ആദ്യ സിസേറിയനിലെ തുന്നിക്കെട്ടിന്റെ മുറിവും വേദനയും പൂർണമായും മാറിയിട്ടില്ല. അതിനു പിന്നാലെ രണ്ടാമത്തെ കുഞ്ഞിനും ജന്മം നൽകി. അങ്ങനെ 11 മാസത്തിനിടെ 2 പ്രസവം. 6 ദിവസം മാത്രം പ്രായമായ രണ്ടാമത്തെ കുഞ്ഞുമായി വീട്ടിൽ വന്നുകയറിയ യുവതിയെ മദ്യപിച്ചെത്തിയ ഭർത്താവും ഭർതൃപിതാവും മാറിമാറി ഉപദ്രവിക്കുന്നു. എല്ലാം കണ്ടും കേട്ടും വീട്ടിൽ ഭർതൃമാതാവുണ്ട്. ഉറക്കെയൊന്നു നിലവിളിക്കാൻ പോലും കെൽപില്ലാതിരുന്ന യുവതിയുടെ ദുരവസ്ഥ അയൽവാസികളാണ് ചവറ പൊലീസിൽ അറിയിച്ചത്. ഉടൻ പൊലീസ് സ്ഥലത്തെത്തി. രണ്ടു കുഞ്ഞുങ്ങളെയും ഒറ്റയ്ക്കു പരിചരിക്കാനാകില്ലെന്നും ഇനിയും ആ വീട്ടിൽ തുടരാൻ കഴിയില്ലെന്നും നിസ്സഹായയായി ആ അമ്മ പൊലീസ് ഉദ്യോഗസ്ഥരോടു പറഞ്ഞു.
തുടർന്ന് പൊലീസിന്റെ കരുതൽ! അമ്മയെയും കുഞ്ഞുങ്ങളെയും സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിലെയും പിങ്ക് പൊലീസിലേയും വനിതാ ഉദ്യോഗസ്ഥർ ചേർന്ന് കുഞ്ഞിനെ കുളിപ്പിച്ചു, പുതിയ ഉടുപ്പുകൾ വാങ്ങി നൽകി, കുപ്പിപ്പാൽ കൊടുത്തു, താലോലിച്ചുറക്കി. അമ്മയ്ക്കും ആവശ്യമായ പരിചരണം നൽകി. മൂവരെയും വനിതാ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അമ്മയ്ക്കും കുഞ്ഞിനും പരിചരണം നൽകിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥരിലൊരാളായ റിനു.
∙ വേദനാജനകം
‘‘ചവറയിലെ വേട്ടുതറ സ്വദേശിനിയായ സിനി (36) യുടെ ദുരവസ്ഥ അയൽവാസികളാണ് ആദ്യം സ്റ്റേഷനിൽ വിളിച്ചു പറഞ്ഞത്. സംഭവം സത്യമാണോ എന്നന്വേഷിക്കാൻ എസ്ഐ നിർദേശിച്ച പ്രകാരം സ്റ്റേഷനിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സത്യമാണെന്നു മനസ്സിലായതോടെ സ്റ്റേഷനിലെ മറ്റുദ്യോഗസ്ഥരും ഞങ്ങൾ പിങ്ക് പൊലീസിലെ ഉദ്യോഗസ്ഥരും യുവതിയുടെ വീട്ടിലെത്തി. വളരെ വേദനിപ്പിക്കുന്നതായിരുന്നു അവസ്ഥ. ഭർത്താവിന്റെ അമ്മ അവിടെ ഉണ്ടായിട്ടുപോലും പ്രസവിച്ച സ്ത്രീക്കു കിട്ടേണ്ട പരിചരണമോ ശുശ്രൂഷയോ ആ യുവതിക്ക് കിട്ടിയിരുന്നില്ല. ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് ഞങ്ങളവിടെ എത്തിയത്. സംസാരിച്ചപ്പോൾ തലേ ദിവസം (ചൊവ്വാഴ്ച) വൈകിട്ട് ദോശ കഴിച്ചതാണ്, പിന്നീടൊന്നും കഴിച്ചില്ലെന്നു പറഞ്ഞു. പ്രസവം കഴിഞ്ഞ ഒരു സ്ത്രീക്ക് കിട്ടേണ്ട യാതൊരു പരിചരണവും അവർക്ക് അവിടെ കിട്ടുന്നുണ്ടായിരുന്നില്ല. സ്വന്തം വീട്ടിലേക്കു പോയാലും ആരും നോക്കാനില്ലെന്നും സാമ്പത്തികമില്ലെന്നും പറഞ്ഞ യുവതി, ഇനി ഭർതൃവീട്ടിൽ തുടരാനാകില്ലെന്നു പറഞ്ഞ് കരഞ്ഞു.
∙ അവൾ പറഞ്ഞു, ‘വിശക്കുന്നു…’
യുവതിക്ക് 2 പെൺകുഞ്ഞുങ്ങളാണ്. ഇളയ കുഞ്ഞിനെ എടുക്കുകയോ പാല് കൊടുക്കുകയോ ചെയ്യുന്നതു കാണുമ്പോൾ മൂത്ത കുഞ്ഞ് കരയും. ആ കുഞ്ഞിനും പാല് കുടിക്കുന്ന പ്രായമല്ലേയുള്ളു. കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നതും വസ്ത്രം മാറ്റുന്നതും പാല് കൊടുക്കുന്നതുമൊക്കെ ഈ യുവതി തനിച്ചാണ്. പ്രസവശസ്ത്രക്രിയ കഴിഞ്ഞ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് ഇതൊക്കെ ചെയ്യുകയെന്നത് ഒട്ടും എളുപ്പമല്ല. മറ്റു വഴിയൊന്നുമില്ലാത്തതു കൊണ്ടാണ് യുവതി മുറിവിന്റെ വേദനയും സഹിച്ച് ഇതൊക്കെ കൈകാര്യം ചെയ്തിരുന്നത്. ഇനി അവിടെ നിൽക്കാൻ കഴിയില്ലെന്നു യുവതി പറഞ്ഞതോടെ ഞങ്ങൾ വാഹനത്തിൽ കയറ്റി സ്റ്റേഷനിലെത്തിച്ചു. തലേ ദിവസം ഭക്ഷണം കഴിച്ചതാണെന്നും വിശക്കുന്നുണ്ടെന്നും പറഞ്ഞതോടെ വഴിയിൽ വാഹനം നിർത്തി ആഹാരമൊക്കെ വാങ്ങിക്കൊടുത്തു. യുവതി ആഹാരം കഴിക്കാത്തതിനാൽ കുഞ്ഞിനു കുടിക്കാൻ മുലപ്പാലുണ്ടായിരുന്നില്ല. മാത്രവുമല്ല, കുഞ്ഞിന്റെ ഇൻസുലിൻ കുറയുന്നുണ്ടായിരുന്നു. ബോട്ടിൽ ഫീഡ് ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞിരുന്നതുകൊണ്ട് ഞങ്ങൾ കുപ്പിപ്പാൽ കൊടുത്തു. സ്റ്റേഷനിലെത്തിച്ച ശേഷം ഞങ്ങൾ വനിതാ ഉദ്യോഗസ്ഥർ തന്നെ കുഞ്ഞിനെ കുളിപ്പിച്ചു. പുതിയ വസ്ത്രങ്ങളും ഡയപ്പറും അത്യാവശ്യ സാധനങ്ങളുമൊക്കെ വാങ്ങി നൽകി.
∙ ‘ഞങ്ങളും അമ്മമാരല്ലേ…’
യുവതിയെ സന്ദർശിക്കാനും പരിചരിക്കാനും പോയ ഞങ്ങളെല്ലാവരും അമ്മമാരാണ്. പ്രസവത്തിനു ശേഷമുള്ള അവസ്ഥകളും പ്രയാസങ്ങളും ഞങ്ങൾക്കറിയാം. ശരിയായ വിശ്രമവും പരിചരണവും ഉറക്കവും ഭക്ഷണവുമൊക്കെ ലഭിക്കേണ്ട സമയത്ത് ഈ രണ്ട് കുഞ്ഞുങ്ങളെയും വച്ച് ആ യുവതി കഷ്ടപ്പെടുന്നതു കണ്ടപ്പോൾ സങ്കടം തോന്നി. അതുകൊണ്ടുതന്നെയാണ് മറ്റൊന്നും ആലോചിക്കാതെ ഞങ്ങൾ യുവതിയെയും കുഞ്ഞുങ്ങളെയും കൂട്ടിക്കൊണ്ടു സ്റ്റേഷനിൽ വന്നതും. ഞങ്ങളുടെ സ്വന്തം മകളെപ്പോലെ പരിചരിച്ചതും. ആദ്യ സിസേറിയൻ കഴിഞ്ഞിട്ട് ഒരു വർഷം പോലും തികയുന്നതിനു മുന്നേയാണ് അടുത്ത സിസേറിയനും നടന്നത്. അതിന്റേതായ ശാരീരിക–മാനസിക അവശതകൾ യുവതിക്കുണ്ട്. അമ്മയെയും കുഞ്ഞുങ്ങളെയും തൽക്കാലത്തേക്ക് ഒരു ഷെൽട്ടർ ഹോമിലാക്കിയിരിക്കുകയാണ്. ഇനി ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെട്ടാൽ കുറച്ചുകൂടി സൗകര്യമുള്ള സ്ഥലത്തേക്ക് ഇവരെ മാറ്റുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യാം. അതിനുള്ള ഇടപെടലുകളുണ്ടാകും. ‘സ്നേഹിത’യിലും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
∙ ഭർത്താവിനും ഭർതൃപിതാവിനുമെതിരെ കേസ്
സിനിയുടെ ഭർത്താവ് നിബിൻ സ്ഥിരം മദ്യപാനിയാണ്. മദ്യപിച്ചത്തി തന്നെ ഉപദ്രവിക്കുന്നത് പതിവാണെന്ന് യുവതി പൊലീസിനു മൊഴി നൽകി. ഭർതൃപിതാവും ഉപദ്രവിക്കാറുണ്ടെന്നാണ് മൊഴി. കഴിഞ്ഞയാഴ്ച കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു യുവതിയുടെ പ്രസവം. ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയതിനു പിന്നാലെ നിബിൻ മദ്യപിച്ചെത്തി ഉപദ്രവിച്ചു. മർദനത്തിൽ, സിസേറിയൻ ചെയ്തതിനെത്തുടർന്നിട്ട സ്റ്റിച്ചിന് ഇളക്കം തട്ടി. തുടർന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ച് ഡ്രസ് ചെയ്തു. ഭർത്താവിനും ഭർതൃപിതാവിനുമെതിരെ യുവതി പരാതിപ്പെട്ടതോടെ ചവറ സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.





