കൊൽക്കത്ത: പശ്ചിമബംഗാളിൽ വീണ്ടും ഏറ്റുമുട്ടൽ കൊല. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രത്തൻ ഷെയ്ഖ് എന്നയാളാണ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ബിർഭും ജില്ലയിലെ ബോൽപുരിലെ ശാന്തിനികേതനിലായിരുന്നു സംഭവം. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയ ശേഷം അഞ്ചുമാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ഏറ്റുമുട്ടൽ കൊലപാതകമാണ് ഇത്.
കോൺസ്റ്റബിളിനെ വെടിവെച്ച് പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട രത്തൻ ഷെയ്ഖിനെ പിടികൂടാൻ ശ്രമിക്കുമ്പോഴാണ് ഇയാൾ വെടിയേറ്റ് കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ വിശദീകരണം. വെള്ളിയാഴ്ച വൈകീട്ടാണ് ബിശ്വജിത്ത് ദാസ് എന്ന കോൺസ്റ്റബളിനു നേരെ രത്തൻ ഷെയ്ഖ് വെടിയുതിർത്തത്. വെടിയേറ്റ പോലീസുകാരന് ഗുരുതരമായി പരിക്കേറ്റു. വിവിധ കേസുകളുമായി ബന്ധപ്പെട്ട് നേരത്തെ ജയിലിലായിരുന്ന രത്തൻ ഷെയ്ഖിന് അടുത്തിടെയാണ് ജാമ്യം ലഭിച്ചത്. പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ പോലീസുകാരനുനേരെ വെടിയുതിർത്തത്.
നവംബർ ഒൻപതിനും പശ്ചിമബംഗാളിൽ പോലീസ് ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്ന ഇയാൾ ഉത്തർ ദിനാജ്പുർ ജില്ലയിൽ പശ്ചിമബംഗാൾ-ബിഹാർ അതിർത്തിക്ക് സമീപമാണ് വെടിയേറ്റ് മരിച്ചത്. നവംബർ മൂന്നിനാണ് പെൺകുട്ടിയെ കാണാതായത്. സൈക്കിളിൽ വീട്ടിൽനിന്ന് പുറത്തുപോയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. രണ്ടുദിവസത്തിനുശേഷം കുലിക് നദിക്കരയിലെ വനപ്രദേശത്തുനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകി. ദിലീപ് റോയ് എന്നയാളായിരുന്നു കേസിലെ പ്രതി. നാലുദിവസം നീണ്ട തിരച്ചിലിനൊടുവിൽ പോലീസ് ഇയാളെ കണ്ടെത്തി. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് പ്രതി വെടിയേറ്റ് മരിച്ചത്.
ജൂലായ് എട്ടിനും സമാനമായ സംഭവം ഉണ്ടായിരുന്നു. 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പ്രഭാസ് മൊണ്ടാലാണ് സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബരുയ്പൂരിൽ പോലീസിന്റെ വെടിയേറ്റ് മരിച്ചത്. പോലീസ് ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ഇയാൾ ശ്രമിച്ചെന്നും ഇതിനെത്തുടർന്ന് നടത്തിയ തിരിച്ചടിയിലാണ് കൊല്ലപ്പെട്ടതെന്നുമാണ് വിശദീകരണം.
ഒക്ടോബർ 27-ന് നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഗൈഘട്ടയിലും ഏറ്റുമുട്ടലുണ്ടായി. 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ 23-കാരൻ പ്രഹ്ലാദ് ദാസാണ് അന്ന് കൊല്ലപ്പെട്ടത്. അർധരാത്രിക്കുശേഷം കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ പോലീസുകാരന്റെ സർവീസ് റിവോൾവർ തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് പോലീസ് സംഘത്തിനുനേരെ വെടിയുതിർത്തു. പോലീസ് തിരിച്ച് നടത്തിയ വെടിവെപ്പിൽ ദാസ് കൊല്ലപ്പെട്ടെന്നാണ് വിശദീകരണം.
അതേദിവസം തന്നെ മുർഷിദാബാദ് ജില്ലയിലെ സംഷേർഗഞ്ചിലും മറ്റൊരു ഏറ്റുമുട്ടലുണ്ടായി. ബിജെപി പ്രവർത്തകൻ സുജിത് മൊണ്ടാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ 46-കാരൻ സാമിയുൽ ഷെയ്ഖാണ് ഇവിടെ കൊല്ലപ്പെട്ടത്. പോലീസുകാരന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് ഇയാൾക്ക് വെടിയേറ്റതെന്ന് പോലീസ് അറിയിച്ചു.
നവംബർ ഒമ്പതിന് ഉത്തർ ദിനാജ്പുരിലെ ഏറ്റുമുട്ടലിനുശേഷം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദം ഉയർന്നിരുന്നു. ഇതിനു പിന്നാലെ പോലീസിനെ ശക്തമായി ന്യായീകരിച്ച്, ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി രംഗത്തെത്തി. പോലീസിനെ കൊല്ലാൻ ശ്രമിച്ചാൽ മധുരം നൽകുമെന്നാണോ പ്രതീക്ഷിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
‘ആരെങ്കിലും പോലീസിനെ കൊല്ലാൻ ശ്രമിച്ചാൽ പോലീസ് രസഗുള എറിയണമെന്നാണോ? തോക്കുകൾ പോക്കറ്റിൽ സൂക്ഷിച്ച് വെക്കുകയാണോ പോലീസിന്റെ ജോലി? നിയമപ്രകാരമാണ് പോലീസ് നടപടിയെടുത്തത്. പോലീസിനുനേരെ ആക്രമണമുണ്ടായി. അവർ ചെയ്യേണ്ടത് ചെയ്തു’, ഇതായിരുന്നു സുവേന്ദു അധികാരിയുടെ പ്രതികരണം.






