മലപ്പുറം∙ മദ്യപിച്ച് വാഹനം ഓടിക്കുന്നതിന് എതിരെ സ്റ്റേറ്റസ് ഇട്ട് ഒരു മണിക്കൂറിനുള്ളിലാണ് അധ്യാപകൻ മദ്യപന്റെ കാറിടിച്ച് മരിച്ചത്. മലപ്പുറം ഒതുക്കുങ്ങൽ കുഴിപ്പുറം പാലേമാട് സ്വദേശിയായ ഷറഫുദ്ദീനാണ് (36) മരിച്ചത്. ഒതുക്കുങ്ങലിൽ ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. ഷറഫുദ്ദീനും സുഹൃത്ത് ഹബീബും സഞ്ചരിച്ച സ്‌കൂട്ടറിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഷറഫുദ്ദീന്റെ ജീവൻ രക്ഷിക്കാനായില്ല.
പറപ്പൂർ സ്വദേശി അക്ബറലിയാണ് മദ്യലഹരിയിൽ അമിതവേഗത്തിൽ കാർ ഓടിച്ചത്. ഒപ്പം ഉണ്ടായിരുന്ന രണ്ടു പേർ അപകടത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ടു. പ്രതി അക്ബറലിയെ വേങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു. അധ്യാപകനായ ഷറഫുദ്ദീന്റെ അവസാന സ്റ്റേറ്റസ് ഇങ്ങനെ: ‘കേരളത്തിൽ ഒരു ദിവസം 15 പേരാണ് വാഹനാപകടത്തിൽ മരണപ്പെടുന്നത്. ഇതിൽ പകുതിയിലേറെയും വെറും അപകടങ്ങൾ അല്ല, കൊലപാതകങ്ങളാണ്. മദ്യപിച്ച് വാഹനം ഓടിച്ചാൽ അപകടം ഉണ്ടാകുമെന്ന് അറിയാവുന്നവരാണ് ആളെ കൊല്ലുന്നത്’.




