തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ റോഡില്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ചതു ചോദ്യംചെയ്ത യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും കാര്‍ തീവച്ചുനശിപ്പിക്കുകയും ചെയ്ത കേസില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കല്‍ ആറയൂര്‍ സ്വദേശി അശ്വിന്‍ (24), അമരവിള ചൈക്കോട്ടുകോണം സ്വദേശികളായ അഭിഷേക് (22) സഹോദരന്‍ അക്ഷയ് (24) എന്നിവരെയാണ് വെള്ളറട എസ്എച്ച്ഒ ശ്രീകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലാണ് ആക്രമണം നടത്തിയതെന്ന് പ്രതികള്‍ പൊലീസിനോടു പറഞ്ഞു. തമിഴ്‌നാട് ചെങ്കവിളയില്‍നിന്നാണ് ഇവര്‍ പിടിയിലായത്.
കഴിഞ്ഞ 29 ന് പുലര്‍ച്ചെ ഒരുമണിക്കാണ് ഇവര്‍ കൊല്ലയില്‍ നടൂര്‍ക്കൊല്ല കളത്തറയ്ക്കല്‍ തേരിയില്‍ പുത്തന്‍വീട്ടില്‍ പ്രദീപിനെ (38) ആക്രമിച്ചത്. ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഭാര്യയെ കണ്ട ശേഷം വീട്ടിലേക്കു വരികയായിരുന്ന പ്രദീപ്, നടുറോഡില്‍ നിന്ന മൂന്നംഗ സംഘത്തോടു മാറാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിനു കാരണമായത്. അസഭ്യം പറഞ്ഞതു ചോദ്യംചെയ്തതോടെ അക്രമിസംഘം പ്രദീപിനെ വാള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പ്രദീപിന്റെ കയ്യിലും നെഞ്ചിലും വയറിലും മുതുകിലുമാണു വെട്ടേറ്റത്. ബഹളം കേട്ട് എത്തിയ ബന്ധുക്കളാണ് പ്രദീപിനെ ആശുപത്രിയില്‍ എത്തിച്ചത്.
പ്രദീപിനെ ആശുപത്രിയിലേക്കു കൊണ്ടുപോയ സമയത്ത് പ്രതികള്‍ കാറിനു തീയിട്ടെന്നും പൊലീസ് പറഞ്ഞു. പ്രദീപിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. ആക്രമണത്തിനുശേഷം മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തശേഷം പ്രതികള്‍ തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലേക്കു കടക്കുകയായിരുന്നു. കൈയിലുണ്ടായിരുന്ന മൂവായിരം രൂപ കഴിഞ്ഞതോടെ ഇവര്‍ കന്യാകുമാരിയില്‍ എത്തി. ഇവിടെനിന്ന് കൊല്ലങ്കോട് വഴി നെയ്യാറ്റിന്‍കരയിലേക്കു വരുമ്പോഴാണ് ചെങ്കവിളയില്‍ വച്ച് ബസിനുള്ളില്‍നിന്ന് പൊലീസ് പ്രതികളെ പിടികൂടിയത്.





