ലഖ്‌നോ: സഹായം തേടിയെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ വിരമിച്ച സിഐയ്ക്കും ഇന്‍സ്‌പെക്ടര്‍ക്കും 20 വര്‍ഷം കഠിന തടവ്. പതിനൊന്ന് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഇന്ന് 45 വയസ്സുള്ള അതിജീവിതയ്ക്ക് നീതി ലഭിക്കുന്നത്. റിട്ട. സിഐ ബ്രിജ്‌മോഹന്‍ യാദവ്, വേദ്പാല്‍ സിങ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ഉത്തര്‍ പ്രദേശിലെ സഹാറന്‍പുരിലാണ് സംഭവം.
2015ലാണ് കേസിന് ആസ്പദമായ സംഭവം. വ്യാജ കേസില്‍ യുവതിയുടെ ഭര്‍ത്താവിനെ രാത്രി പോലിസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു. ഭര്‍ത്താവിനെ വിട്ടുകിട്ടാനായി സഹായം തേടി രണ്ടു ദിവസത്തിനുശേഷം, 10 വയസ്സുള്ള മകനെയും കൂട്ടി പൊലീസ് സ്റ്റേഷനില്‍ ചെന്നതായിരുന്നു യുവതി. സഹായിക്കാമെന്ന് പോലിസ് മറുപടി നല്‍കുകയും ചെയ്തു. തുടര്‍ന്ന് വൈകിട്ട് ഒരു പോലിസുദ്യോഗസ്ഥന്‍ വീട്ടിലെത്തുകയും സ്റ്റേഷന്‍ ഹൗസ് ഓഫിസറിനെ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തതനുസരിച്ച് യുവതിയും ഭര്‍തൃസഹോദരിയും ഭര്‍തൃമാതാവും വീണ്ടും സ്റ്റേഷനിലെത്തി. ഭര്‍തൃമാതാവിനോടും ഭര്‍തൃ സഹോദരിയോടും പുറത്തിരിക്കാന്‍ ആവശ്യപ്പെട്ട ശേഷം യുവതിയെ പൊലീസ് സ്റ്റേഷന് ഉള്ളിലെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ബ്രിജ്പാല്‍ യാദവും വേദ്പാലും മറ്റൊരു ഉദ്യോഗസ്ഥനും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ടെത്തിയ ഭര്‍തൃസഹോദരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരം പുറത്തുപറഞ്ഞാല്‍ ഭര്‍ത്താവിനെ വര്‍ഷങ്ങളോളും ജയിലില്‍ ഇടുമെന്നും ഭീഷണിപ്പെടുത്തിയതായി അതിജീവിത പറഞ്ഞു.
പീഡിപ്പിക്കപ്പെട്ടതില്‍ പരാതിയുമായി പോലീസിനെ അതിജീവിത സമീപിച്ചെങ്കിലും പരാതി സ്വീകരിച്ചില്ല. തുടര്‍ന്ന് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ യുവതി സമീപിച്ചെങ്കിലും അതും നിരസിക്കപ്പെട്ടു. ഇതോടെ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് കേസെടുക്കാന്‍ സഹാറന്‍പുര്‍ പോലിസിന് നിര്‍ദേശം ലഭിക്കുന്നത്. നീതി ലഭിച്ചതില്‍ സംതൃപ്തിയുണ്ടെന്ന് അതിജീവിത പ്രതികരിച്ചു.






