് മൃതദേഹം എത്തിക്കേണ്ടിവരുന്നത് കുടുംബങ്ങൾക്കും സാമൂഹിക പ്രവർത്തകർക്കും ഏറെ ദുഷ്കരമാണ്. നിലവിൽ ലഭ്യമായ വിമാനങ്ങളിലെ കാർഗോ സൗകര്യം പരിമിതമായതിനാൽ ഒരേസമയം കൂടുതൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും കഴിയാത്ത സാഹചര്യമുണ്ടെന്ന് ഫോറം ചൂണ്ടിക്കാട്ടി.

 

യാത്രക്കാരുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. റിയാദിൽ നിന്ന് നേരിട്ടുള്ള യാത്രാ സൗകര്യങ്ങൾ പരിമിതമായതോടെ ദമാം, ജിദ്ദ തുടങ്ങിയ വിമാനത്താവളങ്ങളെയോ ബഹ്റൈൻ, ഖത്തർ, യുഎഇ തുടങ്ങിയ അയൽരാജ്യങ്ങളിലെ വിമാനത്താവളങ്ങളെയോ ആശ്രയിക്കേണ്ടിവരുന്നു. കുടുംബങ്ങളുമായി യാത്ര ചെയ്യുന്നവർക്കും പ്രായമായവർക്കും രോഗികൾക്കും ഇത് വലിയ ബുദ്ധിമുട്ടാണ്. വീസ കാലാവധി അവസാനിക്കാനിരിക്കുന്നവരും അവധി കഴിഞ്ഞ് ജോലിയിൽ തിരികെ പ്രവേശിക്കേണ്ടവരും കടുത്ത ആശങ്കയിലാണ്.

 

ഈ അടിയന്തര സാഹചര്യം പരിഗണിച്ച് സൗദിയയുടെ തിരുവനന്തപുരം സർവീസുകൾ പുനരാരംഭിക്കുന്നതിനും തിരുവനന്തപുരം വിമാനത്താവളത്തിന് സൗദിയയുടെ ‘പോയിന്റ് ഓഫ് കോൾ’ അനുമതി ലഭ്യമാക്കുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം ആവശ്യപ്പെട്ടു. നിലവിലെ പ്രതിസന്ധിയിൽ ദമ്മാം ഉൾപ്പെടെയുള്ള സൗദി വിമാനത്താവളങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള സൗദിയ സർവീസ് ലഭ്യമാക്കുന്നതും തെക്കൻ കേരളത്തിലെ ആയിരക്കണക്കിന് പ്രവാസികൾക്ക് വലിയ ആശ്വാസമാകുമെന്ന് ഫോറം അഭിപ്രായപ്പെട്ടു.

 

പ്രത്യേകിച്ച് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന വിഷയത്തിന് മാനുഷിക പരിഗണന നൽകി അടിയന്തര ബദൽ കാർഗോ സംവിധാനം ഒരുക്കണം. ഇതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, കേരള സർക്കാർ, റിയാദിലെ ഇന്ത്യൻ എംബസി എന്നിവ സൗദി അധികൃതരുമായും വിമാനക്കമ്പനികളുമായും അടിയന്തര ചർച്ച നടത്തണമെന്നും ഫോറം ആവശ്യപ്പെട്ടു.

 

നിലവിലെ സാഹചര്യം ഒരു സാധാരണ വിമാനയാത്രാ പ്രശ്നമായി മാത്രം കാണരുതെന്നും പ്രവാസികളുടെ തൊഴിൽ, വീസ, കുടുംബയാത്ര, അടിയന്തര ചികിത്സ, ഉംറ തീർഥാടകരുടെ മടക്കയാത്ര, മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ സമയബന്ധിതമായി നാട്ടിലെത്തിക്കൽ തുടങ്ങിയ നിരവധി മാനുഷിക വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധിയാണിതെന്നും ഫോറം വ്യക്തമാക്കി. തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം ചെയർമാൻ ഡോ. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി അലക്സ് കൊട്ടാരക്കര, ട്രഷറർ ബഷീർ കോട്ടയം, മീഡിയ കോർഡിനേറ്റർ ഷംനാദ് കരുനാഗപ്പള്ളി എന്നിവർ ആവശ്യപ്പെട്ടു.

  • Related Posts

    60-ാം പിറന്നാളിന് അടിച്ചത് 12 കോടിയുടെ ലോട്ടറി! കോടികൾ അക്കൗണ്ടിലെത്തിയ വിവരം ആരോടും പറയാതെ പ്രവാസി ‘ഭാഗ്യവാൻ’

    Spread the love

    Spread the loveനാലു പതിറ്റാണ്ട് മുൻപ് ഒരു സാധാരണക്കാരന്റെ സ്വപ്നങ്ങളുമായി ഗൾഫ് മണ്ണിലേക്ക് വണ്ടി കയറിയതാണ് കിഷോർ പാണ്ഡുരംഗ് റാവു. അധ്വാനത്തിന്റെയും ത്യാഗത്തിന്റെയും മുപ്പത് വർഷങ്ങൾ എമിറേറ്റ്സിലെ മണ്ണിൽ ജീവിച്ച ഒരു സാധാരണ പ്രവാസി. എന്നാൽ, തന്റെ 60-ാം പിറന്നാളിന് വെറും…

    മാലിന്യകൂമ്പാരത്തില്‍ ഇന്ത്യക്കാരന്റെ മൃതദ്ദേഹം; സഹപ്രവര്‍ത്തകനായ ഇന്ത്യക്കാരന്‍ കസ്റ്റഡിയില്‍

    Spread the love

    Spread the loveകുവൈത്ത് സിറ്റി: കുവൈത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിച്ച ഇന്ത്യന്‍ പൗരന്‍ കസ്റ്റഡിയില്‍. തിരിച്ചറിയപ്പെടാത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.   മന്ത്രാലയത്തിന് ലഭിച്ച വിവരത്തെത്തുടര്‍ന്ന് ക്രിമിനല്‍ എവിഡന്‍സ്…

    Leave a Reply

    Your email address will not be published. Required fields are marked *