കാസർകോട്: ലോഡ്ജ് മുറിയിൽ യുവാവിനേയും പെൺ സുഹൃത്തിനേയും ആക്രമിച്ച് മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മധൂർ എസ്പി നഗർ ക്വാർട്ടേഴ്‌സിലെ താമസക്കാരൻ സാബിത് (30), നായന്മാർമൂല അക്കരപ്പള്ളത്തെ അമീർ അലി (30) എന്നിവരേയും കാസർകോട് സ്വദേശിയായ 17 കാരനെയുമാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ബുധനാഴ്ച വൈകീട്ടാണ് സംഭവം.
പനത്തടി കോളിച്ചാൽ സ്വദേശിയായ യുവാവും പെൺ സുഹൃത്തുമെടുത്ത ലോഡ്ജ് മുറിയിലേക്ക് വൈകീട്ട് 4.30 ഓടെ മൂവരും അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് യുവാവിന്റെ മുഖത്തടിച്ച്, ഇരുവരെയും കൊല്ലുമെന്നും ഇവരുടെ വിവരങ്ങൾ പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി എടിഎം കാർഡും 10,000 രൂപയും കവർന്നു. ഇതിനിടെ യുവതിയുടെ ഒരു ജോഡി സ്വർണക്കമ്മലും സംഘം കൈക്കലാക്കി. തുടർന്ന് യുവാവിന്റെ പരാതിയിൽ കാസർകോട് ടൗൺ പൊലീസ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മോഷണമടക്കം നിരവധി കേസുകളിൽ പ്രതികളാണ് സാബിതും അമീർ അലിയും. ഇരുവരെയും കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും 17 കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മജിസ്‌ട്രേറ്റിനു മുന്നിലും ഹാജരാക്കി.







