നടി സുരേഖ വാണിയുടെ സ്വകാര്യ ദൃശ്യങ്ങളുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പുറത്തായി. യുവാവുമൊത്തുള്ള നടിയുടെ സ്വകാര്യ പ്രണയ ദൃശ്യങ്ങൾ സ്വന്തം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പുറത്തായത്. എന്നാൽ ഉടൻ തന്നെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നിന്നും ഈ വിഡിയോ നീക്കം ചെയ്യുകയും ചെയ്തു.
പക്ഷേ വിഡിയോ നിമിഷങ്ങൾക്കകം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. നടിയുടെ കാമുകനാണ് വിഡിയോയിൽ കാണുന്നതെന്നും അബദ്ധത്തിൽ സുരേഖ തന്നെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതാണെന്നും ആളുകൾ പറയുന്നു. നടിയും യുവാവും തമ്മിലുള്ള പ്രായവ്യത്യാസം ചൂണ്ടിക്കാട്ടിയായിരുന്നു സാമൂഹികമാധ്യമങ്ങളിലെ പ്രചാരണം ഏറെയും. 49കാരിയായ നടിക്ക് ഈ പ്രായത്തിലും എന്തിനു പ്രണയം, വിവാഹം കഴിക്കാൻ പ്രായമായ മകളുള്ളപ്പോൾ എന്തിന് ഈ അനാവശ്യ ബന്ധം എന്നൊക്കെയുള്ള വിമർശന കമന്റുകളും നടിക്കെതിരെ ഉയരുന്നുണ്ട്. എന്നാൽ ഫോൺ ആരോ ഹാക്ക് ചെയ്ത് വിഡിയോ മനഃപൂർവം പോസ്റ്റ് ചെയ്തതാണെന്നാണ് നടിയുടെ വിശദീകരണം.
‘‘എന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. അതിലുണ്ടായിരുന്ന എന്റെ തികച്ചും സ്വകാര്യമായ വിവരങ്ങളും ദൃശ്യങ്ങളും എന്റെ യാതൊരുവിധ സമ്മതവുമില്ലാതെ ചിലർ പ്രചരിപ്പിച്ചു വരികയാണ്.
മീം പേജുകൾ, മാധ്യമങ്ങൾ, യൂട്യൂബ് ചാനലുകൾ, വ്യക്തികൾ എന്നിവരുൾപ്പെടെ എല്ലാവരോടുമായി ഞാൻ കർശനമായി ആവശ്യപ്പെടുന്നു — ഈ കണ്ടന്റുകൾ ഷെയർ ചെയ്യുന്നതും, റീപോസ്റ്റ് ചെയ്യുന്നതും, അപ്‌ലോഡ് ചെയ്യുന്നതും, മറ്റേതെങ്കിലും തരത്തിൽ പ്രചരിപ്പിക്കുന്നതും ദയവായി ഉടനടി നിർത്തുക.
എന്റെ വ്യക്തിപരമായ കാര്യങ്ങൾ പങ്കുവയ്ക്കുകയോ, പ്രസിദ്ധീകരിക്കുകയോ, ഏതെങ്കിലും തരത്തിൽ പ്രചരിപ്പിക്കുകയോ ചെയ്യുന്ന അക്കൗണ്ടുകളെയും വ്യക്തികളെയും കൃത്യമായി കണ്ടെത്തി തെളിവ് സഹിതം രേഖപ്പെടുത്തുമെന്നും, അവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അറിയിക്കുന്നു. വ്യൂസിനും റീച്ചിനും പബ്ലിസിറ്റിക്കും വേണ്ടി ദയവായി ഈയൊരു സാഹചര്യം മുതലെടുക്കാൻ ശ്രമിക്കരുത്.
എന്റെ സ്വകാര്യതയെ ദയവായി മാനിക്കുക. ഇതൊരു അതീവ ഗുരുതരമായ വിഷയമാണ്; ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാൻ എനിക്ക് യാതൊരു മടിയുമുണ്ടാകില്ല.’’–സുരേഖ വാണി പറഞ്ഞു.
ടെലിവിഷൻ ന്യൂസ് അവതാരകയായാണ് സുരേഖ തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് തെലുങ്ക് ടെലിവിഷൻ പരിപാടികളിൽ പ്രധാന അവതാരകയായി. താൻ ജോലി ചെയ്തിരുന്ന അതേ ടിവി ചാനലിലെ സംവിധായകനും തിരക്കഥാകൃത്തുമായ സുരേഷ് തേജയുമായി താരം പ്രണയത്തിലാവുകയും തുടർന്ന് ഇരുവരും വിവാഹിതരാവുകയും ചെയ്തു. വളരെ ചെറിയ പ്രായത്തിൽ തന്നെയായിരുന്നു നടിയുടെ വിവാഹം. സുപ്രീത എന്നൊരു മകൾ കൂടി ഈ ദമ്പതികൾക്കുണ്ട്. പിന്നീട് ‘മാ ടിവി’യിൽ ഭർത്താവിനൊപ്പം ‘മാ ടാക്കീസ്’, ‘ഹാർട്ട് ബീറ്റ്’ തുടങ്ങിയ നിരവധി പരിപാടികൾ അവതരിപ്പിച്ചു.
2005-ൽ പുറത്തിറങ്ങിയ ‘സീനുഗാഡു ചിരഞ്ജീവി ഫാൻ’ എന്ന തെലുങ്ക് പ്രണയ ചിത്രത്തിലൂടെയാണ് വാണി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് ഭദ്ര, ബൊമ്മരില്ലു, ദുബായ് സീനു, ഉല്ലാസംഗ ഉത്സാഹംഗ, ഗണേഷ്, യേ മായാ ചേസാവെ, ബെറ്റിംഗ് ബംഗാരാജു, നമോ വെങ്കടേശ, ബൃന്ദാവനം, സീമ തപകായ്, ദേനികൈനാ റെഡി, ചമ്മക് ചല്ലോ, ഉദയം എൻ.എച്ച് 4, പവർ, പില്ല നുവ്വു ലേനി ജീവിതം, സൺ ഓഫ് സത്യമൂർത്തി തുടങ്ങി നിരവധി ജനപ്രിയ ചിത്രങ്ങളിൽ സുരേഖ വാണി ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
സഹനടിയെന്ന നിലയിൽ തന്‍റെ അഭിനയജീവിതത്തിൽ അറുപതിലധികം ചിത്രങ്ങളിൽ വാണി വേഷമിട്ടിട്ടുണ്ട്. 2019ൽ സുരേഖ വാണിയുടെ ഭർത്താവ് സുരേഷ് തേജ മരണമടഞ്ഞിരുന്നു.
നടിയുടെ മകൾ സുപ്രീത ഇന്ന് ടെലിവിഷൻ രംഗത്തും സോഷ്യൽമീഡിയയിലും അറിയപ്പെടുന്ന താരമാണ്. ഏകദേശം ഒൻപത് ലക്ഷം ആളുകളാണ് ഇൻസ്റ്റഗ്രാമിൽ സുപ്രീതയെ പിന്തുടരുന്നത്.







