കാൺപുർ∙ ഡ്രൈവിങ് പഠിച്ചുകൊണ്ടിരുന്ന യുവതി ഓടിച്ച വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. കാൺപുരിലാണ് സംഭവം. സന്തോഷ് സിങ് ചൗഹാൻ (55) ആണ് മരിച്ചത്. അമിതവേഗത്തിലെത്തിയ എസ്‌യുവി നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് എസ്‌യുവിയിലുണ്ടായിരുന്നത്. ഇതിൽ വാഹനം ഓടിച്ച യുവതി ഡ്രൈവിങ് പഠിക്കുകയായിരുന്നെന്നാണ് വിവരം. അപകടത്തിന് പിന്നാലെ തകർന്ന എസ്‌യുവിയിൽ നിന്ന് പുറത്തിറങ്ങിയ മൂവരും മിനിറ്റുകൾക്കകം മറ്റൊരു കാറിൽ കയറി രക്ഷപ്പെട്ടു.
ശനിയാഴ്ച രാത്രി 7:30 ഓടെയാണ് സന്തോഷ് വീട്ടിൽ നിന്ന് പുറത്തേയ്ക്ക് പോയത്. ഭാര്യയ്ക്ക് സാരി വാങ്ങി തിരിച്ചുവരുമ്പോഴായിരുന്നു അപകടം. വീട്ടിൽ നിന്ന് വെറും 500 മീറ്റർ മാത്രം അകലെയാണ് ദുരന്തമുണ്ടായത്. അമിതവേഗതയിലെത്തിയ എസ്‌യുവി സന്തോഷിന്റെ സ്‌കൂട്ടറിൽ വന്നിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സമീപത്തുള്ള വീടിന്റെ മതിൽ തകർത്തുവെന്നും മറ്റൊരു വീടിന്റെ പൂന്തോട്ടത്തിലേക്ക് ഇടിച്ചുകയറിയെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എസ്‌യുവിയുടെ ഉടമയെ പൊലീസ് തിരിച്ചറിഞ്ഞു. പൻകിയിലെ പങ്കാ ബഹാദൂർ നഗർ സ്വദേശിയായ കൃഷ്ണകുമാറിന്റേതാണ് വാഹനം. കാറിലുണ്ടായിരുന്നവരെ തിരിച്ചറിയുന്നതിനായി പൊലീസ് അന്വേഷണം തുടങ്ങി.







