അഹമ്മദാബാദ്: ഇതര ജാതിയിൽപ്പെട്ട യുവാവുമായി പ്രണയത്തിലായതിനെ തുടർന്ന് 21-കാരിയായ മകളെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ മേത്ത്പുർ ഗ്രാമത്തിൽ നവംബർ ഒമ്പതിന് പുലർച്ചെയാണ് സംഭവം. വഡോദരയിൽ താമസിച്ചിരുന്ന സന്യ പട്ടേലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് കൗശൽ രാമൻലാൽ പട്ടേലിനെതിരെ ഖംഭാട്ട് ടൗൺ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ പ്രതി ശ്രമിച്ചെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
ദീപാവലി ആഘോഷങ്ങൾക്കായി വഡോദരയിൽ നിന്നും കുടുംബസമേതം മേത്ത്പുരിലെ വീട്ടിലെത്തിയതായിരുന്നു സന്യ. പ്രണയബന്ധത്തിൽ നിന്നും പിന്മാറണമെന്ന് കൗശൽ മകളോട് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും സന്യ ഇതിന് തയ്യാറായിരുന്നില്ല. നവംബർ എട്ടിന് രാത്രി കുടുംബാംഗങ്ങൾ ഉറങ്ങാൻ പോയതിന് ശേഷം പിതാവ് സന്യയ്ക്ക് ഉറക്കഗുളിക നൽകിയിരുന്നു. തുടർന്ന് പുലർച്ചെ 3.30-ഓടെ അടുക്കളയിൽ വെച്ച് ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടാവുകയും, പ്രകോപിതനായ പിതാവ് ദുപ്പട്ട ഉപയോഗിച്ച് സന്യയുടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു.
കൊലപാതകത്തിന് ശേഷം പുലർച്ചെ 5.30-ഓടെ ബന്ധുക്കളെ വിളിച്ചുവരുത്തിയ പ്രതി, മകൾ ആത്മഹത്യ ചെയ്തതാണെന്നാണ് എല്ലാവരെയും വിശ്വസിപ്പിക്കാൻ ശ്രമിച്ചത്. ഉടൻ തന്നെ സന്യയെ ഖംഭാട്ട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എന്നാൽ, പിതാവ് നൽകിയ മൊഴിയും മൃതദേഹത്തിലെ പാടുകളും തമ്മിലുള്ള പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ട ഡോക്ടർമാർ പോസ്റ്റ്മോർട്ടത്തിന് നിർദേശിക്കുകയായിരുന്നു. കഴുത്തിൽ കയർ പോലുള്ള വസ്തു മുറുകിയുണ്ടായ ശ്വാസംമുട്ടലാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതോടെ പൊലീസ് കൗശലിനെ വിശദമായി ചോദ്യം ചെയ്തു. ഇതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 103(1) വകുപ്പ് പ്രകാരം പ്രതിക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.






