ഒരു സർട്ടിഫിക്കറ്റിന് 20,000 രൂപ; 10 വർഷത്തിനിടയിൽ സമ്പാദിച്ചത് 100 കോടിയിലധികം: ആരാണ് ധനീഷ് ധർമൻ

Spread the love

പൊന്നാനി ∙ വ്യാജ സർട്ടിഫിക്കറ്റുകളുടെ ഉറവിടം തേടിയുള്ള അന്വേഷണം ചെന്നെത്തിയത് ഡാനി എന്ന് വിളിപ്പേരുള്ള സംഘത്തലവനിലേക്കാണ്. ആരാണ് ഡാനി?, ഏതു നാട്ടുകാരനാണ്?, എന്താണ് ഇയാളുടെ യഥാർഥ പേര്?. ഇതൊന്നും സംഘത്തിലെ ഒരാൾക്കു പോലും അറിയില്ല. മേൽവിലാസം വെളിപ്പെടുത്താതെ വർഷങ്ങളായി വലിയ സംഘത്തെ മുന്നോട്ടു നയിക്കുകയാണ് ഇയാൾ. വിദേശ വാട്സാപ് നമ്പറിലാണ് സംഘത്തിലെ അംഗങ്ങളുമായി ആശയവിനിമയം നടത്തുന്നത്. ശിവകാശിയിലെ അച്ചടി കേന്ദ്രത്തിലെ ജീവനക്കാർക്ക് ഇദ്ദേഹം കൃത്യമായി ശമ്പളം നൽകുന്നുണ്ട്. രാജ്യത്തെ സർവകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് വിതരണം ചെയ്യുന്നതിന് ഒട്ടേറെ ഏജൻസികൾ ഡാനിക്കു കീഴിൽ പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസിനു ബോധ്യമായി. അങ്ങനെ അന്വേഷണം ഡാനിയിലേക്കു കേന്ദ്രീകരിച്ചു.

 

*ധനീഷ് ധർമൻ എന്ന ‘പ്രമുഖൻ’*

 

ഡാനിയെ തേടിയുള്ള അന്വേഷണം ചെന്നെത്തിയത് തിരൂർ കിഴക്കേ ചെമ്പ്ര സ്വദേശിയും സമ്പന്നനുമായ ധനീഷ് ധർമനിലേക്കാണ്. പുണെയിൽ സ്വന്തമായി രണ്ടു ബാറുകൾ, ദുബായിൽ ബിസിനസ്, കോടികൾ വിലമതിക്കുന്ന ഭൂവുടമസ്ഥൻ. ധനീഷിനെക്കുറിച്ച് നാട്ടുകാർക്കെല്ലാം നല്ല മതിപ്പാണ്. പക്ഷേ, ഇയാൾ ‘ഡാനി’ എന്ന തട്ടിപ്പു സംഘത്തലവനാണെന്ന് അടുത്ത സുഹൃത്തുക്കൾക്കു പോലും അറിയില്ല.

 

ശിവകാശിയിലെ അച്ചടി കേന്ദ്രത്തിൽനിന്ന് അറസ്റ്റ് ചെയ്ത ജൈനുലാബിദീൻ ഒരു തവണ ഡാനിയെ കണ്ടിട്ടുണ്ട്. ഇൗ വിവരം വച്ച് പൊലീസ് പരിശോധിച്ചപ്പോൾ ധനീഷ് തന്നെയാണ് ഡാനിയെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുകയായിരുന്നു. രണ്ടും കൽപിച്ച് പൊലീസ് കിഴക്കേ ചെമ്പ്ര കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. കടകളിലും സമീപ വീടുകളിലും മഫ്ത്തിയിലെത്തിയ പൊലീസ് സംഘം ധനീഷിനെക്കുറിച്ചുള്ള വിവരങ്ങളെടുത്തു. അപ്പോഴാണ് ആ സംഭവം പുറത്തു വരുന്നത്.

 

*2011ൽ അറസ്റ്റിൽ; വീണ്ടും തട്ടിപ്പ്*

 

2011ൽ എടരിക്കോടിനടുത്ത് മമ്മാലിപ്പടിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസിനു മുന്നിലെത്തിയ ധനീഷിന്റെ കാർ പൊലീസ് പരിശോധിച്ചു. സൂറത്തിലെ സർവകലാശാല ഉൾപ്പെടെ വിവിധ സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകൾ ധനീഷിന്റെ കാറിൽനിന്നു കണ്ടെടുത്തു. സംഭവം പരിശോധിച്ചപ്പോൾ എല്ലാം വ്യാജ സർട്ടിഫിക്കറ്റുകൾ. ഉടൻ കൽപകഞ്ചേരി പൊലീസ് ധനീഷിനെയും സംഘത്തെയും അറസ്റ്റ് ചെയ്തു. അന്ന് 24 വസ്സുകാരനാണ് ധനീഷ്. അന്ന് 5 പേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്.

 

ഇൗ സംഭവത്തിനു ശേഷം ജാമ്യത്തിലിറങ്ങിയ ധനീഷ് കൂടുതൽ ജാഗ്രതയോടെ വ്യാജ സർട്ടിഫിക്കറ്റ് നിർമാണം ഉൗർജിതമാക്കി. തനിക്കു കീഴിൽ നൂറോളം ഏജൻസികളെ കൊണ്ടുവന്നു. ദിവസവും സർട്ടിഫിക്കറ്റുകൾ അച്ചടിക്കുന്നതിന് ശിവകാശിയിൽ അച്ചടികേന്ദ്രം തുടങ്ങി. അങ്ങനെ വലിയ തട്ടിപ്പു ശൃംഖലയുടെ പ്രധാനിയായി ഇയാൾ മാറി. രണ്ടാം ഘട്ടത്തിലുള്ള വരവിൽ ധനീഷ് എന്ന പേര് മാറ്റി ഡാനി എന്നു സ്വയം വിശേഷിപ്പിച്ചു. ഒരു സർട്ടിഫിക്കറ്റിന് 20,000 രൂപയാണ് ധനീഷിനു കിട്ടുന്നത്. ദിവസവും ലക്ഷങ്ങൾ സമ്പാദിക്കാൻ തുടങ്ങി. 2011ലെ അറസ്റ്റ് വിവരം ഉറപ്പിച്ചതോടെ ഡാനി തിരൂർ കിഴക്കേ ചെമ്പ്ര സ്വദേശി ധനീഷാണെന്ന് പൊലീസ് ഉറപ്പിച്ചു. ഇയാളുടെ തട്ടിപ്പു രീതികളെക്കുറിച്ച് വിശദമായി പരിശോധിച്ചു.

 

*പൊലീസിനും മുൻപേ ധനീഷിന്റെ നീക്കം*

പൊലീസ് തന്നിലേക്ക് എത്തിയെന്ന് അറസ്റ്റിന്റെ തലേന്നു ധനീഷിനു വിവരം കിട്ടി. ശബരിമലയിലേക്കു പോകാൻ കാരവൻ വരെ ബുക്ക് ചെയ്തിരുന്ന ധനീഷ് ആ രാത്രി വിദേശത്തേക്കു കടക്കാനായി ചെമ്പ്രയിലെ വീട്ടിൽനിന്ന് മുങ്ങിയെന്നാണു വിവരം. വിടാതെ പൊലീസും പിന്തുടർന്നു. എയർപോർട്ടിലേക്കുള്ള യാത്രയിൽ കുന്നമംഗലത്തുവച്ച് പൊലീസ് കാർ തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തമിഴ്നാട്ടിലെ പഠനത്തിനു ശേഷം ധനീഷ് ധർമൻ വ്യാജ സർട്ടിഫിക്കറ്റ് നിർമാണത്തിലേക്കു നീങ്ങിയെന്നാണ് കണ്ടെത്തൽ. ദുബായിയും പുണെയും കേന്ദ്രീകരിച്ച് ബിസിനസും തുടങ്ങിയെങ്കിലും പ്രധാന ഇടപാടായി വ്യാജ സർട്ടിഫിക്കറ്റ് നിർമാണം തുടർന്നു.

 

അന്വേഷണ സംഘം

ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. തിരൂർ ഡിവൈഎസ്പി എ.ജെ.ജോൺസൺ, പൊന്നാനി സിഐ എസ്.അഷ്റഫ്, എസ്ഐമാരായ സി.വി.ബിബിൻ, ആന്റോ ഫ്രാൻസിസ്, ജയപ്രകാശ്, എഎസ്ഐ രാജേഷ്, എലിസബത്ത്, നൗഷാദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനിൽ വിശ്വൻ, കെ.വി.നാസർ, എസ്.പ്രശാന്ത് കുമാർ, എം.വി.അഷ്റഫ്, ശ്രീജിത്ത്, സനീഷ്, സിപിഒമാരായ സൗമ്യ, ഹരിപ്രസാദ്, ജില്ലാ സൈബർ സെല്ലിലെ മുഹമ്മദ് അഫ്സൽ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണത്തിനു നേതൃത്വം നൽകിയത്.

 

*സമ്പാദിച്ചത് 100 കോടിയിലധികം*

 

ധനീഷ് മുഖേനയാണ് 10 ലക്ഷത്തോളം വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് വിൽപന നടത്തിയയെന്നാണ് വിവരം. ചുരുങ്ങിയത് നൂറു കോടിക്കു മുകളിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ ധനീഷ് സമ്പാദിച്ചുവെന്നാണ് പൊലീസിന്റെ കണക്ക്. ഇൗ തട്ടിപ്പിലൂടെയാണ് ഇയാൾ ആഡംബര വീടും ബാറുകളും അപ്പാർട്മെന്റും ഭൂമിയുമെല്ലാം വാങ്ങിക്കൂട്ടിയത്. പണം കൈപ്പറ്റുന്ന രീതിയിൽ തന്നെ ഇയാൾ ഏറെ ജാഗ്രത പുലർത്തിയിരുന്നു. പണം വരുന്നതെല്ലാം പലരുടെയും പേരിൽ തുടങ്ങിയ വ്യാജ ബാങ്ക് അക്കൗണ്ടുകളിലേക്കാണ്. മൂന്നു മാസത്തിൽ കൂടുതൽ ഒരു അക്കൗണ്ടും ഉപയോഗിക്കില്ല. സഹായങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മുന്നിൽ നിൽക്കുന്ന ധനീഷിന് നാട്ടിൽ നല്ല സ്വീകാര്യതയുണ്ട്.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *