നേമം∙ മുപ്പതോളം വീടുകളിൽ നിന്നായി 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിനു രൂപയും മോഷ്ടിച്ചു പൊലീസിനു തലവേദനയുണ്ടാക്കിയ കള്ളൻ ഒടുവിൽ പൊലീസിന്റെ വലയിലായി. സമീപത്തെ വീട്ടിലുൾപ്പെടെ മോഷണം നടത്തിയ മോഷ്ടാവിനെ കണ്ടു നാട്ടുകാരും അമ്പരന്നു. പശു ഫാം നടത്തുകയും റസൽപുരം ബവ്കോയിൽ കയറ്റിറക്കു തൊഴിലാളിയായി പ്രവർത്തിക്കുകയും ചെയ്തിരുന്ന മാറനല്ലൂർ റസൽപുരം ചരുവിള പുത്തൻ വീട്ടിൽ നിഷാന്തിനെ(37) ആണ് നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. 2023 മുതൽ ആര്യങ്കോട്, കാട്ടാക്കട, മാറനല്ലൂർ, മലയിൻകീഴ്, ബാലരാമപുരം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളിൽ പ്രതിയായ നിഷാന്ത് ആദ്യമായാണ് അറസ്റ്റിലാകുന്നതെന്നു പൊലീസ് പറഞ്ഞു.
2024–25 വർഷങ്ങളിൽ മാറനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണ പരമ്പരയ്ക്കു പിന്നിലും നിഷാന്തായിരുന്നത്രേ. വലിയറത്തല ഗോവിന്ദമംഗലം പ്ലാവറത്തലയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പിടിയിലായത്. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് മറ്റു മോഷണങ്ങളും സമ്മതിച്ചതെന്നു നരുവാമൂട് എസ്എച്ച്ഒ കിരൺ ശശിധരൻ, മലയിൻകീഴ് സിഐ ഉമേഷ് എന്നിവർ പറഞ്ഞു.
ലോട്ടറി വാങ്ങിയത് ലക്ഷങ്ങൾക്ക്
100 പവനിലധികം സ്വർണവും ലക്ഷക്കണക്കിനു രൂപയും മോഷ്ടിച്ച നിഷാന്ത് കാറുകളും ബൈക്കുകളും ലോട്ടറിയും വാങ്ങാനാണ് ഉപയോഗിച്ചിരുന്നതെന്നു പൊലീസ് കണ്ടെത്തി. ലക്ഷക്കണക്കിന് രൂപയ്ക്ക് നിഷാന്ത് ലോട്ടറി വാങ്ങിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ആഡംബര ബൈക്കുകളിൽ കറങ്ങിനടന്നു വീടുകൾ കണ്ടെത്തി പിൻവാതിൽ കമ്പിപ്പാര കൊണ്ടു പൊളിച്ചാണ് നിഷാന്ത് മോഷണം നടത്തിയിരുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മോഷണം നടത്തിയിരുന്നതായും മൊഴി നൽകി. സമീപവീട്ടിൽ പോലും മോഷണം നടത്തിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.






