ജയ്പുർ∙ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ വിവാഹം കഴിക്കാനായി കാനഡയിൽനിന്ന് ഇന്ത്യയിലെത്തിയ വനിതയ്ക്ക് നിരാശ. കനേഡിയൻ വനിതയുടെ യഥാർഥപ്രായം തിരിച്ചറിഞ്ഞതോടെ യുവാവ് വിവാഹത്തിൽനിന്ന് പിന്മാറി. രാജസ്ഥാനിലെ കോട്പുത്‌ലി-ബെഹ്‌റോർ ജില്ലയിലുള്ള നീംറാണയിലാണ് സംഭവം. വിവാഹത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കനേഡിയൻ വനിത എംബസിയെ സമീപിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ നിതിനും കനേഡിയൻ വനിതയും തമ്മിൽ ഒരു വർഷം മുൻപാണ് ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെടുന്നത്. ഇവരുടെ സൗഹൃദം പിന്നീട് പ്രണയമായി മാറി. പിന്നാലെ വിവാഹം കഴിക്കാനും തീരുമാനിച്ചു. ഇതോടെ കനേഡിയൻ വനിത നവംബർ 11ന് ഇന്ത്യയിലെത്തി.
ഡൽഹി വിമാനത്താവളത്തിലെത്തിയ നിതിൻ നേരിട്ടെത്തി അവരെ സ്വീകരിക്കുകയും നീംറാണയിലുള്ള തന്റെ അമ്മാവന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. രണ്ടു ദിവസം ഇരുവരും ഒരുമിച്ചു താമസിച്ചു. ഇതിനിടെ വിവാഹകാര്യങ്ങൾ സംസാരിക്കുമ്പോഴാണ് യുവതിക്ക് 61 വയസ് പ്രായമുണ്ടെന്ന് യുവാവ് അറിഞ്ഞത്. ഇതോടെ നിതിൻ വിവാഹത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചു. ഇതോടെ ഇരുവരും തമ്മിൽ വാക്കുതര്‍ക്കമുണ്ടായി എന്നാണ് പൊലീസ് പറയുന്നത്. പിന്നാലെ നവംബർ 13-ന് യുവതി കനേഡിയൻ എംബസിയെ സമീപിച്ചു.
എംബസിയിൽ നിന്ന് വിവരം ലഭിച്ചയുടൻ നീംറാണ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും സ്റ്റേഷനിലേക്കെത്തിച്ചു. നിതിനെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. കനേഡിയൻ വനിതയെ കോട്പുത്‌ലിയിലെ ഒരു സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. നിതിൻ ഒരു സ്വകാര്യ സ്കൂളിലെ അധ്യാപകനാണെന്ന് പൊലീസ് വ്യക്തമാക്കി.






