ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യംചെയ്തു, യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയിൽ 16 തുന്നൽ

Spread the love

മുംബൈ ∙ സഹയാത്രികന്റെ ദുരുദ്ദേശ്യപരമായ സ്പർശനം ചോദ്യംചെയ്ത യുവതിയെ ഓടുന്ന ലോക്കൽ ട്രെയിനിൽനിന്ന് തള്ളിയിട്ടു. അപകടത്തിൽ യുവതിയുടെ ഇടതുകൈ അറ്റുപോവുകയും തലയിൽ പതിനാറോളം തുന്നലുകൾ വേണ്ടിവരികയും ചെയ്തു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

 

മുംബൈ ബോറിവലിയിൽ നിന്ന് വിരാറിലേക്ക് പോവുകയായിരുന്ന ലോക്കൽ ട്രെയിനിലാണ് യുവതി യാത്ര ചെയ്തത്. പ്രതി തന്നോട് മോശമായ രീതിയിൽ പെരുമാറുകയും ശരീരത്തിൽ അനാവശ്യമായി സ്പർശിക്കുകയും ചെയ്തതായി യുവതി പരാതിയിൽ പറയുന്നു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ട്രെയിനിലുണ്ടായിരുന്ന മറ്റു യാത്രക്കാർ പ്രശ്നത്തിൽ ഇടപെടാൻ ശ്രമിച്ചെങ്കിലും, യുവതിക്ക് നേരെ അസഭ്യവർഷം ചൊരിഞ്ഞ പ്രതി സ്വന്തം ചെരിപ്പൂരി യുവതിയെ അടിച്ചു.

 

ട്രെയിൻ നായ്ഗാവ് സ്റ്റേഷനിൽ എത്തിയപ്പോഴും തർക്കം തുടർന്നു. ഇതിനിടെ പ്രതി യുവതിയെ പുറത്തേക്ക് തള്ളിയിട്ടു. രണ്ടു കോച്ചുകൾക്കിടയിലെ വിടവിലേക്കാണ് യുവതി വീണത്. പ്ലാറ്റ്‌ഫോമിലേക്ക് തിരിച്ചുകയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ മുന്നോട്ട് നീങ്ങുകയും, യുവതിയുടെ ഇടതുകൈ ചക്രങ്ങൾക്കടിയിൽപ്പെടുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയുടെ കൈ മുട്ടിന് താഴെവച്ച് മുറിച്ചുമാറ്റേണ്ടി വന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥനും മറ്റു യാത്രക്കാരും ചേർന്നാണ് ഒടുവിൽ യുവതിയെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചുകയറ്റിയത്. അപകടത്തെത്തുടർന്നുണ്ടായ ബഹളത്തിനിടയിൽ പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും, മണിക്കൂറുകൾക്കകം പൊലീസ് ഇയാളെ പിടികൂടി.

 

‘ഞാൻ നായ്ഗാവിലേക്ക് പോവുകയായിരുന്നു. ബോറിവലിയിൽ നിന്നാണ് ട്രെയിനിൽ കയറിയത്. നായ്ഗാവ് സ്റ്റേഷൻ എത്താറായപ്പോൾ അയാൾ എന്നെ മോശമായി സ്പർശിക്കാൻ തുടങ്ങി. അപമാനിക്കാൻ ശ്രമിച്ചു. ഞാൻ ഇത് ചോദ്യം ചെയ്തു. ‘നിന്റെ വീട്ടിൽ അമ്മയും പെങ്ങളുമൊന്നുമില്ലേ?’ എന്ന് ഞാൻ ചോദിച്ചു. എന്നിട്ടും അയാൾ പിന്മാറിയില്ല. ഞാൻ അയാളെ ചീത്തവിളിച്ചു. അയാൾ എന്നെയും ചീത്ത വിളിച്ചു. ചെരിപ്പൂരി അയാളെ തുരത്താൻ നോക്കിയപ്പോൾ അയാൾ ചെരിപ്പുകൊണ്ട് എന്നെ അടിച്ചു. പിന്നാലെ ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിടുകയായിരുന്നു. എനിക്ക് നീതി വേണം. എന്റെ ജീവിതം മുഴുവൻ തകർന്നുപോയി. വീട്ടിലെ കാര്യങ്ങളെല്ലാം ഒറ്റയ്ക്ക് നോക്കിനടത്തിയിരുന്നത് ഞാനാണ്. ഇനി ഒരൊറ്റ കൈകൊണ്ട് എനിക്കെന്ത് ചെയ്യാൻ കഴിയും? തലയിൽ 16 തുന്നലുകളുണ്ട്. ഞാൻ ജീവിതത്തിലേക്ക് തിരിച്ചുവരാൻ എല്ലാവരും പ്രാർഥിക്കണം. അയാൾക്ക് തക്കതായ ശിക്ഷ നൽകണം’ – യുവതി പറഞ്ഞു.

 

പ്രതിക്കെതിരെ വധശ്രമക്കുറ്റം ചുമത്താത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തി. പ്രതിക്കെതിരെ കൂടുതൽ ശക്തമായ വകുപ്പുകൾ ഉടൻ ചുമത്തുമെന്ന് പൊലീസ് ഉറപ്പുനൽകിയതായാണ് വിവരം.

  • Related Posts

    ‘ദീപാവലി ആശംസകൾ, എല്ലാവരെയും കൊന്നൊടുക്കും’: യുവാവിനെ അയൽവാസി വെടിവച്ചുകൊല്ലുന്ന ദൃശ്യങ്ങൾ പുറത്ത്

    Spread the love

    Spread the loveന്യൂഡൽഹി ∙ പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സിംഗപ്പൂരിലെ പ്രമുഖ മൾട്ടിനാഷനൽ കമ്പനി ജീവനക്കാരനെ അയൽവാസി വെടിവച്ചുകൊല്ലുന്ന ദൃശ്യങ്ങൾ പുറത്ത്. ഹരിയാനയിലെ ഫരീദാബാദിൽ ഇക്കഴിഞ്ഞ 6 ന് രാത്രി നടന്ന അരുംകൊലയുടെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബന്ധുവിന്റെ വിവാഹത്തിൽ…

    അമ്മ മരിച്ചതറിയാതെ രാത്രി മുഴുവൻ ഉണർത്താൻ ശ്രമിച്ചു; കരഞ്ഞുതളർന്ന് ബോധംകെട്ട നിലയിൽ മൂന്നുവയസ്സുകാരൻ

    Spread the love

    Spread the loveഅമരാവതി: ആന്ധ്രാപ്രദേശിലെ കർണൂലിൽ അമ്മ മരിച്ചതറിയാതെ രാത്രി മുഴുവൻ വിളിച്ചുണർത്താൻ ശ്രമിച്ച മൂന്നുവയസ്സുകാരനെ ബോധരഹിതനായ നിലയിൽ കണ്ടെത്തി. കർണൂലിലെ വെങ്കടരമണ കോളനിയിലുള്ള അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന എ. സ്വാതി (30) എന്ന യുവതിയെയാണ് കിടപ്പുമുറിയിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ…

    Leave a Reply

    Your email address will not be published. Required fields are marked *