ഒരു വിവാഹ മോതിരത്തിനായി എത്ര രൂപ ചെലവാക്കണമെന്നതിന് കൃത്യമായ നിയമങ്ങളൊന്നുമില്ലെങ്കിലും, പരമ്പരാഗത രീതികളും ആഭരണ പരസ്യങ്ങളും സൃഷ്ടിച്ച ചില പൊതുസങ്കൽപങ്ങൾ നമ്മുടെ സമൂഹത്തിലുണ്ട്. ‘രണ്ടു മാസത്തെ ശമ്പളത്തിന് തുല്യമായ തുക മുടക്കി മോതിരം വാങ്ങണം’ എന്ന രീതി പിന്തുടരുന്നവരുണ്ട്. എന്നാൽ, ഭൂരിഭാഗം ആളുകളും തങ്ങളുടെ സാമ്പത്തിക സ്ഥിതിക്കും ബജറ്റിനും അനുയോജ്യമായവയാണ് തിരഞ്ഞെടുക്കാറുള്ളത്.
എന്നാൽ ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു വഴിയിലൂടെ തന്റെ പ്രണയം സാക്ഷാത്കരിച്ചിരിക്കുകയാണ് അമേരിക്കക്കാരനായ ജാക്ക് വുൾക്കാനി. കടയിൽ നിന്ന് പണം കൊടുത്ത് വിലകൂടിയ മോതിരം വാങ്ങുന്നതിന് പകരം, കൊളറാഡോയിലെ നദികളിൽ നിന്ന് സ്വർണത്തരികൾ സ്വയം ശേഖരിച്ച് സ്വന്തമായി ഒരു വിവാഹനിശ്ചയ മോതിരം നിർമിച്ചിരിക്കുകയാണ് ജാക്ക്.
കാമുകിയായ ജോവാനയ്ക്ക് പ്രകൃതിയോടിണങ്ങി നിൽക്കുന്ന, ആത്മാർഥത നിറഞ്ഞ ഒരു സമ്മാനം നൽകാനാണ് ജാക്ക് ആഗ്രഹിച്ചത്. അങ്ങനെയാണ് നദികളിൽ നിന്ന് സ്വർണം അരിച്ചെടുത്ത് അതിൽ നിന്ന് സ്വന്തമായി ഒരു വിവാഹനിശ്ചയ മോതിരം നിർമിക്കുക എന്ന ആശയം അദ്ദേഹത്തിന്റെ മനസ്സിൽ ഉദിച്ചത്.
‘ഞാൻ ശാന്തമായി ഇരുന്ന് ഇതിനെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചു. അപ്പോഴാണ് എന്റെ മനസ്സിൽ ഒരു ആശയം ഉദിച്ചത് – എന്തുകൊണ്ട് എനിക്ക് തന്നെ ഈ മോതിരം നിർമിച്ചുകൂടാ? അതൊരു മികച്ച ആശയമാണെന്ന് എനിക്ക് തോന്നി’, പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജാക്ക് പറഞ്ഞു.
തുടർന്ന് അദ്ദേഹം ഓരോ സ്വർണത്തരിയായി ശേഖരിക്കാൻ തുടങ്ങി. മാസങ്ങളോളം നീണ്ട കഠിനാധ്വാനമായിരുന്നു അത്. ‘ഇതിന് ഒരുപാട് സമയമെടുക്കുമല്ലോ എന്ന് എനിക്ക് തോന്നി. എന്നാൽ ആ വെല്ലുവിളിയാണ് എന്നെ മുന്നോട്ട് നയിച്ചത്’, അദ്ദേഹം ഓർക്കുന്നു. ആവശ്യമായ സ്വർണം ശേഖരിച്ച ശേഷം, ജാക്ക് അത് വീറ്റ് റിഡ്ജിലെ ജ്വല്ലറി ഉടമയായ സാക്ക് അലന്റെ അടുക്കൽ എത്തിച്ചു. ആ സ്വർണം ഉപയോഗിച്ച് കാമുകിക്കായി ഒരു മനോഹരമായ മോതിരം നിർമിച്ചു നൽകാൻ അദ്ദേഹം അഭ്യർഥിച്ചു. തികച്ചും വ്യത്യസ്തമായ ഈ ആവശ്യം സാക്കിനെ അദ്ഭുതപ്പെടുത്തുകയും ഒപ്പം വലിയ ആവേശത്തിലാഴ്ത്തുകയും ചെയ്തു.
‘ഇതൊരു പുതിയ കാര്യമാണല്ലോ എന്ന ചിന്ത തന്നെ എന്നെ ആവേശഭരിതനാക്കി, സാക്ക് പറഞ്ഞു. മുൻപ് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെങ്കിലും, ജാക്കിന്റെ ആത്മാർഥത കണ്ടപ്പോൾ ഇത് വിജയകരമായി ചെയ്ത് നൽകാൻ അദ്ദേഹത്തിന് സാധ്യമാകുമെന്ന് ഉറപ്പായിരുന്നു. തുടർന്ന് ഒരു മോൾഡ് കണ്ടെത്തി സ്വർണം ഉരുക്കിയ ശേഷം, സാക്ക് അത് സുന്ദരമായ ഒരു മോതിരത്തിന്റെ രൂപത്തിലേക്ക് മാറ്റി.
മാസങ്ങളോളം ക്ഷമയോടെ കാത്തിരുന്ന ജാക്കിന്, ആ മോതിരം പൂർണരൂപം പ്രാപിക്കുന്നത് കാണുന്നത് അളവറ്റ സന്തോഷം നൽകി. “മോതിരം വൃത്തിയാക്കി, അത് മനോഹരമായി രൂപപ്പെട്ടുവരുന്നത് കണ്ടപ്പോൾ എനിക്ക് അതിയായ സന്തോഷവും ആവേശവും തോന്നി,” അദ്ദേഹം പറഞ്ഞു. മോതിരം പൂർത്തിയായപ്പോൾ, ജാക്ക് ജോവാനയെയും കൂട്ടി ഹൈക്കിങ്ങിനായി പുറപ്പെട്ടു. അവിടെ വച്ച്, നദിക്കരയിൽ നിന്ന് താൻ സ്വർണം ശേഖരിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ ഒരു വിഡിയോ ജാക്ക് ജോവാനയെ കാണിച്ചു. തുടക്കത്തിൽ, നദിക്കരയിൽ നിൽക്കുന്ന തന്റെ കാമുകന്റെ ദൃശ്യങ്ങൾ കണ്ട് എന്താണ് കാര്യമെന്ന് ജോവാനയ്ക്ക് മനസ്സിലായില്ല.
‘അവൻ സ്വർണം അരിച്ചെടുക്കുന്ന വിഡിയോ കണ്ടപ്പോൾ, ‘ഇതൊക്കെ കാണാൻ നല്ല ഭംഗിയുണ്ട്, പക്ഷേ എന്തിനാണ് നമ്മളിത് ഇപ്പോൾ കാണുന്നത്?’ എന്ന് ഞാൻ ചിന്തിച്ചു. വിഡിയോയുടെ പകുതി എത്തിയപ്പോൾ, ‘ഓ, മോതിരം ഉണ്ടാക്കുന്ന പ്രക്രിയയാണല്ലേ ഇത്’ എന്ന് എനിക്ക് മനസ്സിലായി. പെട്ടെന്ന് എനിക്ക് കരച്ചിൽ വന്നു. ആ നിമിഷം എന്താണ് സംഭവിച്ചതെന്ന് പോലും എനിക്ക് ഓർമയില്ല, അത്രത്തോളം അതൊരു പ്രത്യേക നിമിഷമായിരുന്നു,’ ജോവാന പറഞ്ഞു.
‘അവളുടെ ദിവസം മനോഹരമാക്കാൻ മാത്രമാണ് ഞാൻ ആഗ്രഹിച്ചത്, അല്ലാതെ മറ്റാരുടെയും സ്വപ്നങ്ങളെ തകർക്കാനല്ല’, ജാക്ക് സ്നേഹത്തോടെ കൂട്ടിച്ചേർത്തു. തന്റെ വിവാഹാഭ്യർഥന മറ്റുള്ളവർക്ക് ഒരു വലിയ വെല്ലുവിളിയായേക്കാം അല്ലെങ്കിൽ ഉയർന്ന നിലവാരം നിശ്ചയിച്ചേക്കാം എന്ന് ജാക്കിന് അറിയാം. എങ്കിലും, സ്നേഹത്തിന്റെ ആഴം അളക്കാൻ പണമല്ല, മറിച്ച് അതിനായി എടുത്ത പ്രയത്നവും കരുതലുമാണ് വലുതെന്ന് ജാക്ക് പറയുന്നു.







