വാഷിങ്ടൻ ∙ ഒരേ കാർട്ടൂൺ കഥാപാത്രത്തിന്റെ ഏറ്റവും കൂടുതൽ ടാറ്റുകൾ ശരീരത്തിൽ പതിപ്പിച്ചതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അമേരിക്കൻ യുവതി. നോർത്ത് കരോലിനയിലെ ഫയെറ്റ്‌വില്ലെയിൽ താമസിക്കുന്ന ആൻഡ്രിയ ഷ്മിഡ് ടിമ്മൻസ് ആണ് 83 മിക്കി മൗസ് ടാറ്റുകളുമായി അപൂർവ നേട്ടം കൈവരിച്ചത്. ഡിസ്നി കഥാപാത്രമായ മിക്കി മൗസിനോടുള്ള ആജീവനാന്ത പ്രണയമാണ് ആൻഡ്രിയയെ ലോകറെക്കോർഡിലേക്ക് എത്തിച്ചത്.
1967ൽ ജർമനിയിലെ ഉൽമിലാണ് ആൻഡ്രിയ ജനിച്ചത്. ആറാം വയസ്സിൽ, 1973ൽ അമ്മയോടൊപ്പം അമേരിക്കയിലേക്ക് താമസം മാറിയതോടെയാണ് ടെലിവിഷനിലൂടെ മിക്കി മൗസിനെ കണ്ടുതുടങ്ങിയത്. മിക്കിയുടെ സന്തോഷകരമായ പ്രകൃതവും ദയയും കനിവും ആൻഡ്രിയയെ ആകർഷിച്ചു. സിനിമകളിലും ടെലിവിഷൻ പരിപാടികളിലും ഡിസ്നിലാൻഡിലുമെല്ലാം നിറഞ്ഞുനിൽക്കുന്ന മിക്കി മൗസ് അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു.
വർഷങ്ങൾ പിന്നിട്ടതോടെ ആൻഡ്രിയയുടെ വീട് മിക്കി മൗസ് പാവകളും പോസ്റ്ററുകളും മറ്റ് ശേഖരങ്ങളും കൊണ്ട് നിറഞ്ഞു. വീടിനുള്ളിലെ ശേഖരത്തിനു പുറമെ ശരീരത്തിലും മിക്കി മൗസിന്റെ ചിത്രങ്ങൾ ടാറ്റു ചെയ്യാൻ അവർ തീരുമാനിച്ചു. പുറംഭാഗത്തും ഇടതുകൈയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലുമായി 83 മിക്കി മൗസ് ടാറ്റുകളാണ് ഇപ്പോഴുള്ളത്.
ഇനിയും കൂടുതൽ ടാറ്റുകൾ ചെയ്യാനാണ് ആൻഡ്രിയയുടെ തീരുമാനം. ജീവിതത്തിൽ പ്രതിസന്ധികൾ നേരിട്ട ഘട്ടങ്ങളിലെല്ലാം മിക്കി മൗസ് തനിക്ക് വലിയ സന്തോഷവും പോസിറ്റീവ് എനർജിയും നൽകിയെന്ന് ആൻഡ്രിയ പറയുന്നു. എത്ര വലിയ വിഷമഘട്ടങ്ങളിലും മിക്കി മൗസിനെ കാണുന്നത് തന്റെ മുഖത്ത് പുഞ്ചിരി വിടർത്താറുണ്ടെന്നും അവർ പറഞ്ഞു.






