കൊച്ചി ∙ ഓൺലൈൻ ട്രാഫിക് പിഴ അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ വൈപ്പിൻ സ്വദേശിക്ക് നഷ്ടമായത് 3 ലക്ഷം രൂപ. സംഭവത്തിൽ മുനമ്പം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പള്ളിപ്പുറം മാണി ബസാറിന് സമീപം താമസിക്കുന്ന യുവാവിന്റെ പരാതിയിലാണ് നടപടി. ഈ വർഷം ജനുവരി 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഇരുചക്ര വാഹനത്തിന്റെ 500 രൂപ ട്രാഫിക് ഫൈൻ അടയ്ക്കാനുണ്ടെന്ന് കാണിച്ച് പരാതിക്കാരന്റെ ഫോണിലേക്ക് ഒരു സന്ദേശവും ലിങ്കും വന്നിരുന്നു. തുടർന്ന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഒടിപി നൽകി സ്വകാര്യ ബാങ്കിന്റെ ഇന്റർഫേസ് വഴി പണമടയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് തട്ടിപ്പ് നടന്നത്.
പരാതിക്കാരന്റെ എസ്‌ബി അക്കൗണ്ടിൽനിന്ന് മറ്റൊരു ക്രെഡിറ്റ് കാർഡ് അക്കൗണ്ടിലേക്ക് 3 ലക്ഷം രൂപ ഓൺലൈനായി മാറ്റപ്പെടുകയായിരുന്നു. പണം നഷ്ടമായ വിവരം വ്യക്തമായതോടെ യുവാവ് നാഷനൽ സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകി. ഈ പരാതിയിൽ ഇത്ര കാലമായിട്ടും പരിഹാരമുണ്ടാകാതെ വന്നതോടെ മുനമ്പം പൊലീസ് പരാതിക്കാരനെ ബന്ധപ്പെട്ട് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. അന്വേഷണം നടന്നു വരുന്നതായും പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾ അടക്കം പരിശോധിച്ചുവരികയാണെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
കൊച്ചിയിൽ വാട്സാപ്പിലൂടെയും മറ്റും വരുന്ന ലിങ്കുകൾ വഴിയുള്ള ഓൺലൈൻ പണം തട്ടിപ്പുകൾ വ്യാപകുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇത്. കെവൈസി അപ്ഡേറ്റ് ചെയ്യണമെന്ന സന്ദേശത്തിൽ ക്ലിക്ക് ചെയ്ത മരട് സ്വദേശിക്ക് 38,076 രൂപയും ട്രാഫിക് പിഴയടക്കാനുള്ള ലിങ്ക് വഴി ലോറി ഡ്രൈവർക്കും സഹോദരനും 40,000 രൂപയും നഷ്ടപ്പെട്ട രണ്ട് സംഭവങ്ങളും അടുത്തിടെയുണ്ടായി. കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസാണ് ഈ രണ്ടു കേസുകളും അന്വേഷിക്കുന്നത്.
പല വിധത്തിലാണ് ഇത്തരത്തിലുള്ള തട്ടിപ്പുകളെന്ന് പൊലീസ് വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ ജാഗ്രത പുലർത്തണമെന്നും പൊലീസ് പറയുന്നു. ചില തട്ടിപ്പുകൾ ഇങ്ങനെ:
∙ വ്യാജ വെബ്‌സൈറ്റുകളും ആപ്പുകളും – ഗതാഗത ലംഘനത്തിനും മറ്റും പിഴ അടയ്ക്കുന്ന വെബ്‌സൈറ്റുകളോട് സാദൃശ്യമുള്ള വ്യാജ ലിങ്കുകളാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. ഇത് യഥാർഥ സൈറ്റാണെന്ന് തെറ്റിദ്ധരിച്ച് ആളുകൾ അതിൽ കയറുന്നു.
∙ ഒടിപി ചോർത്തൽ – തട്ടിപ്പുകാർ നൽകുന്ന പേജ് വഴി പണമടയ്ക്കാൻ ശ്രമിക്കുമ്പോൾ ബാങ്കിൽനിന്ന് വരുന്ന ഒടിപി നൽകുന്നതോടെ വിവരങ്ങൾ തട്ടിപ്പുകാരുടെ കൈകളിൽ എത്തുന്നു.
∙ റിമോട്ട് ആക്‌സസ് ആപ്പുകൾ – ചില സന്ദർഭങ്ങളിൽ ഫോണിലോ കംപ്യുട്ടറിലോ ഏതെങ്കിലും ആപ്പുകൾ ഡൗൺലോഡ് ചെയ്യിപ്പിച്ച്, തട്ടിപ്പുകാർക്ക് ഉപയോക്താവിന്റെ ഫോൺ നിയന്ത്രിക്കാൻ സാധിക്കുന്ന സാഹചര്യം ഉണ്ടാക്കാറുണ്ട്. ഇതിലൂടെ ബാങ്ക് അക്കൗണ്ടുകൾ നേരിട്ട് നിയന്ത്രിക്കാൻ അവർക്ക് സാധിക്കുന്നു.
∙ യുപിഐ/ക്രെഡിറ്റ് കാർഡ് വഴി തട്ടിപ്പ് – ഒടിപി ലഭിച്ചതിനു ശേഷം, ബാങ്ക് അക്കൗണ്ടിൽ നിന്നോ ക്രെഡിറ്റ് കാർഡ് വഴിയോ വലിയ തുകകൾ മറ്റ് അക്കൗണ്ടുകളിലേക്കോ അല്ലെങ്കിൽ വ്യാജ ക്രെഡിറ്റ് കാർഡ് അക്കൗണ്ടുകളിലേക്കോ നിമിഷങ്ങൾക്കുള്ളിൽ മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്.
ഇത്തരം തട്ടിപ്പുകളിൽ നടന്നാൽ പരാതികൾ ഉടൻ തന്നെ 1930 എന്ന നമ്പറിലോ cybercrime.gov.in വെബ്‌സൈറ്റ് വഴിയോ റിപ്പോർട്ട് ചെയ്യേണ്ടതാണ്.





