ഫോൺ കൊടുത്ത് ചെയ്തത് വലിയൊരു ഉപകാരം, പിന്നാലെ തേടിയെത്തിയത് കൊലപാതകക്കുറ്റവും ജയിൽവാസവും; ഞെട്ടിക്കുന്ന വഴിത്തിരിവോടെ ‘മരിച്ച’ പെൺകുട്ടി തിരിച്ചെത്തിയപ്പോൾ

Spread the love

ബസ് സ്റ്റാൻഡിൽ വെച്ച് സഹായത്തിനായി ഫോൺ ചോദിച്ച ഒരു സ്ത്രീയോട് കാണിച്ച ചെറിയൊരു മര്യാദ ഒരു യുവാവിന്റെ ജീവിതം തന്നെ തകിടം മറിച്ചു. മുഖം പോലും ഓർമയില്ലാത്ത സ്ത്രീയെ കൊലപ്പെടുത്തിയെന്നാരോപിച്ച് രണ്ടര വർഷത്തോളമാണ് നിർമാണത്തൊഴിലാളിയായ രാജേഷ് ജയിൽവാസം അനുഭവിച്ചത്. എന്നാൽ കൊല്ലപ്പെട്ടുവെന്ന് പൊലീസ് വിധിയെഴുതിയ മഞ്ജു ജീവനോടെ ഗ്രാമത്തിൽ തിരിച്ചെത്തിയതോടെ കേസിൽ വൻ വഴിത്തിരിവായിരിക്കുകയാണ്. കർണാടകയിലെ മണ്ഡ്യ ജില്ലയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്.

 

2019 ജൂൺ 23-നാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. മാണ്ഡ്യ പാണ്ഡവപുര സ്വദേശിയായ നാഗരാജുവിന്റെ മകൾ മഞ്ജുവിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മഞ്ജു അവസാനമായി വിളിച്ചത് രാജേഷിന്റെ ഫോണിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തി. ഇത് മാത്രമാണ് രാജേഷിനെതിരെ ചുമത്തിയ പ്രധാന തെളിവ്. എന്നാൽ 2021-ൽ പെൺകുട്ടിയുടെ പിതാവ് വീണ്ടും പൊലീസിനെ സമീപിക്കുകയും, രാജേഷാണ് മഞ്ജുവിനെ കൊലപ്പെടുത്തി കാവേരി നദിയിൽ തള്ളിയതെന്ന് ചിലർ തന്നോട് പറഞ്ഞതായി മൊഴി നൽകുകയും ചെയ്തു.

 

ഇതിന്റെ അടിസ്ഥാനത്തിൽ രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും കൊലപാതകക്കുറ്റം ചുമത്തി ജയിലിലടക്കുകയും ചെയ്തു. തനിക്ക് ആ സ്ത്രീയെക്കുറിച്ച് യാതൊന്നും അറിയില്ലെന്ന് രാജേഷ് കരഞ്ഞുപറഞ്ഞെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ല. സ്റ്റേഷനിൽ വെച്ച് ക്രൂരമായ മർദനങ്ങളാണ് രാജേഷിന് നേരിടേണ്ടി വന്നത്. കസ്റ്റഡിയിലെടുത്ത് ദിവസങ്ങളോളം മർദിക്കുകയും, ശരീരത്തിൽ ഇലക്ട്രിക് ഷോക്ക് നൽകുകയും ചെയ്തുവെന്നും, ഒടുവിൽ ഭയം കാരണമാണ് കൊലപാതകം ഏറ്റുപറഞ്ഞതെന്നും രാജേഷ് കണ്ണീരോടെ വ്യക്തമാക്കി. തുടർന്ന് രണ്ടര വർഷത്തോളം ജയിൽവാസം അനുഭവിച്ച ശേഷമാണ് രാജേഷിന് ജാമ്യം ലഭിച്ചത്.

 

എന്നാൽ ഈ വർഷം നവംബറോടെ കേസിന്റെ യഥാർത്ഥ ചിത്രം പുറത്തുവന്നു. പിതാവിനെ കാണാൻ മഞ്ജു വീണ്ടും എത്തിയതോടെയാണ് വർഷങ്ങളായി ഒളിവിലായിരുന്ന യുവതി ജീവനോടെയുണ്ടെന്ന വിവരം പുറത്തറിയുന്നത്. വിവരമറിഞ്ഞെത്തിയ രാജേഷിന്റെ അഭിഭാഷകൻ നാട്ടുകാരുടെ സഹായത്തോടെ യുവതിയുടെ താമസം കണ്ടെത്തുകയും പൊലീസിന് കൈമാറുകയുമായിരുന്നു.

 

തനിക്ക് രാജേഷ് ആരാണെന്നുപോലും അറിയുകില്ലെന്നാണ് മാധ്യമങ്ങൾക്ക് മുന്നിൽ മഞ്ജു വ്യക്തമാക്കിയത്. വീട്ടുകാരുടെ ഇഷ്ടത്തിന് വിരുദ്ധമായി മറ്റൊരാളെയുമായി പ്രണയത്തിലായിരുന്ന താൻ സ്വന്തം ഇഷ്ടപ്രകാരം ഒളിച്ചോടുകയായിരുന്നുവെന്നും, യാത്രക്കിടയിൽ ബന്ധുവിനെ വിളിക്കാനാണ് വഴിയാത്രക്കാരനായ രാജേഷിന്റെ ഫോൺ വാങ്ങിയതെന്നും മഞ്ജു മൊഴി നൽകി. തുടർന്ന് കോയമ്പത്തൂരിലും മറ്റുമായി ജീവിക്കുകയായിരുന്നുവെന്നും അച്ഛൻ കൊലപാതക കേസ് രജിസ്റ്റർ ചെയ്ത വിവരം തനിക്ക് അറിഞ്ഞിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

 

സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളും കസ്റ്റഡിയിലെ ക്രൂരപീഡനങ്ങളും പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. കേസ് അന്വേഷിച്ച അന്നത്തെ പാണ്ഡവപുര പൊലീസ് ഇൻസ്പെക്ടർ പ്രഭാകർ സർവീസിൽ നിന്ന് വിരമിച്ചിട്ടുണ്ട്. നിരപരാധിയായ ഒരു മനുഷ്യന്റെ ജീവിതം തകർത്ത സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നുമാണ് പ്രതിഭാഗം അഭിഭാഷകനും കുടുംബവും ആവശ്യപ്പെടുന്നത്. നിലവിൽ മഞ്ജുവിനെ മഹിളാ സന്ത്വന കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മാണ്ഡ്യ എസ്.പി. ശോഭറാണി വി.ജെ. അറിയിച്ചു.

  • Related Posts

    500 രൂപ ട്രാഫിക് ഫൈൻ അടയ്ക്കാൻ സന്ദേശം; ലിങ്ക് തുറന്നപ്പോൾ യുവാവിന് നഷ്ടമായത് 3 ലക്ഷം

    Spread the love

    Spread the loveകൊച്ചി ∙ ഓൺലൈൻ ട്രാഫിക് പിഴ അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ വൈപ്പിൻ സ്വദേശിക്ക് നഷ്ടമായത് 3 ലക്ഷം രൂപ. സംഭവത്തിൽ മുനമ്പം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പള്ളിപ്പുറം മാണി ബസാറിന് സമീപം താമസിക്കുന്ന യുവാവിന്റെ പരാതിയിലാണ് നടപടി. ഈ…

    ട്രെൻഡിങ്ങായി സർക്കാരിന്റെ നീല കലണ്ടർ, റെക്കോർഡ് വിൽപ്പന; 10 ലക്ഷം പുതുതായി അച്ചടിക്കും

    Spread the love

    Spread the loveതിരുവനന്തപുരം: ∙ സംസ്ഥാന സര്‍ക്കാരിന്റെ 2027ലെ, നിറം മാറിയ നീല കലണ്ടറിന് റെക്കോർഡ് വിൽപ്പന. ഒക്ടോബര്‍ 23ന് വില്‍പ്പന ആരംഭിച്ച് നവംബര്‍ 12വരെ ആകെ 1,72,836 കലണ്ടറുകള്‍ വിറ്റഴിക്കപ്പെട്ടുവെന്നാണ് കണക്ക്. ഇതില്‍ 1,57,226 എണ്ണം നേരിട്ട് വിറ്റതാണ്. 15,610…

    Leave a Reply

    Your email address will not be published. Required fields are marked *